2023 December 09 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പ്രവാചകവിരുദ്ധ പ്രസ്താവന: ആഗോള പ്രതിഷേധത്തില്‍ ഇന്ത്യ പ്രതിരോധത്തില്‍; പ്രശ്‌ന പരിഹാരത്തിന്‌ തിരക്കിട്ട നീക്കം

ന്യുഡല്‍ഹി: പ്രവാചകവിരുദ്ധ പ്രസ്താവന ആഗോള തലത്തിലുണ്ടാക്കിയ തിരിച്ചടിയില്‍ പ്രതിരോധത്തിലായി ഇന്ത്യ. അറബ് രാജ്യങ്ങളുമായി നല്ല ബന്ധം അവകാശപ്പെടുന്ന മോദി സര്‍ക്കാരിന് സംഭവങ്ങള്‍ വലിയ തിരിച്ചടിയായിരിക്കുകയാണ്. അറബ് രാജ്യങ്ങളുടെ പ്രതിഷേധങ്ങള്‍ക്കു പുറമേ പലയിടത്തുനിന്നും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ബി.ജെ.പിയുടെ നാണം കെട്ട മതാന്ധത നമ്മെ ഒറ്റപ്പെടുത്തുക മാത്രമല്ല, ആഗോള തലത്തില്‍ ഇന്ത്യയുടെ സ്ഥാനത്തിന് കളങ്കമുണ്ടാക്കിയെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രതികരിച്ചു.
മോദി സര്‍ക്കാരിന്റെ എട്ട് വര്‍ഷം ഭാരതമാതാവ് ലജ്ജിച്ച് തലതാഴ്ത്തി നില്‍ക്കുകയാണെന്ന് സുബ്രഹ്മണ്യം സ്വാമി രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. ബി.ജെപി വക്താവിന്റെ പ്രവാചക നിന്ദാ പരാമര്‍ശത്തില്‍ ലോകമെങ്ങും പ്രതിഷേധ മുയര്‍ന്നതിന് പിന്നാലെയായിരുന്നു സ്വാമിയുടെ വിമര്‍ശനം.

ബി.ജെ.പി നേതാക്കളുടെ പരാമര്‍ശങ്ങള്‍ വിവാദമായതിനു പിന്നാലെ അറബ് ലീഗും ഇറാനും പാകിസ്താനും ഖത്തറും ഒമാനും കുവൈറ്റും ഇന്ത്യയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. മാലിദ്വീപിലും പ്രതിപക്ഷം ഇന്ത്യയ്‌ക്കെതിരെ പാര്‍ലമെന്റില്‍ പ്രമേയം കൊണ്ടുവന്നു.
57 ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സി ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ തുടരുന്ന നീക്കങ്ങളുടെ തുടര്‍ച്ചയാണ് പ്രസ്താവനയെന്നാണ് കുറ്റപ്പെടുത്തിയത്. ഈ നിലപാട് തള്ളിയ വിദേശകാര്യമന്ത്രാലയം ഇന്ത്യയ്ക്ക് എല്ലാ മതങ്ങളോടും ഒരുപോലെ ബഹുമാനമാണെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.

പാകിസ്ഥാന്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളുടെ പ്രേരണയിലാണ് ഒ.ഐ.സിയുടെ ഇന്ത്യാവിരുദ്ധ നിലപാടെന്നാണ് വിദേശകാര്യമന്ത്രാലയം കരുതുന്നത്.
അതേ സമയം അറബ് മേഖലയിലെ സുഹൃദ് രാജ്യങ്ങളോട് കാര്യങ്ങള്‍ വിശദീകരിക്കാന്‍ ഇന്ത്യ നീക്കം ആരംഭിച്ചിട്ടുണ്ട്. ഇസ്ലാമിക രാഷ്ട്രങ്ങളുടെ സംഘടന ഇക്കാര്യത്തില്‍ നടത്തിയ അഭിപ്രായപ്രകടനം ചിലരുടെ പ്രേരണ കൊണ്ടാണെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണം.

   

അമേരിക്ക കഴിഞ്ഞാല്‍ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ യു.എ.ഇ പോലുള്ള രാജ്യങ്ങള്‍ ഇന്ത്യന്‍ ഉത്പന്നങ്ങളുടെ ഇറക്കുമതി നിരോധിച്ചാല്‍ അത് കനത്ത തിരിച്ചടിയാകും. ഈ സാഹചര്യത്തില്‍ സുഹൃദ് രാജ്യങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ വിദേശകാര്യന്ത്രാലയം നയതന്ത്രപ്രതിനിധികള്‍ക്ക് നിര്‍ദ്ദേശം നല്കിയിരിക്കുകയാണ്.
ജ്ഞാന്‍വാപി പോലുള്ള വിഷയങ്ങള്‍ ഇന്ത്യയില്‍ സജീവമാകുമ്പോഴാണ് അറബ്‌ലോകം ശക്തമായ നിലപാട് സ്വീകരിക്കുന്നത്.
രണ്ടു വ്യക്തികളുടെ നിലപാട് ഇന്ത്യയുടെ നിലപാടല്ല. ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. ചിലരുടെ പ്രേരണ കൊണ്ടാണ് ഒ.ഐ.സി പ്രസ്താവനയെന്നുമാണ് വിദേശകാര്യമന്ത്രാലയം പറയുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.