
കൊച്ചി: പെരുമ്പാവൂര്‍ ജിഷാവധക്കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ പ്രതി അസം സ്വദേശി അമീറിന്റെ ശിക്ഷ നാളെ വിധിക്കും. എറണാകുളം പ്രന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിക്കുക. ശിക്ഷ സംബന്ധിച്ച് ഇരു വിഭാഗങ്ങളുടേയും വാദം ഇന്നു പൂര്‍ത്തിയായി.
കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് പ്രതി അമീര്‍ നല്കിയ ഹരജി കോടതി തള്ളി. അന്വേഷണത്തില്‍ പോരായ്മയുണ്ടെന്നും കേന്ദ്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടു.
അമീറിന് അസം ഭാഷ മാത്രമേ അറിയുകയുള്ളൂ. അമീറിന് പൊലിസുകാരുടെ ചോദ്യങ്ങള്‍ മനസിലായിരുന്നില്ല. ആ ഭാഷ അറിയുന്നവര്‍ വേണം കേസന്വേഷിക്കാനെന്നും പ്രതി പറഞ്ഞ കാര്യങ്ങളും അന്വേഷിക്കേണ്ടതുണ്ടെന്നും പ്രതിഭാഗം അഭിഭാഷകന് ആളൂര്‍ കോടതിയില്‍ ബോധിപ്പിച്ചു.
എന്നാല്‍ കോടതി ഇതു തള്ളുകയായിരുന്നു. നിലവില്‍ ശിക്ഷ സംബന്ധിച്ച വാദമാണ് നടക്കുന്നത്. അതു സംബന്ധിച്ച വാദമാണ് നടത്തേണ്ടതെന്നും കോടതി ഓര്‍മിപ്പിച്ചു.
അതേസമയം, കുറ്റം ചെയ്തെന്ന് കോടതി കണ്ടെത്തിയ സ്ഥിതിയ്ക്ക് എന്തെങ്കിലും പറയാനുണ്ടോയെന്ന് ജഡ്ജി അമീറിനോട് ചോദിച്ചു. കുറ്റം ചെയ്തിട്ടില്ലെന്നും ജിഷയെ അറിയില്ലെന്നും അമീര്‍ മറുപടി നല്കി.
പ്രതി സഹതാപം അര്‍ഹിക്കുന്നില്ലെന്നും നടത്തിയത് അതിമൃഗീയമായ കൃത്യമാണെന്നും അതിനാല്‍ വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന് കോടതിയില്‍ ആവശ്യപ്പെട്ടു.
കോടതിയിലേക്ക് കൊണ്ടുപോകുംവഴി താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് അമീര്‍ ആവര്‍ത്തിച്ചിരുന്നു. ജിഷയെ കൊന്നത് ആരാണെന്ന് അറിയില്ലെന്നും അമീര്‍ പറഞ്ഞു. കോടതിയില്‍ കൊണ്ടുപോകും വഴി മാധ്യമങ്ങളോടാണ് ഇയാള്‍ ഇത്തരത്തില്‍ പ്രതികരിച്ചത്.
ജിഷവധക്കേസ്: അന്വേഷണ വഴി ഇങ്ങനെ…
ജിഷ വധക്കേസില്‍ അമീര്‍ കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. കോടതിയുടെ കണ്ടെത്തലുകള്‍ ഇന്നലെ അഭിഭാഷക എന്‍.പി.ആശ ഹിന്ദിയില്‍ പ്രതിക്ക് പരിഭാഷപ്പെടുത്തിയിരുന്നു.
ചെയ്ത കുറ്റങ്ങള്‍ ഓരോന്നായി തര്‍ജമ ചെയ്യുമ്പോഴും താന്‍ കുറ്റക്കാരനല്ല, താന്‍ കൊന്നിട്ടില്ല, തന്നെ നിര്‍ബന്ധിച്ച് പൊലിസ് കൊണ്ടുവന്നതാണ് എന്നൊക്കെ പ്രതി ആക്രോശിക്കുന്നുണ്ടായിരുന്നു. ചുമത്തിയ കുറ്റങ്ങള്‍ ജഡ്ജി വായിച്ചുകേള്‍പ്പിച്ചതിനുശേഷം പ്രതിക്ക് എന്തെങ്കിലും പറയാനുണ്ടോയെന്ന് ആരാഞ്ഞപ്പോഴും താന്‍ കുറ്റം ചെയ്തിട്ടില്ലെന്നായിരുന്നു മറുപടി നല്‍കിയത്.
2016 ഏപ്രില്‍ 28ന് വൈകിട്ട് 5.30നും ആറിനുമിടയിലാണ് പെരുമ്പാവൂര്‍ കുറുപ്പംപടി വട്ടോളിപ്പടിയിലെ ഒറ്റമുറി വീട്ടിനുള്ളില്‍ നിയമവിദ്യാര്‍ഥിയായ ജിഷ കൊല്ലപ്പെട്ടത്. പ്രതി അമീര്‍ അമിതമായ ലൈംഗികാസക്തിയോടെ ജിഷയെ മാനഭംഗപ്പെടുത്താന്‍ ശ്രമം നടത്തിയെന്നും അതിനെ ചെറുത്തപ്പോള്‍ കൈയില്‍ കരുതിയ ആയുധമുപയോഗിച്ച് അതിക്രൂരമായി വെട്ടിയും കുത്തിയും പരുക്കേല്‍പ്പിച്ചശേഷം മാനഭംഗപ്പെടുത്തിയെന്നും തുടര്‍ന്ന് കൊല നടത്തിയെന്നുമാണ് കോടതിയുടെ കണ്ടെത്തല്‍.