2024 February 29 Thursday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

മികച്ച വ്യക്തിയാവുക പ്രധാനം: റുബ്‌ലേവ്

ദുബൈ: ബ്രാന്‍ഡ് അംബാസഡറായി ചുമതലയേറ്റ ശേഷം ടെന്നീസിലെ ലോക അഞ്ചാം നമ്പറായ ആന്ദ്രേ റുബ്‌ലേവ് ജുമൈറ മെഡ് കെയര്‍ മെഡിക്കല്‍ സെന്ററില്‍ നടന്ന മീറ്റ് ആന്റ് ഗ്രീറ്റ് പരിപാടിയില്‍ സംബന്ധിച്ചു. ഒരു പ്രൊഫഷണല്‍ അത്‌ലറ്റ് എന്ന നിലയില്‍ താന്‍ എല്ലായ്‌പ്പോഴും ആരോഗ്യം, ശാരീരിക ക്ഷമത, ആരോഗ്യകരമായ ജീവിതം എന്നതിന് പ്രാമുഖ്യം നല്‍കുന്നുവെന്നും മെഡ്‌കെയറിന്റെ ‘ഹാപിനസ് ബിഗിന്‍സ് വിത് ഹെല്‍ത്’ കാമ്പയിനുമായി സഹകരിക്കുന്നതിലൂടെ നല്ല ആരോഗ്യവും സന്തോഷവും നല്‍കുന്നതില്‍ ആസ്റ്റര്‍ ഫാര്‍മസിയുടെ ശ്രദ്ധയും താന്‍ വിലമതിക്കുന്നുവെന്നും ആന്ദ്രേ റുബ്‌ലേവ് അഭിപ്രായപ്പെട്ടു.
ജീവിത ശൈലീ രോഗങ്ങള്‍ അകറ്റാന്‍ സ്‌പോര്‍ട്‌സ് മികച്ച ഉപാധിയാണെന്ന് ഓര്‍മിപ്പിച്ച റുബ്‌ലേവ് നൊവാക് ജോക്കോവിച്ച്, റാഫേല്‍ നദാല്‍, റോജര്‍ ഫെഡറര്‍ എന്നീ സൂപര്‍ താരങ്ങള്‍ പ്രായത്തെ വെല്ലുന്ന മികവ് പ്രകടിപ്പിക്കുന്നത് നല്ല ആരോഗ്യക്ഷമത സൂക്ഷിക്കുന്നത് കൊണ്ടാണെന്നും അവര്‍ നമുക്കെല്ലാം മാതൃകയാണെന്നും റുബ്‌ലേവ് നിരീക്ഷിച്ചു.
തന്റെ കരിയറിനൊപ്പം ചുറ്റുമുള്ളവരെ സഹായിക്കാനും ആന്ദ്രേ റുബ്‌ലേവ് സമയം കണ്ടെത്താറുണ്ട്. ചുറ്റിലും ഒരുപാടാളുകള്‍ ബുദ്ധിമുട്ടുന്നത് താന്‍ കാണാനിടയായിരുന്നു. ധാരാളം കുട്ടികള്‍ പ്രയാസപ്പെടുന്നത് കൗമാരക്കാരനായിരുന്നപ്പോള്‍ തന്നെ സ്പര്‍ശിച്ചു. അപ്പോഴാണ് ചിന്തിച്ചത്, താനൊരു നല്ല കളിക്കാരനാകുമ്പോള്‍ ഈ ആളുകളെ സഹായിക്കാന്‍ കഴിഞ്ഞേക്കുമെന്ന്, -അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
”ഇപ്പോള്‍ എന്തെങ്കിലും ചെയ്യേണ്ട സമയമാണിതെന്ന് തോന്നുന്നു. എനിക്ക് ചെയ്യാനാകുന്നത് ഇപ്പോഴാണ്. അത് ഞാന്‍ തുടരുന്നു” -അദ്ദേഹം പറഞ്ഞു.
