2023 October 01 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മനുഷ്യനെ തോല്‍പ്പിക്കുന്ന മൃഗങ്ങള്‍


ഉൾക്കാഴ്ച
മുഹമ്മദ്


ഏകാധിപതിയായ ആ രാജാവിന്റെ പുതിയ തീരുമാനം മുഴുവന്‍ മന്ത്രിമാരെയും ഞെട്ടിച്ചുകളഞ്ഞു. ഇനി ആരെങ്കിലും വല്ല അബദ്ധവും കാണിച്ചാല്‍ അതിനു രാജാവ് വിധിക്കുന്ന ശിക്ഷ ഒട്ടും നിസാരമല്ല. പത്തു നായ്ക്കളെയാണ് കൊട്ടാരത്തിലേക്ക് അദ്ദേഹം പണംകൊടുത്തു വാങ്ങിയിരിക്കുന്നത്. കണ്ടാല്‍തന്നെ ഭീതി ജനിപ്പിക്കുന്ന നായ്ക്കള്‍. ഈ പത്തിനെയും തുടര്‍ച്ചയായി മൂന്നുദിവസം പട്ടിണിക്കിടുകയാണു ചെയ്യുക. മൂന്നാംദിവസം വിശന്നുനില്‍ക്കുന്ന അവയ്ക്കിടയിലേക്ക് അബദ്ധം കാണിച്ച മന്ത്രിയെ എറിഞ്ഞുകൊടുക്കും. അതോടെ കാര്യങ്ങള്‍ക്ക് പര്യവസാനമായി. ഒരിറച്ചിപോലും ബാക്കിവയ്ക്കാതെ അയാളെ നായ്ക്കള്‍ തിന്നുതീര്‍ക്കും.
പുതിയ തീരുമാനം കേട്ടതുമുതല്‍ ഓരോ മന്ത്രിയും കരുതലോടെ തന്നെയാണ് ജീവിതം മുന്നോട്ടുകൊണ്ടുപോയത്. ചെറിയൊരബദ്ധംപോലും വന്നുപോകാതിരിക്കാന്‍ അവര്‍ പരമാവധി ശ്രമിച്ചു.


മന്ത്രിയെന്നാല്‍ മാലാഖയൊന്നുമല്ലല്ലോ… അബദ്ധം ചെയ്തുപോകുന്ന മനുഷ്യനല്ലേ. സ്വാഭാവികമായും അതുണ്ടായി.
ഒരു മന്ത്രിയുടെ ഭാഗത്തുനിന്ന് അബദ്ധരൂപേണ തെറ്റു സംഭവിച്ചു. അയാളാണെങ്കില്‍ നാലാംകിട മന്ത്രിയല്ല, പത്തുവര്‍ഷം രാജാവിനു സജീവമായി സേവനം ചെയ്തയാള്‍. പറഞ്ഞിട്ടെന്ത്..? അതൊന്നും കരുണവറ്റിയ രാജാവിനോട് പറഞ്ഞിട്ടു കാര്യമില്ലല്ലോ.
അധികം വൈകാതെ രാജാവിന്റെ ശിക്ഷാപ്രഖ്യാപനം വന്നു. മൂന്നുദിവസം കഴിഞ്ഞാല്‍ പത്തുവര്‍ഷം സേവനം ചെയ്ത മന്ത്രി ഇനി മന്ത്രിയല്ല, നായ്ക്കള്‍ക്കുള്ള അന്നമാണ്.


