2021 December 05 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

‘പത്താം ക്ലാസിലെ ടെക്സ്റ്റ് ബുക്കുകള്‍ വാങ്ങാന്‍ ഹോട്ടല്‍ തൊഴിലെടുത്ത ഞാന്‍, പത്താം ക്ലാസിലെ ടെക്സ്റ്റ് ബുക്കുണ്ടാക്കാന്‍ സ്റ്റാര്‍ ഹോട്ടലില്‍ സര്‍ക്കാര്‍ ചെലവില്‍ താമസിച്ചിട്ടുണ്ട് ” ഒരു അധ്യാപകന്റെ ഹൃദയസ്പര്‍ശിയായ റിട്ടയര്‍മെന്റ് കുറിപ്പ് വായിക്കാം

‘പത്താം ക്ലാസിലെ ടെക്സ്റ്റ് ബുക്കുകള്‍ വാങ്ങാന്‍ മലപ്പുറം ജില്ലയിലെ വേങ്ങരയില്‍ ഹോട്ടല്‍ തൊഴിലെടുത്ത ഒരു വിദ്യാര്‍ത്ഥി പിന്നീട് പത്താം ക്ലാസിലെ ടെക്സ്റ്റ് ബുക്കുണ്ടാക്കാന്‍ തിരുവനന്തപുരത്തെ സ്റ്റാര്‍ ഹോട്ടലില്‍ സര്‍ക്കാര്‍ ചെലവില്‍ താമസിച്ചു.’ മലപ്പുറം ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നും വിരമിച്ച എസ്.കെ.എസ്.എസ്.എഫ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറിയുടെ, തന്റെ തീക്ഷണമായ അധ്യയന- അധ്യാപന ജീവിതത്തെ കുറിച്ചുള്ള റിട്ടര്‍യര്‍മെന്റ് കുറിപ്പ് വായിക്കാം.

‘കൊറോണക്കാലം വീട്ടുതടങ്കലിലിരുന്നപ്പോള്‍ എഴുതിപ്പോയതാണ്. മുപ്പത്തൊന്നാണ്ടുകള്‍ക്ക് മുന്നേ 1988 നവംബര്‍ 24 ന് വ്യാഴാഴ്ച തുടങ്ങിയ സര്‍ക്കാര്‍ സേവനത്തിന് 2020 മെയ് 31 ന് ഞായറാഴ്ച ഔദ്യോഗികമായി തിരശ്ശീല വീഴുകയാണ്.

ഇരുപത്തിയഞ്ചിന്റെ നറുയൗവനത്തിലും അന്‍പത്തിയാറിന്റെ പുനഃയൗവനത്തിലും മാറ്റമില്ലാത്ത ഒന്നുണ്ട് അധ്യാപനത്തിന്റെ ത്രില്‍.. വെറുടതെ പറഞ്ഞതല്ല: 1989 ജൂലൈ 19 ബുധനാഴ്ച വളവന്നൂര്‍ ബാഫഖി യതീംഖാന ഹൈസ്‌കൂളില്‍ 9 എ ലേക്ക് ആദ്യ പിരിയഡില്‍ യാദൃശ്ചികമാണെങ്കിലും മലപ്പുറം GGHSS ലെ 9എ ലേക്ക് കടന്നുചെന്നതും ക്ലാസെടുത്തതും.

11450 ദിവസത്തെ സേവനത്തിനിടയില്‍ ക്ലാര്‍ക്കും HSഅയും പിന്നീട് ഒടഠയും ഇടക്കാലത്ത് ഹെഡ്മാസ്റ്ററും ഇക്കഴിഞ്ഞ രണ്ട് വര്‍ഷക്കാലം പലപ്പോഴായി 6മാസം ഒരേ സമയം HSTയും ഹെഡ്മാസ്റ്ററുമായി വര്‍ത്തിക്കാന്‍ കഴിഞ്ഞു. 2020 മെയ് 31ന് (ഇ.അ) സര്‍വീസ് കാലം അവസാനിക്കുമ്പോള്‍ 11511 ദിവസങ്ങള്‍ പൂര്‍ത്തിയാകും. അല്‍ഹംദുലില്ലാഹ്.

