2021 April 16 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

രാഷ്ട്രീയം ചോര മണക്കുമ്പോള്‍

എ.പി കുഞ്ഞാമു

കുറ്റ്യാടിയിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ക്ക് പോളിങ് ബൂത്തിലെത്തിയപ്പോഴാണ് ഐ.ഡി കാര്‍ഡ് എടുത്തിട്ടില്ലെന്ന് ഓര്‍മവന്നത്. കാര്‍ഡ് ചോദിച്ച പോളിങ് ഓഫിസറോട് വീട്ടില്‍ പോയി എടുത്തുവരാം എന്നായി അദ്ദേഹം. അപ്പോള്‍ ‘എല്ലാവരും അറിയുന്ന ആളല്ലേ മാഷ്, പിന്നെയെന്തിനാ കാര്‍ഡ് ‘ എന്നു ചോദിച്ചു പ്രശ്‌നം പരിഹരിച്ചത് യു.ഡി.എഫിന്റെ ഏജന്റ് ഖാലിദാണ്. ഇക്കൊല്ലം തെരഞ്ഞെടുപ്പ് രംഗത്തുനിന്ന് കേട്ട ഏറ്റവും നല്ല വാര്‍ത്തയാണ് ഇതെന്ന് ഞാന്‍ കരുതുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്ര കോളങ്ങളിലും ചാനലുകളിലും സാമൂഹ്യമാധ്യമങ്ങളിലുമെല്ലാം ഒരുപാട് വാര്‍ത്തകളും തര്‍ക്കങ്ങളും ആരോപണ പ്രത്യാരോപണങ്ങളും നിറഞ്ഞു കവിയുകയുണ്ടായി. മിക്കവയും പരസ്പരം വിരോധം വര്‍ധിപ്പിക്കുന്നവ, സ്‌നേഹ സൗമനസ്യങ്ങള്‍ മായ്ച്ചുകളയുന്നവ, പോര്‍വിളി വിളിക്കുന്നവ. കാലുഷ്യം ഉടനീളം നിറച്ചുവച്ച ഈ വാര്‍ത്താപ്രളയങ്ങള്‍ക്കിടയിലിതാ, ഖാലിദ് എന്ന തെരഞ്ഞെടുപ്പ് ഏജന്റ് വ്യത്യസ്തനായി നില്‍ക്കുന്നു. അയാള്‍ തെരഞ്ഞെടുപ്പ് രംഗത്തെ തന്റെ എതിരാളിയുടെ നേര്‍ക്ക് വിട്ടുവീഴ്ചയുടെ കൈ നീട്ടുന്നു. ഈ മനോഭാവം തീര്‍ച്ചയായും നന്മയുടെ സന്ദേശമാണ് പ്രസരിപ്പിക്കുന്നത്.