രാജാവ് നായ്ക്കളെ പട്ടിണിക്കിട്ടു. അതിനിടയില്‍ മന്ത്രി രാജാവിനടുത്തുവന്ന് കരഞ്ഞുപറഞ്ഞു:
‘തിരുമനസേ, വെറും പത്തു ദിവസം എനിക്കനുവദിച്ചുതരണം. എന്റെ അവസാന ആഗ്രഹമാണത്..’
അന്ത്യാഭിലാഷമാണല്ലോ. രാജാവ് എതിരുനിന്നില്ല. മന്ത്രിക്ക് പത്തുദിവസത്തെ കാലാവധി കൊടുത്തു. എന്തോ നിധികിട്ടിയ സന്തോഷത്തോടെ മന്ത്രി നേരെ പോയത് കൊട്ടാരത്തിലെ ശ്വാനപാലകന്റെ അടുക്കലേക്ക്. മന്ത്രി പറഞ്ഞു:
‘എനിക്കു വേണ്ടി നിങ്ങളൊരു സഹായം ചെയ്യണം.. അതിനു മുടക്കം പറയരുത്..’
‘എന്തു സഹായമാണു വേണ്ടത്..?’- അയാള്‍ ചോദിച്ചു.
‘പത്തു ദിവസത്തെ നിങ്ങളുടെ ജോലി ഞാനേല്‍ക്കാം. തല്‍ക്കാലം നിങ്ങളൊന്ന് മാറിനിന്നാല്‍ മതി…’


‘എന്താ നിങ്ങള്‍ക്കതുകൊണ്ട് കാര്യം?’
‘കാര്യമുണ്ട്. അതു പിന്നെ പറയാം..’
‘എനിക്കതില്‍ സന്തോഷമേയുള്ളൂ. ഇതാ നായ്ക്കളെ നിയന്ത്രിക്കാനുള്ള വടിയും വിസിലും’
പത്തുവര്‍ഷം രാജാവിന് സേവനം ചെയ്ത മന്ത്രി പത്തു ദിവസത്തേക്ക് നായ്ക്കള്‍ക്കു സേവനം ചെയ്യാന്‍ തുടങ്ങി. അവയെ നന്നായി പരിപാലിച്ചു. ഭക്ഷണത്തിന് ഭക്ഷണം. വെള്ളത്തിനു വെള്ളം… എല്ലാം മതിവരുവോളം എത്തിച്ചുകൊടുത്തു. ദിവസം അഞ്ചു കഴിഞ്ഞപ്പോഴേക്കും മന്ത്രി പത്തു നായ്ക്കളുടെയും ഇഷ്ടഭാജനമായി മാറി.
അങ്ങനെ വിധിപ്രഖ്യാപനത്തിനുശേഷം 13 ദിവസം കഴിഞ്ഞു. വിധി നടപ്പാക്കേണ്ട സമയമായി. കൊട്ടാരത്തിലെ മന്ത്രിമാരെയെല്ലാം വിളിച്ചുവരുത്തി. നായ്ക്കള്‍ വിശന്നു നടക്കുകയാണ്. മന്ത്രിയെ രാജാവ് നായ്ക്കളുടെ സെല്ലിലേക്ക് കൊണ്ടുവന്നു. സെല്ലിലേക്കു തള്ളിയിട്ട ശേഷം ഗ്രില്ല് പൂട്ടി. എല്ലാവരും നെഞ്ചിടിപ്പോടെ അതു നോക്കിനില്‍ക്കുകയാണ്. പക്ഷേ, ഒരു നായപോലും മന്ത്രിയെ നോവിച്ചില്ല. പകരം അദ്ദേഹത്തിന്റെ കാല്‍ക്കല്‍വന്ന് ഓരോന്നും തൊട്ടുരുമ്മി നിന്നു.
ആ കാഴ്ചകണ്ട് രാജാവ് അമ്പരന്നു.


അദ്ദേഹം ചോദിച്ചു: ‘ഈ നായ്ക്കളെ നീ എന്താണു ചെയ്തത്..?’
മന്ത്രി പറഞ്ഞു: ‘പത്തുദിവസം ഞാനിവയ്ക്ക് സേവനം ചെയ്തു. ആ സേവനം ഇവ മറന്നില്ല. പക്ഷേ, പത്തുവര്‍ഷം നിങ്ങള്‍ക്കു ഞാന്‍ സേവനം ചെയ്തു. എന്നിട്ടും ചെറിയൊരബദ്ധത്തിന്റെ പേരില്‍ പത്തുവര്‍ഷത്തെ മുഴുസമയസേവനവും നിങ്ങള്‍ മറന്നു…’