സംഭവബഹുലമായിരുന്നു മൂന്ന് പതിറ്റാണ്ടുകള്‍. BYKHSലെ പതിനൊന്നര വര്‍ഷവും മക്കരപറമ്പ് GVHSSലെ 2 വര്‍ഷവും മഞ്ചേരി GGHSSലെ 3 വര്‍ഷവും മേല്‍മുറി MMETHSലെ നാലരവര്‍ഷവും മലപ്പുറം GGHSSലെ 10 വര്‍ഷ വും മറക്കാവാനാത്ത ഒട്ടേറെ അനുഭവസമ്പത്താണ് നല്‍കിയത്. ആയിരക്കണക്കിന് ശിഷ്യഗണങ്ങള്‍ എന്റെ മുന്നിലൂടെ കടന്നുപോയി.ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെച്ച് ആ രാജ്യങ്ങളില്‍ സൗദി അറേബ്യയുണ്ട്, ഖത്തറുണ്ട് ,യു.എ.ഇയുണ്ട്, മലേഷ്യയും സിംഗപ്പൂരുമുണ്ട്, ഇന്ത്യയിലെ തന്നെ ലക്ഷദ്വീപും അന്തമാനും ഡല്‍ഹിയും, മുംബൈയും ചെന്നൈയും ബാംഗ്ലൂരും കേരളത്തിലെ വിവിധ പ്രദേശങ്ങളുമുണ്ട് അവരില്‍ ചിലരെ കണ്ടുമുട്ടുമ്പോള്‍ മനസ്സിലുണ്ടായ ആത്മ നിര്‍വൃതിഅതിന് ആഖ്യാനങ്ങളും വ്യാഖ്യാനങ്ങളും മതിയാകില്ല.

നൂറൂകണക്കിന് സഹപ്രവര്‍ത്തകര്‍… അവരെല്ലാവരും ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു രീതിയില്‍ എനിക്ക് ജീവിതാനുഭവങ്ങള്‍ നല്‍കിയിട്ടുണ്ട്. അക്കൂട്ടത്തില്‍ കയ്‌പ്പേറിയത് വളരെ കുറച്ചേ ഉണ്ടായിട്ടുള്ളൂ. നന്‍മ ചെയ്തവര്‍ക്ക് സര്‍വശക്തന്‍ നന്‍മ നല്‍കട്ടെ ഒരു പക്ഷേഎന്റെ സഹപ്രവര്‍ത്തകര്‍ക്കിടയില്‍ വേറിട്ട ജീവിതാനുഭവങ്ങളുള്ള ഒരാള്‍ ഞാന്‍ മാത്രമായിരിക്കുമെന്ന് പറയുന്നത് അതിശയോക്തിയല്ലെന്നും അവാസ്തവമല്ലെന്നും ഇനിയുള്ള വാക്കുകള്‍ വായിക്കുമ്പോള്‍ ബോധ്യമാകും.

