2021 April 16 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

വര്‍ഗീയതയുടെ ആള്‍രൂപമായൊരാള്‍ കേരളത്തെ നീതിബോധം പഠിപ്പിക്കേണ്ട ; അമിത് ഷാക്ക് എണ്ണിയെണ്ണി മറുപടി പറഞ്ഞ് മുഖ്യമന്ത്രി

  • മുസ്‌ലിം എന്ന പേര് ഉച്ചരിക്കുമ്പോള്‍ സ്വരം കടുക്കുന്നു:
  • വര്‍ഗീയതക്കായി ഷാ എന്തു ചെയ്യും

കണ്ണൂര്‍: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചോദിച്ച ചോദ്യങ്ങള്‍ക്ക് എണ്ണിയെണ്ണി മഠുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍.കണ്ണൂര്‍ ധര്‍മടത്ത് രാഷ്ട്രീയ വിശദീകരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വര്‍ഗീയതയുടെ ആള്‍ രൂപമായിരുന്നു ഗുജറാത്ത് വംശഹത്യ നടക്കുമ്പോള്‍ അമിത്ഷാ. അതില്‍ നിന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിയായിട്ടും ഒരിഞ്ചുപോലും വളര്‍ന്നിട്ടില്ലെന്ന് പിണറായി പറഞ്ഞു. ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വമറിഞ്ഞു സംസാരിക്കണം. നിങ്ങളുടെ സാംസ്‌കാരം കൊണ്ടു മറ്റുള്ളവരെ അളക്കാന്‍ വരരുത്. മുഖ്യമന്ത്രി മുന്നറിയിപ്പു നല്‍കി.

മുസ്‌ലിം എന്ന പേര് ഉച്ചരിക്കുമ്പോള്‍ അദ്ദേഹത്തിന് സ്വരം കടുക്കുന്നു. വര്‍ഗീയതക്കായി അമിത്ഷാ എന്തു ചെയ്യും. അദ്ദേഹം നാടിനെ അപമാനിക്കുന്നു. അപ്പോള്‍ അതെല്ലാം കേട്ട് കോണ്‍ഗ്രസുകാര്‍ മിണ്ടാതിരിക്കുന്നു. താനൊരിക്കലും തട്ടിക്കൊണ്ടുപോകലില്‍ പ്രതിയായിട്ടില്ല. കൊലപാതകം നടത്തിയിട്ടില്ല. മോഷണം നടത്തിയിട്ടില്ല. അത്തരം വിഷയങ്ങളുടെ പേരില്‍ ജയിലില്‍ കിടന്നിട്ടില്ല. എന്നാല്‍ ആരായിരുന്നു അമിത്ഷാ എന്ന് സ്വയം ചിന്തിക്കണ്ടെ.

തട്ടിക്കൊണ്ടു പോകലിന് ജയിലില്‍ കിടന്നത് ആരാണെന്ന് അമിത് ഷാ സ്വയം ആലോചിക്കണം.  അക്രമങ്ങളുണ്ടാകുമ്പോള്‍ സംരക്ഷിക്കപ്പെടേണ്ടവര്‍ എന്ന വിഭാഗം കേരളത്തിലില്ല. 2010 ലെ സൊറാബുദ്ധീന്‍ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടല്‍ നേരെ വെടിവയ്ക്കലായിരുന്നു. ആ കേസില്‍ ചാര്‍ജ് ചെയ്യപ്പെട്ട ആളുടെ പേര് അമിത് ഷാ എന്നാണ്. അത് ഓര്‍മയുണ്ടാകണം. ആ കേസ് പരിഗണിക്കേണ്ട ജഡ്ജി 2014ല്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. അതിനെക്കുറിച്ച് എന്താണ് മിണ്ടാട്ടം ഇല്ലാത്തതെന്നും അദ്ദേഹം ചോദിച്ചു.