ഈ മനുഷ്യനു കുഞ്ഞമ്മദ് കുട്ടി മാസ്റ്ററോട് മറ്റൊരു രീതിയില്‍ പെരുമാറാമായിരുന്നില്ലേ. കാര്‍ഡില്ലാതെ വോട്ട് ചെയ്യാന്‍ സമ്മതിക്കുകയില്ലെന്ന് ശഠിച്ചുകൊണ്ട് തന്നില്‍ നിക്ഷിപ്തമായ രാഷ്ട്രീയ ഉത്തരവാദിത്വം നിറവേറ്റാന്‍ ശ്രമിക്കാമായിരുന്നു. അതാണല്ലോ പതിവ് രീതി. മറ്റത് അപവാദം. ഈ തെരഞ്ഞെടുപ്പില്‍ തന്നെ ബൂത്ത് സന്ദര്‍ശിക്കാനെത്തിയ സ്ഥാനാര്‍ഥിയെ ബലം പ്രയോഗിച്ചു തടഞ്ഞെന്ന ആരോപണമുണ്ടായി. വേറൊരിടത്ത് എം.എല്‍.എയെ കുക്കിവിളിക്കുകയും അസഭ്യവര്‍ഷം നടത്തി അപമാനിക്കുകയും ചെയ്തു. ഇനിയുമൊരിടത്ത് സ്ഥാനാര്‍ഥിക്ക് കുത്തിയിരിപ്പ് നടത്തേണ്ടി വന്നു തന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചു കിട്ടാന്‍. ഇങ്ങനെ കണക്കെടുക്കാന്‍ തുടങ്ങിയാല്‍ വ്യത്യസ്ത രാഷ്ട്രീയകക്ഷികളുടെ പ്രവര്‍ത്തകര്‍ കീരിയേയും പാമ്പിനേയും പോലെ നേര്‍ക്കുനേര്‍ നിന്ന് പോരാടുന്നതാണ് കാണുന്നത്. ആ സമയത്ത് അവര്‍ക്ക് വിട്ടുവീഴ്ചയേ ഇല്ല. ഈ അവസ്ഥയില്‍ ‘ഐ.ഡിയൊന്നും വേണ്ട, മാഷ് വന്ന് വോട്ട് ചെയ്‌തേച്ചു പോ’ എന്നൊരു പോളിങ് ഏജന്റ് പറയുന്നത് പതിവിനു വിപരീതമാണ്. അതുകൊണ്ടാണ് ഈ സംഭവം വാര്‍ത്തയായത്.
ഇനി ഐ.ഡി കാര്‍ഡിന്റെ പേരില്‍ കാര്‍ക്കശ്യം പുലര്‍ത്താത്ത ഈ ഏജന്റിന്റെ സ്ഥാനത്ത് മറ്റൊരാളായിരുന്നു എന്നു വെയ്ക്കുക. അയാള്‍ ഇതേപോലെ ചെയ്യും എന്നില്ലല്ലോ. അല്ലെങ്കില്‍ സന്മനസ്സ് കാണിച്ച ഏജന്റിന്റെ സ്ഥാനത്ത് എതിര്‍ പാര്‍ട്ടിക്കാരനായിരുന്നുവെങ്കിലോ! അയാളില്‍നിന്ന് ഈ സൗമനസ്യം പ്രതീക്ഷിക്കണമെന്നില്ല. തന്റെ ശത്രുപക്ഷത്ത് നില്‍ക്കുന്നവരെയൊന്നു ചൊറിഞ്ഞു ശല്യപ്പെടുത്താന്‍ കിട്ടുന്ന അവസരം അയാള്‍ സ്വാഭാവികമായും ഉപയോഗപ്പെടുത്തിയേക്കാം. പ്രബുദ്ധമാണ് കേരളം എന്നാണ് വെപ്പ്. പക്ഷേ തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ വലിയ നേതാക്കള്‍ പോലും ഈ പ്രബുദ്ധതയ്ക്ക് അനുസൃതമായി പെരുമാറാറില്ലെന്നതാണ് വസ്തുത. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ഏതാണ്ടെല്ലാ രാഷ്ട്രീയപ്പാര്‍ട്ടിക്കാരും പെരുമാറിയത് ഇങ്ങനെയാണ്. അതുകൊണ്ടാണ് മാഷെ എല്ലാവരുംഅറിയുമല്ലോ, ഐ.ഡിയൊന്നും വേണ്ട എന്ന വാക്കിലൂടെ രാഷ്ട്രീയത്തിന്റെ ഭാഗമായിത്തീര്‍ന്ന കാലുഷ്യത്തെ വെറുമൊരു പോളിങ് ഏജന്റിന് മറികടക്കാന്‍ കഴിഞ്ഞത്.

ഒരു വെറും പോളിങ് ഏജന്റിനു പ്രസരിപ്പിക്കാന്‍ കഴിയുന്ന സൗമനസ്യത്തിന്റെ സന്ദേശം എന്തുകൊണ്ടാണ് രാഷ്ട്രീയത്തില്‍നിന്ന് അപ്രത്യക്ഷമായിപ്പോയതെന്ന് നാം തീര്‍ച്ചയായും ആലോചിക്കേണ്ടതുണ്ട്. തെമ്മാടിയുടെ അവസാനത്തെ അഭയമാണ് രാഷ്ട്രീയം എന്നൊരു ചൊല്ലുണ്ടങ്കിലും സംസ്‌കൃത ചിത്തരായ മനുഷ്യര്‍ പ്രവൃത്തിക്കുകയും ചിന്താപരമായി വഴികാട്ടുകയും ചെയ്യേണ്ട മേഖലയാണത്. ചിന്തയിലും കര്‍മ്മത്തിലും സാംസ്‌ക്കാരികമായ ഈ ഔന്നത്യം നഷ്ടപ്പെട്ട അവസ്ഥയിലാണ് പ്രബുദ്ധ കേരളം ഇന്നു ചെന്നെത്തി നില്‍ക്കുന്നത്. തെരഞ്ഞെടുപ്പ് രംഗത്ത് ഉടനീളം അന്തര്‍ധാരയായി പ്രസരിച്ച പരസ്പര വിദ്വേഷം ദുഃഖകരമായ ഈ സത്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

