2023 June 02 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

‘മനക്കോട്ടതകര്‍ന്നു’ ; അമിത് ഷാ തലശ്ശേരിയിലേക്കില്ല

കണ്ണൂര്‍: കാത്തുവച്ച കസ്തൂരിമാമ്പഴം കാക്ക കൊത്തി പോയി എന്ന പോലെയാണ് കേരളത്തിലേ, പ്രത്യേകിച്ചും തലശ്ശേരിയിലെ ബി.ജെ.പിക്കാരുടെ ഇപ്പോഴത്തെ അവസ്ഥ. സി.പി.എമ്മിന്റെ ശക്തി കേന്ദ്രമായ തലശ്ശേരിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയെ തന്നെ കൊണ്ടുവന്ന് പ്രചാരണ രംഗത്ത് ഒരു ഓളമുണ്ടാക്കിക്കളയാം എന്നായിരുന്നു പ്രതീക്ഷ. എന്നാലിപ്പോഴോ വോട്ട് തേടാന്‍ സ്ഥാനാര്‍ഥി പോയിട്ട് പിന്തുണയ്ക്കാന്‍ പോലും ഒരാളില്ലാതെ അവസ്ഥയില്‍ തലശ്ശേരിലേക്കുള്ള സന്ദര്‍ശനം റദ്ദാക്കിയിരിക്കുകയാണ് അമിത്ഷാ.

 

അമിത ആത്മ വിശ്വാസം അത്യാപത്താണ് എന്നാണല്ലോ പഴമക്കാര്‍ പറയാറ്. ഷായെ കൊണ്ടുവന്ന് സി.പി.എമ്മിന്റെ കോട്ട പിടിച്ചടക്കാനുള്ള ആവേശത്തില്‍ പത്രിക കൊടുത്തപ്പോള്‍ കൂടുതല്‍ പരിശോധിച്ചുകാണില്ല. സൂക്ഷ്മ പരിശോധനയില്‍ സ്ഥാനാര്‍ഥിക്ക് മാത്രമല്ല ഡമ്മിക്കു പേലും പിടിച്ചുനില്‍ക്കാനായില്ല. ജില്ലാ പ്രസിഡന്റ് കൂടിയായ എന്‍. ഹരിദാസിന്റെ പത്രികയാണ് തള്ളിയത് എന്നതാണ് ബി.ജെ.പിക്ക് കൂടുതല്‍ നാണക്കേടായത്. സ്ഥാനാര്‍ഥിയില്ലാതെ ദേശീയ നേതാവിന്റെ സന്ദര്‍ശനം തന്നെ റദ്ദാക്കേണ്ടി വന്നതോടെ പാര്‍ട്ടിക്കുപറ്റിയ അമളി ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചായാവുകയും ചെയ്തു.
അതേസമയം തലശ്ശേരിയിലും ദേവികുളത്തും ഗുരുവായൂരിലും സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക തള്ളിയതിലൂടെ പ്രതിസന്ധിയിലായിരിക്കുകയാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം.

 

2016ല്‍ കണ്ണൂര്‍ ജില്ലയില്‍ ബി.ജെ.പിക്ക് ഏറ്റവും കൂടുതല്‍ വോട്ട് കിട്ടിയ മണ്ഡലമാണ് തലശ്ശേരി. അത് കൊണ്ടു ബി.ജെ.പി ഇത്തവണ ഏറെ പ്രതീക്ഷ വെച്ചിരുന്ന മണ്ഡലം കൂടിയായതിനാലാണ് ബി.ജെ.പി ജില്ലാ പ്രസിഡന്റിനെ തന്നെ രംഗത്തിറക്കാന്‍ തീരുമാനിച്ചിരുന്നത്.
ജാഗ്രതകുറവാണ് തലശ്ശേരിയില്‍ ബി.ജെ.പിക്ക് വിനയായത് എന്ന വിമര്‍ശനം തുടക്കത്തില്‍ ഉയര്‍ന്നിരുന്നു. ദേശീയ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമ്പോള്‍ ഫോം എയില്‍ പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്റെ ഒപ്പും സീലും വേണം. എന്നാല്‍ എന്‍. ഹരിദാസ് സമര്‍പ്പിച്ച പത്രികയില്‍ സീല്‍ മാത്രമേ ഉണ്ടായിരുന്നുളളൂ, ഒപ്പുണ്ടായിരുന്നില്ല. തുടര്‍ന്നായിരുന്നു പത്രിക തള്ളിയത്. ഡമ്മി സ്ഥാനാര്‍ത്ഥിയുടെ പത്രികയും ഇവിടെ തള്ളിയിട്ടുണ്ട്.
തലശ്ശേരിയില്‍ കടുത്ത പ്രതിസന്ധിയാണ് ബി.ജെ.പി നേരിടുന്നത്. പിന്തുണ നല്‍കാന്‍ സ്വതന്ത്രന്‍ പോലുമില്ലാത്ത അവസ്ഥയാണ്. തലശ്ശേരിയില്‍ ബി.ജെ.പിയുമായി സഖ്യത്തിനില്ലെന്ന് സ്വതന്ത്രന്‍ സി.ഒ.ടി നസീര്‍ അറിയിച്ചിട്ടുണ്ട്.

നാളെ രാവിലെ തൃപ്പൂണിത്തുറയിലാണ് അമിത് ഷായുടെ ആദ്യ പൊതു പരിപാടി. അതിന് ശേഷം പൊന്‍കുന്നത്തും പുറ്റിങ്ങലിലും കഞ്ചിക്കോട്ടും അമിത് ഷാ സംസാരിക്കും. തലശ്ശേരിയിലും ഗുരുവായൂരിലും ദേവീകുളത്തും ബി.ജെ.പി സ്ഥാനാര്‍ഥികളുടെ നാമ നിര്‍ദേശ പത്രിക തള്ളിയിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.