2023 December 04 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഇന്ന് ഡിസംബർ 6; ബാബരി മസ്ജിദ് ഹിന്ദുത്വർ തകർത്തിട്ട് മൂന്നുപതിറ്റാണ്ട്

   

 

കോഴിക്കോട്: അയോധ്യയിൽ സ്ഥിതിചെയ്തിരുന്ന ബാബരി മസ്ജിദ് ഹിന്ദുത്വശക്തികൾ തകർത്തിട്ട് ഇന്നേക്ക് മൂന്നുപതിറ്റാണ്ട്. 1992 ഡിസംബർ ആറിനു ഞായറാഴ്ച സന്ധ്യാനേരത്ത് അയോധ്യയിൽ ഹിന്ദുത്വവർഗീയവാദികളുടെ ആക്രമണത്തിൽ തകർന്നുവീണത് 1528 മുതൽ ന്യൂനപക്ഷങ്ങൾ പ്രാർഥനനടത്തിവന്ന പള്ളി മാത്രമല്ല, ഇന്ത്യയിലെ ന്യൂനപക്ഷം അതുവരെ വോട്ടുചെയ്ത, രാജ്യത്തെ ഏറ്റവും വലിയ മതേതര രാഷ്ട്രീയപ്രസ്ഥാനമായ കോൺഗ്രസ്സിലും ഇവിടത്തെ രാഷ്ട്രസംവിധാനത്തിലും അവർക്കുള്ള വ ിശ്വാസം കൂടിയാണ് തകർന്നടിഞ്ഞത്.

പള്ളി തകർക്കുന്ന ദിവസം മുൻകൂട്ടി പ്രഖ്യാപിച്ച ഹിന്ദുത്വശക്തികൾ അയോധ്യയിൽ തമ്പടിച്ചപ്പോൾ ഇന്ത്യയുടെ സർവസംവിധാനങ്ങളും വർഗീയവാദികൾക്കു മുന്നിൽ നിശ്ചലമായി. ഇങ്ങനെ നിശ്ചലമാക്കിയതിനു രാജ്യം പിന്നീട് കനത്ത വിലയാണ് നൽകിയത്.

സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രം 1992 ഡിസംബർ ആറിനു മുമ്പും ശേഷവും എന്ന വിധത്തിൽ മാറിമറിയുകയും ചെയ്തു.
ഹിന്ദുവിനെയും മുസ്‌ലിമിനെയും മതത്തിന്റെ പേരിൽ തമ്മിലടിപ്പിച്ച് ഭരിക്കുകയെന്ന ബ്രിട്ടീഷ് കൊളോണിയൽ തന്ത്രം അനുവർത്തിച്ച സംഘ്പരിവാര രാഷ്ട്രീയത്തിന്റെ നിർണായക ചുവടുവയ്പ്പ് കൂടിയായിരുന്നു ബാബരി മസ്ജിദ് തകർച്ച. പള്ളി സംരക്ഷിക്കുമെന്ന് രാജ്യത്തിന് ഉറപ്പുകൊടുക്കുകയും അത് ചെയ്യാതിരിക്കുകയും ചെയ്ത കോൺഗ്രസ് പിന്നീട് രാജ്യത്തെ മുഖ്യപ്രതിപക്ഷകക്ഷിയാവാൻ പോലും ശേഷിയില്ലാത്തത്ര ഉണങ്ങിമെലിഞ്ഞു. ഭരണം ആകെ രണ്ട് മൂന്നു സംസ്ഥാനങ്ങളിൽ ചുരുങ്ങുകയുംചെയ്തു. പള്ളിയുടെ പേരിൽ വർഗീയത ആളിക്കത്തിച്ച ഹിന്ദുത്വഫാസിസത്തിന്റെ രാഷ്ട്രീയരൂപമായ ബി.ജെ.പി ഇപ്പോൾ കേന്ദ്രത്തിലും പള്ളിനിലനിന്ന സ്ഥലമുൾപ്പെടുന്ന ഉത്തർപ്രദേശിലും മൃഗീയഭൂരിപക്ഷത്തോടെ ഭരണത്തിലാണ്.

92നു ശേഷം ഇന്ത്യയിലുണ്ടായ വിവിധ കലാപങ്ങൾക്കും ആക്രമണങ്ങൾക്കും പ്രത്യക്ഷമായോ പരോക്ഷമായോ ബാബരി മസ്ജിദിന്റെ തകർച്ചയുമായി ഏതെങ്കിലും നിലയ്ക്കു ബന്ധമുണ്ടാവുകയും ചെയ്തു. പള്ളി തകർത്ത കേസിലെയും അതിനു ശേഷമുണ്ടായ സാമുദായിക കലാപത്തിന്റെയും ന്യൂനപക്ഷവേട്ടയുടെയും പ്രതികൾ ശിക്ഷിക്കപ്പെട്ടില്ല.

എന്നുമാത്രമല്ല, ബാബരി മസ്ജിദ് കേസിലെ പ്രധാനപ്രതികൾ പിൽക്കാലത്ത് കേന്ദ്രമന്ത്രിയും എം.പിയും ഉപപ്രധാനമന്ത്രിയുമാകുന്നത് ഉൾക്കിടിലത്തോടെയാണു മതേതരവിശ്വാസികൾ നോക്കിക്കണ്ടത്. പള്ളി തകർത്ത കേസിൽ ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ട ഉമാഭാരതി മോദിമന്ത്രിസഭയിൽ അംഗവുമായി.

തകർക്കപ്പെട്ട സ്ഥാനത്തു പള്ളിപുനർനിർമിക്കുമെന്ന കോൺഗ്രസ് വാഗ്ദാനം നിറവേറ്റപ്പെട്ടില്ലെന്ന് മാത്രമല്ല, പള്ളി നിലനിന്ന ഭൂമി ഹിന്ദുക്കൾക്ക് വിട്ടുകൊടുത്ത് സുപ്രിംകോടതി ഉത്തരവിടുകയുംചെയ്തു. പള്ളി തകർത്ത സ്ഥാനത്തു രാമക്ഷേത്രം നിർമിക്കുമെന്നു പ്രഖ്യാപിച്ചു തെരഞ്ഞെടുപ്പു നേരിട്ട പാർട്ടിയാണ് ഇന്നു കേന്ദ്രത്തിലും ഉത്തർപ്രദേശിലും അധികാരത്തിലുള്ളത്. രാമക്ഷേത്ര നിർമാണം അയോധ്യയിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയുമാണ്.

സ്വതന്ത്ര ജനാധിപത്യ, മതേതര രാഷ്ട്രമായ ഇന്ത്യയിലെ നീതിന്യായ, മതേതര സംവിധാനങ്ങളിൽ വിശ്വസിച്ച ഏറ്റവും വലിയ മതന്യൂനപക്ഷം വഞ്ചിക്കപ്പെട്ടതിന്റെ വാർഷികമാണ് ഡിസംബർ ആറ്. ആശങ്കയും ഭീതിയും അരക്ഷിതാവസ്ഥയും ന്യൂനപക്ഷമനസ്സുകളിൽ കോറിയിട്ടാണ് ഓരോ ഡിസംബർ ആറും കടന്നുപോവുന്നത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.