മനസില്‍തറക്കുന്ന ഈ വാക്കുകള്‍ കേട്ടപ്പോള്‍ ക്രൂരനായ ആ രാജാവിന് തല കുനിക്കാതിരിക്കാനായില്ല. നിറഞ്ഞുനിന്ന പുരുഷാരത്തിനു മുന്നില്‍ അദ്ദേഹം ചൂളി. തന്റെ ക്രൂരമായ ആ തീരുമാനം ഉടനടി പിന്‍വലിക്കുകയും ചെയ്തു.
ചിലപ്പോള്‍ ബുദ്ധിയും വിവേകവുമുള്ള മനുഷ്യന്‍ അവിവേകികളായ മൃഗങ്ങള്‍ക്കു മുന്നില്‍ തോറ്റുപോകാറുണ്ട്. അവിടെ മൃഗങ്ങള്‍ അവനു മികച്ച പാഠങ്ങളായി പരിണമിക്കുന്നു.


ചെറിയൊരു തടസം വരുമ്പോഴേക്കും ശ്രമങ്ങള്‍ മുഴുവന്‍ മതിയാക്കി പിന്‍വലിയുന്ന പലരുമുണ്ട്. അത്തരക്കാര്‍ക്ക് നിസാരമെന്ന് കരുതപ്പെടുന്ന ഉറുമ്പുകളില്‍ വലിയ പാഠങ്ങളാണുള്ളത്. അവയുടെ വഴി തടസപ്പെടുത്തിനോക്കൂ. അവ പിന്‍മാറില്ല. പകരം അടുത്ത വഴി നോക്കും. ആ വഴിയും അടഞ്ഞാല്‍ അടുത്ത വഴി. ഇങ്ങനെ തടസങ്ങളെത്ര വന്നാലും മുന്നോട്ടുള്ള വഴികളും പഴുതുകളുമാണ് അവ അന്വേഷിക്കുക.


ലോകത്തേറ്റവും നിസാരമായ വീട് ചിലന്തിയുടേതാണ്. ആ വീട് തകര്‍ത്താല്‍ അതു ദുഃഖിച്ചിരിക്കുകയല്ല, വീണ്ടും വീട് നിര്‍മിക്കാനാണു നോക്കുക. എത്ര പൊളിക്കപ്പെട്ടാലും ശ്രമം ഉപേക്ഷിക്കില്ല. വീടു നിര്‍മാണം തുടര്‍ന്നുകൊണ്ടേയിരിക്കും.
തങ്ങള്‍ക്കു തിന്നാല്‍ പറ്റുന്നവ മാത്രമേ മൃഗങ്ങള്‍ തിന്നാറുള്ളൂ. പറ്റുന്നതാണോ അല്ലെയോ എന്ന കാര്യം അവര്‍ തീറ്റയ്ക്കു മുമ്പ് പരിശോധിച്ചുറപ്പുവരുത്തും. എന്നാല്‍ പറ്റുന്നതും പറ്റാത്തതും തിന്നാല്‍ മടിയേതുമില്ലാത്ത വിഭാഗമാണു മനുഷ്യന്‍.
സ്‌നേഹം കൊടുത്താല്‍ സ്‌നേഹം തിരിച്ചുതരുന്ന വന്യമൃഗങ്ങള്‍വരെ സുലഭം. ഉപകാരത്തിന് ഉപദ്രവം കൊണ്ട് മറുപടി നല്‍ക്കുന്നവര്‍ ഇവിടെ ആ വന്യമൃഗങ്ങേളക്കാള്‍ അധഃപതിച്ചുപോകുന്നു. ശക്തിയില്‍ മാത്രമല്ല, സ്വഭാവത്തിലും മൃഗങ്ങള്‍ മനുഷ്യനെ തോല്‍പ്പിക്കാറുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.