2021 October 17 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഭൂമിയില്‍ കൊവിഡ് തൊടാത്ത ഒരേയൊരു ഭൂഖണ്ഡം; അങ്ങനെത്തന്നെ നിലനിര്‍ത്താനുള്ള പോരാട്ടത്തില്‍ ശാസ്ത്രലോകം

കൊവിഡ് എന്ന മഹാമാരി ലോകത്തെ ശ്വാസം മുട്ടിക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷമാവുന്നു. രോഗവ്യാപനം നിയന്ത്രിക്കാന്‍ ഒരോ രാജ്യങ്ങളിലേയും ഭരണകൂടങ്ങള്‍ പല മാര്‍ഗങ്ങളും അവലംബിക്കുന്നുണ്ട്. എന്നാല്‍ രോഗവ്യാപനം തുടങ്ങി അന്ന് തൊട്ട് ഇന്നുവരെ കൊവിഡിന് സ്പര്‍ശിക്കാന്‍ കഴിയാത്തൊരു പ്രദേശമുണ്ട് ഈ ഭൂമിയില്‍, അന്റാര്‍ട്ടിക്കന്‍ ഭൂഖണ്ഡം.

നോക്കെത്താ ദൂരത്തോളം മഞ്ഞുറഞ്ഞു കിടക്കുന്ന അന്റാര്‍ട്ടിക്കയില്‍ അതിന് ആളുകള്‍ താമസമുണ്ടോ എന്നായിരിക്കും നിങ്ങള്‍ ചിന്തിക്കുന്നത്. എന്നാല്‍ അവിടെയും ചിലര്‍ താല്‍ക്കാലികമായി താമസമുണ്ട്. അന്റാര്‍ട്ടിക്കയില്‍ ഗവേഷണം നടത്താനായി ഹ്രസ്വകാലത്തേക്ക് ചെന്നുപാര്‍ക്കുന്ന ശാസ്ത്രജ്ഞരും സീസണില്‍ മാത്രം വന്നുപോകുന്ന വിനോദസഞ്ചാരികളുമാണ് ഇവിടെയുള്ളത്. വേനല്‍ക്കാലത്ത് അന്റാര്‍ട്ടിക്കയില്‍ താമസമുള്ളവരുടെ പരമാവധി എണ്ണം 5000 വരെ ആണ്. മഞ്ഞുകാലത്ത് അത് 1000 വരെ താഴും.

നിലവില്‍ ഇവിടെയുള്ള ആര്‍ക്കും കൊവിഡ് ബാധിച്ചിട്ടില്ല. അത് അങ്ങനെത്തന്നെ നിലനിര്‍ത്താനാണ് ശാസ്ത്രലോകത്തിന്റെ ശ്രമം.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ അന്റാര്‍ട്ടിക്കയിലെ പഠനങ്ങളും ഗവേഷണങ്ങളുമെല്ലാം കുറേ കാലമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനത്തെയും ജൈവവൈവിധ്യ നഷ്ടത്തെയും കുറിച്ച് പഠിക്കുന്നതില്‍ സുപ്രധാനമായി കാണപ്പെടുന്ന ഒരു പ്രദേശത്തെ ഗവേഷണം നിര്‍ത്തുക എന്നത് വളരെ നഷ്ടമുണ്ടാക്കുന്ന ഒന്നാണ്. അതിനാല്‍ തന്നെ എല്ലാ സുരക്ഷാ സജ്ജീകരണങ്ങളോടുകൂടി ഒരു സംഘം ഗവേഷകരെ അന്റാര്‍ട്ടിക്കയിലേക്ക് അയക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരുന്നത്.

സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന 40 അംഗ സംഘമാണ് ഈ ആഴ്ച്ച റോയല്‍ റിസര്‍ച്ച് ഷിപ്പ് ജെയിംസ് ക്ലാര്‍ക്ക് റോസില്‍ എസെക്‌സിലെ ഹാര്‍വിച്ചില്‍ നിന്ന് സൗത്ത് അറ്റ്‌ലാന്റിക് വരെ കപ്പല്‍ കയറാന്‍ ഒരുങ്ങുന്നു. ടെക്‌നീഷ്യന്‍മാര്‍, ഡൈവേഴ്സ്, ഫീല്‍ഡ് ഗൈഡുകള്‍, മറ്റ് സേവന ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംഘത്തിലുണ്ടാവും.

‘കൊവിഡിന് അന്റാര്‍ട്ടിക്കയില്‍ സാന്നിധ്യം അറിയിക്കാതെ തടയുക എന്നതാണ് ഞങ്ങളുടെ പ്രാഥമിക ലക്ഷ്യം. സംഘത്തില്‍ കൊവിഡ് അപകടസാധ്യതകളില്ലാത്ത ആരോഗ്യമുള്ള സ്റ്റാഫുകളെ മാത്രമേ ഞങ്ങള്‍ തിരഞ്ഞെടുത്തിട്ടുള്ളൂ. 14 ദിവസത്തേക്ക് ഞങ്ങള്‍ അവരെ ക്വാറന്റൈനില്‍ നിര്‍ത്തി. കപ്പല്‍ അന്റാര്‍ട്ടിക്കയില്‍ അല്ലാതെ മറ്റൊരു തുറമുഖത്തും അടുപ്പിക്കില്ലെന്നും സര്‍വേയുടെ ധ്രുവ പ്രവര്‍ത്തന മേധാവി ജോണ്‍ ഈജര്‍ പറഞ്ഞു.

കാലാവസ്ഥാ വിവര ശേഖരണവും നിരീക്ഷണവും വന്യജീവിസമ്പത്തിനെക്കുറിച്ചുള്ള കണക്കുകളും കൃത്യമായി നിലനിര്‍ത്തുന്നതിന് നേരിട്ടുള്ള പഠനങ്ങള്‍ അനിവാര്യമായതിനാലാണ് കോവിഡ് ആശങ്കകള്‍ ഒഴിവാക്കി ഗവേഷക സംഘത്തെ അന്റാര്‍ട്ടിക്കയിലേക്ക് അയക്കുന്നതെന്ന് ബ്രിട്ടിഷ് അന്റാര്‍ട്ടിക്ക സര്‍വേയുടെ ഡയറക്ടറായ ജെയിന്‍ ഫ്രാന്‍സിസ് പറയുന്നു.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അന്റാര്‍ട്ടിക്കയില്‍ തന്നെ തുടരുന്ന ഗവേഷകരെ ഇതേ കപ്പലില്‍ മാര്‍ച്ച് മാസത്തോടെ തിരികെ ബ്രിട്ടനിലേക്കെത്തിക്കുകയും ചെയ്യും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.