ആട്ടിടയന്‍ ,കര്‍ഷകന്‍, കച്ചവടക്കാരന്‍, ഹോട്ടല്‍തൊഴിലാളി, ചുമട്ടുതൊഴിലാളി, മദ്‌റസാധ്യാപകന്‍, ട്യൂഷന്‍ മാസ്റ്റര്‍ ,ഹോസ്ള്‍ന്റ മാനേജര്‍. വാര്‍ഡന്‍, വിദ്യാര്‍ഥി സംഘടനകളുടെയും അധ്യാപകസംഘടനയുടെയും കലാസാംസ്‌കാരിക സംഘടനകളുടെയും ജില്ലാസംസ്ഥാന ഭാരവാഹി, പ്രഭാഷകന്‍, പരിശീലകന്‍, ഗൈഡ,് കൗണ്‍സിലര്‍, എഴുത്തുകാരന്‍, മാപ്പിളപ്പാട്ട് രചയിതാവ്, പത്രപ്രവര്‍ത്തകന്‍,എഡിറ്റര്‍, പ്രൂഫ്‌റീഡര്‍, ലേഖകന്‍, ഗ്രന്ഥകര്‍ത്താവ്, (ഗ്രന്ഥനാമം, വെളിച്ചത്തിന്റെ താഴ്വരയിലേക്ക്2000 ഫെബ്രുവരി) പാരന്റിംഗ് കൗണ്‍സിലര്‍, സ്റ്റുഡന്റ്‌സ് മോട്ടിവേറ്റര്‍, ടീച്ചേഴ്‌സ് ട്രെയിനര്‍, ജില്ലാ, സംസ്ഥാന റിസോഴ്‌സ് ഗ്രൂപ്പ് മെമ്പര്‍, SCERTടെക്സ്റ്റ്ബുക്ക് ഡെവലപ്പ്‌മെന്റ് ടീം മെമ്പര്‍, DPIയുടെ കീഴിലെ OSS ടീം അംഗം (ഇതിന്റെ ഭാഗമായി 2012 ല്‍ ലക്ഷദ്വീപിലെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പരിശീലനം നല്‍കി, 2007 ല്‍ SSLC പരീക്ഷയുടെ ഇന്‍വിജിലേറ്ററായും ദ്വീപ് സന്ദര്‍ശിച്ചു), DEOയുടെ കീഴില്‍ EDCC അംഗം, AEO യുടെ കീഴിലെ വിദ്യാരംഗം വൈസ് ചെയര്‍മാന്‍, 2005 ലും 2006 ലും കേരളാ ഗവണ്‍മെന്റ് ഹജ്ജ് കമ്മിറ്റിയുടെ ഹജ്ജ് വളണ്ടിയര്‍ ക്യാപ്റ്റന്‍, കൈരളി,ജീവന്‍ദര്‍ശന ടിവി ചാനലുകളിലെ സ്‌പെഷ്യല്‍ പ്രോഗ്രാമുകള്‍ക്ക് വേണ്ടി സ്‌ക്രിപ്റ്റ് റൈറ്റര്‍, അവതാരകന്‍, ആള്‍ഇന്ത്യാ റേഡിയോയിലെ ഗായകന്‍……….ഇനിയും മുഷിപ്പിക്കുന്നില്ല.

ഇതെല്ലാം ഈ അഞ്ചരപ്പതിറ്റാണ്ടു കാലത്തെ ജീവിത യാഥാര്‍ഥ്യങ്ങളാണ്. ആടിയ വേഷങ്ങളാണ്. പച്ചയായ അനുഭവങ്ങളാണ്. ഒരു കൗതുകത്തിന് വേണ്ടി മാത്രം ഇത്രയും എഴുതിയെങ്കില്‍ ഇതുകൂടി പറഞ്ഞു കൊണ്ട് ആത്മപ്രശംസ അവസാനിപ്പിക്കാം.

‘പത്താം ക്ലാസിലെ ടെക്സ്റ്റ് ബുക്കുകള്‍ വാങ്ങാന്‍ വേങ്ങരയില്‍ രണ്ടര മാസം ഹോട്ടല്‍ തൊഴിലെടുത്ത ഞാന്‍, പത്താം ക്ലാസിലെ ടെക്സ്റ്റ് ബുക്കുണ്ടാക്കാന്‍ തിരുവനന്തപുരത്തെ സ്റ്റാര്‍ ഹോട്ടലില്‍ സര്‍ക്കാര്‍ ചെലവില്‍ താമസിച്ചിട്ടുണ്ട്.

‘പഠനകാലത്തൊരിക്കല്‍ പോലും ട്യൂഷന്‍ ക്ലാസില്‍ പോകാന്‍ കഴിയാത്ത ഞാന്‍ പില്‍ക്കാലത്ത് ട്യൂഷന്‍ സെന്റര്‍ നടത്തിയിട്ടുണ്ട്?. ‘പി.ജിക്ക് പഠിക്കുന്ന കാലം വരെ ഒരു വരി ലേഖനം ഒരു ക്ലാസ് കൈയെഴുത്തു മാഗസിനില്‍ പോലും എഴുതാത്ത ഞാന്‍ ഇന്ന് വരെയായി വിവിധ പ്രസിദ്ധീകരണങ്ങളിലായി അഞ്ഞൂറോളം ലേഖനങ്ങളും ഒരു പുസ്തകവും എഴുതുകയും 5മാസിക കളുടെയും രണ്ട് വാരികകളുടെയും ഒരു ദിന പത്രത്തിന്റെയും എഡിറ്ററും എഡിറ്റോറിയല്‍ ബോര്‍ഡ് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്’.