കേരളം ഏറ്റവുമധികം വര്‍ഗീയമായി ചിന്തിച്ച തെരഞ്ഞെടുപ്പാണിത്. മുസ്‌ലിം ന്യൂനപക്ഷത്തിനു വിരുദ്ധമായ ചിന്ത വളര്‍ത്തിക്കൊണ്ടുവരാന്‍ ആസൂത്രിത ശ്രമമുണ്ടായി. അതേപോലെ വികസനത്തിന്റെ ഇരകളുടെ അതിജീവനം, പൗരത്വ നിയമത്തിന്റെ അപായകരമായ വിഷയങ്ങള്‍, എതിര്‍ സ്വരങ്ങളെ യു.എ.പി.എ പോലെയുള്ള കരിനിയമങ്ങള്‍ ഉപയോഗിച്ചു അടിച്ചമര്‍ത്താനുള്ള ഭരണകൂടത്തിന്റെ നീക്കങ്ങള്‍ ഇതൊന്നും തെരഞ്ഞെടുപ്പില്‍ വിഷയമേ ആയതില്ല. അലനേയും താഹയേയും പ്രതിപക്ഷത്തിനു വേണ്ടപോലെ ഓര്‍മ വന്നിട്ടില്ല. മഅ്ദനിയുടെ ദീര്‍ഘകാല ജയില്‍വാസമോ സിദ്ദീഖ് കാപ്പന്റെ തടങ്കല്‍ ജീവിതമോ ചര്‍ച്ച ചെയ്യപ്പെട്ടില്ല. വാളയാറിലെ അമ്മ ആരേയും അസ്വസ്ഥയാക്കിയില്ല. പകരം ശബരിമലയായിത്തീര്‍ന്നു പ്രധാന ചര്‍ച്ചാ വിഷയം. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ നിത്യജീവിത യാഥാര്‍ഥ്യങ്ങളില്‍ നിന്ന് പറിച്ചെടുത്ത് അയഥാര്‍ഥ വിഷയങ്ങളിലേക്ക് അതിനെ ചുരുക്കുകയാണ് മൂന്നു മുന്നണികളും ചെയ്തത്. അതിന്റെ ഫലമായി തെരഞ്ഞെടുപ്പ് രാഷ്ട്രീയം വിദ്വേഷ കലുഷിതമായിത്തീരുക എന്ന ദുരന്തത്തിലാണ് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നതാണ്. ഈ ദുരന്തത്തിന്റെ അന്തരീക്ഷത്തിലാണ് കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ക്കു നേരെ ഒരു സാധാരണ പ്രവര്‍ത്തകന്‍ നീട്ടിയ സ്‌നേഹ സൗമനസ്യങ്ങള്‍ അര്‍ഥ പൂര്‍ണമാവുന്നത്.

എന്നാല്‍, ഈ ആശ്വാസത്തെ അപ്പാടെ റദ്ദാക്കിക്കളഞ്ഞു തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ കുറ്റ്യാടിയില്‍ നിന്ന് ഏറെ അകലെയല്ലാത്ത പുല്ലൂക്കരയില്‍ നടന്ന ദാരുണമായ കൊലപാതകം. രാഷ്ട്രീയത്തര്‍ക്കത്തെത്തുടര്‍ന്നു കൊല്ലപ്പെട്ടത് ഇരുപത്തിയൊന്ന് വയസ് മാത്രം പ്രായമുള്ള ഒരു ചെറുപ്പക്കാരനാണ്. ഇത്തരം കൊലപാതകങ്ങളെ എങ്ങനെയാണ് പ്രബുദ്ധ കേരളത്തിന് ന്യായീകരിക്കാനാവുക? രാഷ്ട്രീയക്കൊലപാതകമല്ല പുല്ലൂക്കരയിലേത് എന്നാണ് സി.പി.എമ്മിന്റെ വാദം. ഇത്തരം വാദങ്ങള്‍ ഉന്നയിക്കുന്നതിനു പകരം അവയുടെ ഉത്തരവാദിത്വമേറ്റെടുക്കാന്‍ ബന്ധപ്പെട്ട രാഷ്ട്രീയകക്ഷികള്‍ തയാറാവുമ്പോഴാണ് നേരത്തെ സൂചിപ്പിച്ച സൗമനസ്യത്തിന്റെ തുടര്‍ച്ചകള്‍ രൂപപ്പെടുക. അക്രമത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് മാത്രമേ അത് ചെയ്തവര്‍ക്ക് ഭാവിയില്‍ അതിന്റെ തുടര്‍ച്ച തടയാനാവൂ.

പിണറായിയില്‍നിന്ന് ഏറെ ദൂരത്തല്ല പുല്ലൂക്കര, ഏറിയാല്‍ അരമണിക്കൂര്‍ കൊണ്ട് എത്തിച്ചേരാവുന്ന സ്ഥലം. സഖാവ് പിണറായി വിജയന്‍ പുല്ലൂക്കരയിലെത്തി കൊല്ലപ്പെട്ട മന്‍സൂറിന്റെ കുടുംബത്തെ ആശ്വസിപ്പിക്കട്ടെ. ന്യായീകരണങ്ങള്‍ നിരത്തുന്നതിന്നു പകരം കുറ്റമേല്‍ക്കാന്‍ തയാറാവട്ടെ. കുറ്റ്യാടിയിലെ യു.ഡി.എഫ് ഏജന്റ് കാണിച്ച സൗമനസ്യത്തിന്റെ തുടര്‍ച്ച അതായിരിക്കും. ആ തുടര്‍ച്ചയിലൂടെയാണ് കേരളം ഇനിമേല്‍ സഞ്ചരിക്കേണ്ടത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.