സെനറ്റര്‍ അന്‍വാറുല്‍ ഹക് കാക്കര്‍ പാകിസ്താനിലെ കാവല്‍ പ്രധാനമന്ത്രി. ഈ വര്‍ഷം പൊതു തെരഞ്ഞെടുപ്പ് നടക്കുന്നത് വരെയാവും അദ്ദേഹം പാകിസ്താനെ നയിക്കുക. നിലവിലെ പ്രധാനമന്ത്രി ശഹബാസ് ശെരീഫും പ്രതിപക്ഷ നേതാവ് രാജ റിയാസും തമ്മില്‍ രണ്ട് വട്ടം നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് കാവല്‍ പ്രധാനമന്ത്രിയെ തീരുമാനിച്ചത്.
ബലൂചിസ്താന്‍ അവാമി പാര്‍ട്ടിയുടെ നേതാവാണ് കാക്കര്‍. 2018ലാണ് അദ്ദേഹം സെനറ്ററായി തെരഞ്ഞെടുക്കപ്പെട്ടത്. 2024 വരെയാണ് അദ്ദേഹത്തിന്റെ കാലാവധി.പ്രസിഡന്റ് ആരിഫ് അലവി കാക്കറിന്റെ നിയമനം അംഗീകരിച്ചു. വൈകാതെ ഇതുസംബന്ധിച്ച് ഉത്തരവിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.ആഗസ്റ്റ് ഒമ്പതിനാണ് പ്രധാനമന്ത്രി ശരീഫ് പാര്‍ലമെന്റ് പിരിച്ചുവിടാന്‍ രാഷ്ട്രപതിയോട് ശിപാര്‍ശ ചെയ്തത്.
പാക് സര്‍ക്കാറിന്റെ കാലാവധി തീരാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് പാര്‍ലമെന്റ് പിരിച്ചുവിടാന്‍ പ്രധാനമന്ത്രി ശിപാര്‍ശ ചെയ്തത്. പാകിസ്താനില്‍ ഒരു സര്‍ക്കാറിന്റെ കാലാവധി പൂര്‍ത്തിയായാല്‍ രണ്ട് മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം. എന്നാല്‍, പ്രധാനമന്ത്രിയുടെ ശിപാര്‍ശ പ്രകാരം പാര്‍ലമെന്റ് പിരിച്ചുവിട്ടാല്‍ 90 ദിവസത്തിനകം തെരഞ്ഞെടുപ്പ് നടത്തിയാല്‍ മതിയാകും. വോട്ടെടുപ്പിനൊരുങ്ങാന്‍ കൂടുതല്‍ സമയം ലഭിക്കുന്നതിന് വേണ്ടിയാണ് പാക് പ്രധാനമന്ത്രി പാര്‍ലമെന്റ് പിരിച്ചുവിടാന്‍ ശിപാര്‍ശ ചെയ്തതെന്നാണ് വിവരം.
Comments are closed for this post.