ഒന്നാം ക്ലാസ് മുതല്‍ എംഫില്‍ പഠനകാലം വരെയുള്ള വിദ്യാര്‍ഥി ജീവിതത്തിനിടയില്‍ സാമ്പത്തിക പ്രയാസം കാരണം ടൂര്‍ പോകാത്ത ഞാന്‍ പിന്നീട് അഞ്ച് വിദേശ രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പി.ജിഎംഫില്‍ബി.എഡ് ബിരുദങ്ങള്‍ക്ക് പുറമെ സ്‌പോക്കണ്‍ ഹിന്ദിയിലും സ്‌പോക്കണ്‍ അറബിയിലും ,ഗാന്ധിയന്‍ സ്റ്റഡീസിലും സ്‌കൂള്‍ അഡോളസന്റ് സൈക്കോളജിയിലും എന്‍ എല്‍പിയിലും സര്‍ട്ടിഫിക്കറ്റ് നേടാനായത് മഹാ ഭാഗ്യമായി കരുതുന്നു. കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ എം എഡ് ബിരുദ പഠനത്തിനിടെ സംസ്‌കൃത ഭാഷ പഠിക്കാന്‍ കഴിഞ്ഞതും, ഡല്‍ഹിയിലെ ജാമിയാ മില്ലിയ യൂണിവേഴ്‌സിറ്റിയില്‍നിന്നും ഡിസ്റ്റന്‍സായി ഉറുദു ഭാഷ പഠിക്കാന്‍ സാധിച്ചതും അനുഗ്രഹമായി കരുതുന്നു.

ഇക്കാലത്തിനിടയില്‍ മൂന്ന് പെണ്‍കുട്ടികളുടെയും രണ്ട് ആണ്‍കുട്ടികളുടെയും പിതാവും ഒരു പെണ്‍കുട്ടിയുടെ പിതാമഹനുമാകാന്‍ കഴിഞ്ഞതില്‍ പെരുത്ത് സന്തോഷം. ഇരുപത്തൊന്‍പത് വയസ്സുള്ള മൂത്ത മകന്റെ പതിതാവസ്ഥയും 28 വര്‍ഷം കൂടെ പൊറുത്ത പ്രിയതമയുടെ ആകസ്മിക വേര്‍പാടും സര്‍വശക്തനായ അല്ലാഹുവിന്റെ പരീക്ഷണമായിക്കാണാനാണ് എന്റെ വിശ്വാസം എന്നെ പഠിപ്പിക്കുന്നത്. പുതിയ ജീവിത പങ്കാളിയുടെ കടന്ന് വരവ് നഷ്ടങ്ങളെയും നൈരാശ്യങ്ങളെയും ഒരളവ് വരെ പരിഹരിക്കാനായതില്‍ സര്‍വശക്തന് സ്തുതി..

ഒരു ദശാബ്ദക്കാലെത്തെ ‘ഗേള്‍സ്’ ജീവിതത്തില്‍ എന്നെ താങ്ങിയ ഒട്ടേറെ സദ്കരങ്ങളുണ്ട്, ഒപ്പം നിന്ന ധാരാളം മഹാ മനസ്സുകളുണ്ട്, പ്രോത്സാഹിപ്പിച്ച പരശ്ശതം സഹപ്രവര്‍ത്തകരുണ്ട്. ഒരു നല്ല എച്ഛെമ്മാകാന്‍ എനിക്ക് കഴിഞ്ഞുവെന്ന് അഭിപ്രായമില്ല…എന്നാല്‍ പല എച്ഛെമ്മുമാരുടെയും അസാന്നിധ്യവും അഭാവവും എനിക്ക് പരിഹരിക്കാന്‍ സാധിച്ചത്, എന്റെ പ്രിയ ?ഗേള്‍സ്? സുഹ്യത്തുക്കളേ…, നിങ്ങളുടെ സന്‍മനസ്സുകളാണ്; സഹകരണമാണ്; താങ്ങിയില്ലെങ്കിലും തൂങ്ങാത്ത ചില നല്ല കരങ്ങളാണ്. പടിയിറങ്ങുമ്പോള്‍ സമ്മിശ്ര വികാരങ്ങളാണ് മനസ്സില്‍. സേവനം ചെയ്ത ദിവസങ്ങളത്രയും പരമാവധി അന്നംതരാന്‍ നിമിത്തരായ കുട്ടികളോടും അവരുള്‍ക്കൊള്ളുന്ന സമൂഹത്തോടും നീതി പുലര്‍ത്തിയെന്ന സംതൃപ്തി.

