ലണ്ടന്‍: പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നതു കാരണമുള്ള ബുദ്ധിമുട്ട് ലോകത്ത് എല്ലായിടത്തുമുണ്ട്. ദുര്‍ഗന്ധം കാരണം വഴിനടക്കാന്‍ പോലും ആളുകള്‍ പ്രയാസപ്പെടുന്നു. ‘ഇവിടെ മൂത്രമൊഴിക്കരുത്’ എന്ന് എഴുതിവച്ചാല്‍ അതിന്റെ മുകളില്‍ പോലും മൂത്രമൊഴിക്കുന്ന വിരുതന്മാരുണ്ട്. എന്നാല്‍ ലണ്ടന്‍ നഗരത്തിലെ സോഹോയില്‍ പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നവര്‍ ഇനിയൊന്ന് പേടിക്കും. ഇവിടുത്തെ ചുവരുകളില്‍ മൂത്രമൊഴിച്ചാല്‍ അത് തിരികെ ദേഹത്തു തെറിക്കും. വാട്ടര്‍ റിപ്പല്ലന്റ് സ്‌പ്രേ പെയിന്റ് ആണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.
നഗരത്തിലെ പന്ത്രണ്ടോളം സ്ഥലങ്ങളിലുള്ള ക്ലബ്ബുകള്‍, റെസ്റ്റോറന്റുകള്‍, തിയേറ്ററുകള്‍, മറ്റ് വിനോദ വേദികള്‍, താമസസ്ഥലങ്ങള്‍ എന്നിവക്കു സമീപമുള്ള ചുവരുകളിലെല്ലാം ആന്റി പീ പെയിന്റ് അടിച്ചു. ദേഹത്ത് പെയിന്റ് തെറിക്കുമെന്ന് മാത്രമല്ല, പിഴ ശിക്ഷയുമുണ്ട്. ഈ ചുമര്‍ മൂത്രമൊഴിക്കാനുള്ള സ്ഥലമല്ല, ഈ ഭാഗത്ത് ആന്റി പീ പെയിന്റ് അടിച്ചിട്ടുണ്ട് എന്ന മുന്നറിയിപ്പ് ബോര്‍ഡും ഇവിടങ്ങളില്‍ സ്ഥാപിച്ചു.
സോഹോയില്‍ മദ്യപിക്കാനെത്തുന്നവരാണ് രാത്രികാലങ്ങളില്‍ മൂത്രമൊഴിച്ച് വൃത്തികേടാക്കുന്നത്. ഇവിടെ മദ്യം വില്‍ക്കാന്‍ ലൈസന്‍സുള്ള 400ലധികം സ്ഥലങ്ങളുണ്ട്. അവയില്‍ നാലിലൊന്നും രാത്രി വൈകിയും പ്രവര്‍ത്തിക്കുന്നു. പൊറുതിമുട്ടിയ പ്രദേശവാസികളുടെ പരാതികള്‍ കേട്ടുമടുത്താണ് അധികൃതര്‍ പുതിയ പരീക്ഷണവുമായി രംഗത്തെത്തിയത്. ഇവിടെ പൊതു ശൗചാലയങ്ങള്‍ കുറവാണ്. ഏതാനും പൊതു ശൗചാലയങ്ങള്‍ ഉണ്ടായിരുന്നത് കൊവിഡ് കാലത്ത് അടച്ചുപൂട്ടിയ ശേഷം തുറന്നിട്ടില്ല.
Comments are closed for this post.