2024 February 29 Thursday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

തീരാതെ തര്‍ക്കം; ഇന്ത്യയിലുള്ള തങ്ങളുടെ പൗരന്‍മാര്‍ക്ക് വീണ്ടും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കാനഡ

തീരാതെ തര്‍ക്കം; ഇന്ത്യയിലുള്ള തങ്ങളുടെ പൗരന്‍മാര്‍ക്ക് വീണ്ടും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കാനഡ

ഒട്ടാവ: നയതന്ത്ര ബന്ധം വഷളാകുന്ന സാഹചര്യത്തില്‍ ഇന്ത്യയിലുള്ളതും ഇന്ത്യയിലേക്ക് യാത്രചെയ്യുന്നതുമായ തങ്ങളുടെ പൗരന്മാര്‍ക്ക് വീണ്ടും ജാഗ്രതാ നിര്‍ദേശം നല്‍കി കാനഡ. കനേഡിയന്‍ പൗരന്‍മാര്‍ക്കുള്ള യാത്ര മാര്‍ഗനിര്‍ദേശം അഞ്ച് ദിവസത്തിനിടെ രണ്ടാംതവണയാണ് കാനഡ പുതുക്കുന്നത്.

കാനഡക്കെതിരായ വികാരമുയര്‍ത്താനും പ്രതിഷേധിക്കാനുമുള്ള ആഹ്വാനം സമൂഹമാധ്യമങ്ങളിലുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

അതിനിടെ, ഖലിസ്ഥാന്‍വാദികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് കാനഡയിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങള്‍ക്ക് സുരക്ഷ വര്‍ധിപ്പിച്ചു. ഒട്ടാവയിലെ ഇന്ത്യന്‍ ഹൈക്കമീഷന്‍ ഓഫിസിന് മുന്‍പില്‍ ബാരിക്കേഡ് നിരത്തി. ടൊറന്റോയിലെയും വാന്‍കൂവറിലെയും ഇന്ത്യന്‍ കോണ്‍സുലേറ്റുകള്‍ക്കും സുരക്ഷ കൂട്ടി. കാനഡയിലെ പ്രധാന നഗരങ്ങളില്‍ സ്ഥിതിചെയ്യുന്ന ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളിലേക്ക് ഖലിസ്ഥാന്‍വാദികള്‍ പ്രതിഷേധ പ്രകടനം നടത്തി. ഇന്ത്യന്‍ എംബസിക്ക് മുന്നിലും പ്രതിഷേധമുണ്ടായി.

ഇന്ത്യ ഭീകരവാദിയായി പ്രഖ്യാപിച്ച ഖലിസ്താനി നേതാവ് ഹര്‍ദീപ് സിങ് നിജ്ജര്‍ കൊല്ലപ്പെട്ടതില്‍ ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായി കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പ്രസ്താവനക്കുപിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. കാനഡയുടെ ആരോപണം അസംബന്ധവും പരപ്രേരിതവുമാണെന്നാണ് ഇന്ത്യ പ്രതികരിച്ചത്.

കൊലപാതകത്തെ തുടര്‍ന്ന് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയെ പുറത്താക്കിയതിന് തിരിച്ചടിയായി മുതിര്‍ന്ന കനേഡിയന്‍ നയതന്ത്ര പ്രതിനിധിയെ ഇന്ത്യയും പുറത്താക്കി. കൂടാതെ കാനഡയില്‍നിന്നുള്ളവര്‍ക്ക് വിസ സേവനങ്ങള്‍ താല്‍ക്കാലികമായി റദ്ദാക്കുകയും കാനഡയുടെ മണ്ണില്‍ ഇന്ത്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ശക്തികളെ അമര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.