അറബി ഭാഷയുടെയും അതുള്‍ക്കൊള്ളുന്ന സംസ്‌കാരത്തിന്റെയു സൗന്ദര്യത്തെശിഷ്യമനസ്സുകളിലേക്ക ആവാഹിക്കാന്‍ കഴിഞ്ഞതിലുള്ള നിര്‍വൃതി. അധ്യാപകന്‍ എന്ന നിലയില്‍ സ്‌കൂളിനും ക്ലാസിനും പുറത്ത് സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ ഒരനിവാര്യ ഘടകമെന്നോണം സജീവമാകുമ്പോഴും കര്‍ത്തവ്യ നിര്‍വഹണത്തില്‍ മനഃപൂര്‍വം വീഴ്ചവരുത്തിയിട്ടില്ലെന്ന ചാരിതാര്‍ഥ്യം. സര്‍ക്കാരിനോടും സഹപ്രവര്‍ത്തകരോടും നിര്‍വഹിക്കേണ്ട പരമാവധി ബാധ്യത നിര്‍വഹിച്ചുവെന്ന സമാധാനം. മൂന്ന് ദശകങ്ങള്‍ക്കിടെ അറിഞ്ഞുകൊണ്ട് ആരെയും ശാരീരികമായോ മാനസികമായോ പീഡിപ്പിച്ചിട്ടില്ലെന്ന ആശ്വാസം.

600 രൂപ ശമ്പളത്തിന് ജോലിയില്‍ ചേര്‍ന്ന്, പിരിയുമ്പോള്‍ 60000 രൂപയും ഡി.എയുള്‍പ്പെടെ മുക്കാല്‍ ലക്ഷത്തോളം രൂപ മാസ ശമ്പളവും മോശമല്ലാത്ത പെന്‍ഷനും കിട്ടുന്ന റിട്ടയര്‍മെന്റിന്റെ സന്തോഷം. ഒപ്പം,കൊറോണ എന്ന കാണാമറയത്തെ സൂക്ഷ്മ ജീവി നമ്മുടെയെല്ലാം ജീവിത താളം കുഴച്ചുമറിച്ചപ്പോള്‍ നന്നായൊന്ന് ചിരിച്ചും ,പറഞ്ഞും വേണമെങ്കില്‍ ഒന്നു കരഞ്ഞും പിരിയാനും പടിയിറങ്ങാനും കഴിഞ്ഞില്ല എന്ന സങ്കടവും…

ഏതായാലും വെറുതെയിരിക്കാന്‍ ഉദ്ദേശ്യമില്ല.ആയുസ്സും ആരോഗ്യവും അനുവദിക്കുന്നേടത്തോളം സര്‍വശക്തന്‍ കനിഞ്ഞാല്‍ ഈ സമൂഹത്തോടൊപ്പം ഇവിടെ തന്നെയുണ്ടാകും, എന്നാല്‍ ഇന്നേ വരേയും എന്നെയൊന്ന് പരിഗണിക്കണേ എന്ന് ആരോടും കെഞ്ചേണ്ടി വന്നിട്ടില്ല. ഇനിയും സജീവമാകണം?. എന്റെ വീക്ഷണത്തില്‍ റിട്ടയര്‍മെന്റ് പ്രായം റീടയറിംഗ് (ടയര്‍ പുതുക്കല്‍) ആണ്. ജീവിതത്തിന്റെ മൂന്നാം ഘട്ടത്തിന്റെ നവയുഗാരംഭമാണ്.

നിര്‍ത്തട്ടെ…..നന്ദി നല്ല സഹായ സഹകരണങ്ങള്‍ക്ക്; മാപ്പ്…. ഇത്രയും എഴുതി മുഷിപ്പിച്ചതിന്; ‘കൊറോണക്കാലം വീട്ടുതടങ്കലിലിരുന്നപ്പോള്‍ എഴുതിപ്പോയതാണ്. വായിച്ചവര്‍ക്കെല്ലാം നല്ല നമസ്‌കാരം.

നിങ്ങളുടെ വിനീത സഹോദരന്‍ , SH ഷാഹുല്‍ ഹമീദ് മേല്‍മുറി


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.