ഒറ്റവര്‍ഷം കൊണ്ട് 16000 ഇരട്ടി വരുമാനമാനം ഉണ്ടാക്കി അച്ഛാദിന്‍ കൊണ്ടുവന്നത് ഓര്‍മ്മയില്ലേ. അതല്ല പിണറായി വിജയന്‍ എന്ന് ഈ നാടിന് അറിയാം. ആടിനെ പ്ലാവില കാട്ടികൊണ്ടു പോകും പോലെയാണ് ബി.ജെ.പി കോണ്‍ഗ്രസിനെ കൊണ്ടു പോകുന്നത്. സ്വര്‍ണ്ണക്കടത്തില്‍ ചില ചോദ്യങ്ങള്‍ ബിജെപിയോടുണ്ട്. കടത്ത് തടയാന്‍ കസ്റ്റംസ് എന്ത് ചെയ്തു. തിരുവനന്തപുരം എയര്‍പോര്‍ട്ട് കേന്ദ്രത്തിന് കീഴിലല്ലേ. ഇത് സ്വര്‍ണ്ണക്കടത്തിന്റെ ഹബ് ആയത് എങ്ങനെയെന്ന് അമിത് ഷാ മറുപടി പറയണം. കടത്ത് നിയന്ത്രിക്കുന്നതിന് നേതൃപരമായ പങ്ക് ഒരു കേന്ദ്ര സഹമന്ത്രിക്ക് ഉണ്ടെന്നുള്ളത് അമിത് ഷായ്ക്ക് അറിയാഞ്ഞിട്ടാണോ. എന്നാല്‍, നാടിന് അതറിയാം.

അമിത് ഷായ്ക്കും കൂട്ടര്‍ക്കും വേണ്ടപ്പെട്ടവരിലേക്ക് എത്തിയപ്പോഴല്ലേ അന്വേഷണം തെറ്റായ നിലയിലേക്ക് പോയത്. മന്ത്രി പോലും പെട്ടേക്കാം എന്ന് വന്നപ്പോഴല്ലേ അന്വേഷണം തന്നെ ആവിയായത്. സ്വര്‍ണം എത്തിച്ചയാളെ എട്ട് മാസമായി ചോദ്യം ചെയ്‌തോ. എന്താണ് താത്പര്യക്കുറവിന് കാരണം. കേരളത്തില്‍ സ്വര്‍ണം വാങ്ങിയവരിലേക്ക് അന്വേഷണം എത്താത്തത് എന്തുകൊണ്ടാണ്. അവര്‍ക്ക് സംഘ് പരിവാര്‍ ബന്ധം ഉള്ളത് കൊണ്ടല്ലേ ഇത്. പ്രതിയെ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചു എന്ന ശബ്ദരേഖ വന്നത് അമിത് ഷായ്ക്ക് ഓര്‍മ്മയില്ലേ.
പ്രതി തന്റെ ശബ്ദം തന്നെയെന്ന് വ്യക്തമാക്കിയില്ലേ. അന്വേഷണം സംസ്ഥാനത്തിന്റെ നേര്‍ക്ക് അഴിച്ച് വിട്ട് കോണ്‍ഗ്രസിനെ കൂട്ടുപിടിക്കുന്നു. അന്വേഷണ ഏജന്‍സി നേരും നെറിയോടെയും പെരുമാറണം. വിരട്ടലൊന്നും നടക്കില്ല ഇത് കേരളമാണ്. തങ്ങളുടെ വഴി തടയാന്‍ ഒരു ശക്തിക്കും ആകില്ല.ജനം ഒപ്പമുണ്ട്. രാഷ്ട്രീയ പോരാട്ടത്തില്‍ നേരും നെറിയും വിട്ട് പ്രവര്‍ത്തിക്കുന്നവരാണ് നമ്മുടെ എതിരാളികള്‍. അതുകൊണ്ടൊന്നും നമ്മള്‍ വിറങ്ങലിച്ച് പോകില്ല എന്നും മുഖ്യമന്ത്രി കണ്ണൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പറഞ്ഞു.

ഒരു കൊലപാതകത്തിലെ ദുരൂഹതയെക്കുറിച്ച് അദ്ദേഹം സൂചിപ്പിക്കുന്നു. അതേതാണെന്ന് അദ്ദേഹം പറയട്ടെ. അപ്പോള്‍ സാധ്യമായതെല്ലാം ചെയ്യും. അമിത്ഷാ കേരളത്തെ നീതിബോധം പഠിപ്പിക്കണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.