കണ്ണൂര്‍: പിന്നണി ഗായിക വൈക്കം വിജയലക്ഷ്മിയ്ക്ക് പാലക്കാട് കുഴല്‍മന്ദത്തെ അഞ്ജു അനുജത്തിയും കൂട്ടുകാരിയുമാണ്. ജന്മനാ അന്ധയായ ഇരുവരും തമ്മില്‍ അക്കാര്യത്തില്‍ മാത്രമല്ല സാമ്യം. വൈക്കം വിജയലക്ഷ്മി സംഗീത മത്സരങ്ങളിലൂടെ ഉയരങ്ങള്‍ കീഴടക്കുമ്പോള്‍ വിജയലക്ഷ്മിയെ റോള്‍ മോഡലാക്കി അഞ്ജുവും സംഗീതലോകത്ത് ചുവടുറപ്പിക്കുകയാണ്.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പെണ്‍കുട്ടികളുടെ ഹൈസ്‌കൂള്‍ വിഭാഗം ലളിതഗാനത്തില്‍ മത്സരിക്കാന്‍ ആദ്യമായി സ്‌റ്റേജില്‍ കയറുമ്പോഴും ഇറങ്ങിയപ്പോഴും അഞ്ജുവിനെ വൈക്കത്തെ ക്ഷേത്രനടയില്‍നിന്നു വിജയലക്ഷ്മി ഫോണില്‍ വിളിച്ചു. അഞ്ജുവിനു വേണ്ടി പ്രാര്‍ഥിക്കുന്നുണ്ടെന്നും നന്നായി പാടണമെന്നും മത്സരത്തിനു മുമ്പെ ഓര്‍മിപ്പിച്ചു.
പാലക്കാട് കുഴല്‍മന്ദം സി.എ.എച്ച്.എസില്‍ പത്താം ക്ലാസില്‍ പഠിക്കുന്ന പി.ബി അഞ്ജു ഗായിക വൈക്കം വിജയലക്ഷ്മിയുടെ കുതിപ്പു കണ്ടാണ് സംഗീതലോകത്ത് ചുവടുവച്ചത്. കെ.എസ്.ആര്‍.ടി.സി ബസ് കണ്ടക്ടറായ ബാലകൃഷ്ണന്റെയും വീട്ടമ്മയായ ലക്ഷ്മിക്കുട്ടിയുടെയും മകളാണ്. പലവിധ ചികിത്സകള്‍ നടത്തിയെങ്കിലും കാഴ്ച്ചകിട്ടില്ലെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. രണ്ടു വയസുമുതല്‍ മകള്‍ പാട്ടിനോട് താല്‍പ്പര്യം കാണിച്ചുവെങ്കിലും മകളെ കരിമ്പുഴ ഹെലന്‍ കെല്ലര്‍ അന്ധവിദ്യലയത്തിലും പിന്നീട് പാലക്കാട്ടെ സ്‌കൂളിലും ചേര്‍ത്തു പഠിപ്പിക്കുകയായിരുന്നു. ഇവിടെ പഠിക്കുമ്പോഴാണ് വൈക്കം വിജയലക്ഷ്മിയെന്ന അനുഗ്രഹീത ഗായികയുടെ വളര്‍ച്ചയുടെ കഥകള്‍ അഞ്ജുവിന് പ്രചോദനമാകുന്നത്.
രക്ഷിതാക്കളെ അറിയിച്ചപ്പോള്‍ രണ്ടു വര്‍ഷം മുമ്പ് കുഴല്‍മന്ദം നന്ദകുമാറിന്റെയടുത്ത് സംഗീതപഠനത്തിനു ചേര്‍ത്തു. രണ്ടു വര്‍ഷമായി ശുദ്ധസംഗീതത്തില്‍ പഠനം നടത്തുന്ന അഞ്ജു ഇക്കുറി പാലക്കാട് ജില്ലാ കലോത്സവത്തില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി.
സംഗീത പഠനം തുടങ്ങിയ ശേഷം പല തവണ അഞ്ജു വൈക്കം വിജയലക്ഷ്മിയെ നേരിട്ടു കണ്ടു. ഒരു തവണ പാലക്കാടു വന്ന വൈക്കം വിജയലക്ഷ്മിക്കു മുന്നില്‍ ‘ഒറ്റയ്ക്കു പാടുന്ന പൂങ്കുയിലേ ‘ പാടി കൊടുത്തപ്പോള്‍ മുതല്‍ വിജയലക്ഷ്മി അഞ്ജുവിന്റെ ആരാധികയായതെന്നതാണ് സത്യം.
ഏതു തിരക്കിലും അഞ്ജുവിന്റെ ഫോണ്‍ വന്നാല്‍ വിജയലക്ഷ്മി എടുക്കും. ഇന്നലെ മത്സരം കഴിഞ്ഞ് ബി ഗ്രേഡെന്ന ഫലം വന്നയുടന്‍ അഞ്ജു വിജയലക്ഷ്മി ചേച്ചിയെ വിളിച്ചു. പാട്ടിനിടയില്‍ മൈക്ക് നിലച്ചു പോയ കാര്യവും വീണ്ടും പാടി തുടങ്ങിയതും പറഞ്ഞു വേവലാതിപ്പെട്ടു. ഏതു പാട്ടാണ് പാടിയതെന്ന ചേച്ചിയുടെ ചോദ്യത്തിന് അനുജത്തി ‘പഴമയേറും നാലുകെട്ടിലെന്ന ‘ ഗാനം ഫോണിലൂടെ പാടികേള്‍പ്പിച്ചു. അപ്പീല്‍ നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍ സാരമില്ല.., അടുത്ത ഊഴത്തില്‍ നന്നാക്കണമെന്ന് ഉപദേശവും പാലക്കാട്ടു വരുമ്പോള്‍ നേരില്‍ കാണാമെന്ന ഉറപ്പും നല്‍കി.
Comments are closed for this post.