കേരളത്തിലും പണമൊഴുക്കി
വാഷിങ്ടണ്‍; അമേരിക്കയില്‍ ഹിന്ദുത്വ ആശയങ്ങളുടെ പ്രചാരണത്തിന് കേന്ദ്രസര്‍ക്കാരും സംഘ്പരിവാറും ചെലവാക്കിയത് 1,200 കോടി രൂപ.
യു.എസ് ആസ്ഥാനമായ ഏഴു ഹിന്ദുത്വ അനുകൂല സംഘടനകള്‍ കഴിഞ്ഞ ഏഴുവര്‍ഷത്തിനിടെ യു.എസ് വിദേശനയത്തെ സ്വാധീനിക്കാനായി 1,231.6 കോടി രൂപ (158 ദശലക്ഷം ഡോളര്‍) ചെലവിട്ടതായാണ് കണക്ക്. സൗത്തേഷ്യന്‍ സിറ്റിസണ്‍ വെബ് പ്രസിദ്ധീകരിച്ച 93 പേജ് വരുന്ന റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തലുള്ളത്. യു.എസിലെ ഹിന്ദുദേശീയവാദികളുടെ സ്വാധീനം എന്ന പേരില്‍ ഗവേഷകയായ ജസ മാച്ചറാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.
വന്‍തോതില്‍ പണമൊഴുക്കിയതിന് പുറമെ വിദ്യാഭ്യാസരംഗം, വിദേശനയം, മതം, സംസ്‌കാരം തുടങ്ങിയ മേഖലകളില്‍ ഇടപെടല്‍ നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആള്‍ ഇന്ത്യ മൂവ്‌മെന്റ്(എയിം) ഫോര്‍ സേവ, ഏകല്‍ വിദ്യാലയ ഫൗണ്ടേഷന്‍ ഓഫ് അമേരിക്ക, ഇന്ത്യ ഡവലപ്‌മെന്റ് ആന്‍ഡ് റിലീഫ് ഫണ്ട്, പരംശക്തി പീഠ്, പി.വൈ.പി യോഗ് ഫൗണ്ടേഷന്‍, വിശ്വഹിന്ദു പരിഷത്ത് ഓഫ് അമേരിക്ക, സേവ ഇന്റര്‍നാഷനല്‍ തുടങ്ങിയ സംഘടനകളുടെ പ്രവര്‍ത്തനങ്ങളാണ് ഗവേഷക നിരീക്ഷിച്ചത്. ഈ സംഘടനകളുടെ മൊത്തം ആസ്തി 100 ദശലക്ഷം യു.എസ് ഡോളര്‍ വരും.
ആര്‍.എസ്.എസിന്റെ യു.എസ് ഘടകമായ ഹിന്ദു സ്വയംസേവക് സംഘിന്(എച്ച്.എസ്.എസ്) യു.എസിലെ 32 സംസ്ഥാനങ്ങളിലെ 166 നഗരങ്ങളിലായി 222 ശാഖകളുണ്ട്. ഈ ശാഖകളെല്ലാം വളരെ സജീവമായി പ്രവര്‍ത്തിക്കുന്നവയാണ്.
സംഘ് കുടുംബത്തില്‍പ്പെട്ട സേവ ഇന്റര്‍നാഷനല്‍ കേരളത്തിലെ സേവാഭാരതിക്ക് 2005 മുതലുള്ള 14 വര്‍ഷത്തിനിടെ 17 ദശലക്ഷം യു.എസ് ഡോളര്‍ സഹായം നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ തുകയില്‍ 13 ദശലക്ഷവും മോദി അധികാരത്തിലേറിയ ആദ്യ അഞ്ചുവര്‍ഷത്തിനിടെയാണ്.
യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനായി പണംചെലവഴിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. 2015നും 2020നും ഇടയില്‍ കോണ്‍ഗ്രസിലെ ഡെമോക്രാറ്റ് അംഗം രാജാ കൃഷ്ണമൂര്‍ത്തിക്ക് എച്ച്.എ.പി.എ.സി 91 ലക്ഷം രൂപ നല്‍കി. 2014നും 2019നും ഇടയില്‍ കോണ്‍ഗ്രസ് അംഗവും പ്രസിഡന്റ് സ്ഥാനാര്‍ഥിയുമായിരുന്ന തുളസി ഗബ്ബാര്‍ഡിന് 85 ലക്ഷവും ലഭിച്ചു.
Comments are closed for this post.