മെഡ്‌കെയര്‍, ആസ്റ്റര്‍ ഫാര്‍മസി എന്നിവയുമായുള്ള ബന്ധം മികച്ചതാകുമെന്ന് അദ്ദേഹം പ്രത്യാശിച്ചു.  തന്റെ ദുബൈ വിജയത്തിന് ഏതാനും മാസങ്ങള്‍ക്ക് ശേഷം ഉക്രെയ്ന്‍ യുദ്ധത്തിന്റെ പേരില്‍ റഷ്യന്‍, ബെലാറസ് കളിക്കാരെ ഓള്‍ ഇംഗ്‌ളണ്ട് ടെന്നീസ് ക്‌ളബ് വിലക്കിയതിനാല്‍ വിംബിള്‍ഡണ്‍ നഷ്ടപ്പെടുന്നതിനെ കുറിച്ച് റുബ്‌ലേവ് ബഹളം വെച്ചില്ല. മറിച്ച്, ഉക്രെയ്‌നിയന്‍ കളിക്കാരുമായി മിക്‌സഡ് ഡബിള്‍സ് കളിക്കാന്‍ റുബ്‌ലേവ് കഠിനമായി പരിശ്രമിച്ചു. ഉക്രെയ്‌നിലെ സഹ പ്രൊഫഷണലുകളോടുള്ള ഐക്യദാര്‍ഢ്യമായിരുന്നു അത്. ‘ടെന്നീസില്‍ യുദ്ധമില്ല’ എന്ന സന്ദേശം അയച്ചും അദ്ദേഹം ലോകത്തെ ഞെട്ടിച്ചു. നമ്മുടെ അടുത്ത തലമുറ നമ്മെക്കാള്‍ മികച്ചവരാവണം. നമ്മെക്കാള്‍ ദയയുള്ളവരാവണം. ഇപ്പോഴും ലോകത്ത് നിരവധി മോശം കാര്യങ്ങള്‍ നടക്കുന്നുണ്ട്. ഓരോ വ്യക്തിയെയും സഹായിക്കുകയും മികച്ച വ്യക്തിയാകാന്‍ ശ്രമിക്കുകയും ചെയ്യേണ്ടത് പ്രധാനമാണെന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.
2005ല്‍ ബുര്‍ജ് അല്‍ അറബ് ഹെലിപാഡില്‍, ഭൂനിരപ്പില്‍ നിന്ന് ഏകദേശം 700 അടി ഉയരത്തില്‍ ഫെഡററും ആന്ദ്രെ അഗാസിയും തമ്മില്‍ ഐകോണിക് ടെന്നീസ് മത്സരം നടന്നത് അന്ന് എട്ടുവയസ്സുകാരനായ താന്‍ ശ്വാസമടക്കിപ്പിടിച്ചാണ് കണ്ടതെന്ന് അദ്ദേഹം ഓര്‍ക്കുന്നു. ഓരോ ടെന്നീസ് കളിക്കാരനും പുതിയ സീസണിനായി തയാറെടുക്കുന്ന ലോകത്തിലെ ഏറ്റവും മികച്ച സ്ഥലങ്ങളില്‍ ഒന്നാണ് ദുബൈയെന്നും അദ്ദേഹം നിരീക്ഷിച്ചു.
യുഎഇയുടെ ഗോള്‍ഡന്‍ വിസ ലഭിച്ച ടെന്നീസ് താരം കൂടിയാണ് റുബ്‌ലേവ്. 14 എടിപി കിരീടങ്ങളുടെ ജേതാവ്. ഒളിംപിക് മിക്‌സഡ് ഡബിള്‍സ് സ്വര്‍ണത്തിനും ഉടമ.
മീറ്റ് ആന്റ് ഗ്രീറ്റില്‍ മെഡ്‌കെയര്‍ സിഇഒ ഡോ. ഷനില ലൈജു, ആസ്റ്റര്‍ റീടെയില്‍സ് സിഇഒ എന്‍.എസ് ബാലസുബ്രഹ്മണ്യന്‍, ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ രാഹുല്‍ കടവക്കോലു എന്നിവരും സംബന്ധിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.