2020 September 29 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

എങ്ങോ പറന്നകന്ന അമീലിയ

അജ്ഞാത ലോകത്തേക്ക് അവള്‍ പറന്നുപോയി. ലോകം മുഴുവന്‍ അവള്‍ക്കു വേണ്ടി പ്രാര്‍ഥിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു ലോക റെക്കോര്‍ഡ് ലക്ഷ്യമാക്കിയുള്ള ആ യാത്രയുടെ ആരംഭം. പക്ഷെ എന്താണ് സംഭവിച്ചത്?
ആര്‍ക്കും ഒന്നും കൃത്യമായി മനസിലായിട്ടില്ല. 
ആകാശത്തേക്ക് അപ്രത്യക്ഷ്യമായോ? ഭൂമിയില്‍ അജ്ഞാത ദ്വീപുകളിലെവിടെയെങ്കിലും ഇറങ്ങിയോ? കടലിന്റെ അഗാധതയിലേക്ക് ഇറങ്ങിപ്പോയോ? അജ്ഞാതദേശങ്ങളിലെവിടെയോ ജീവിച്ചുവോ? ജപ്പാന്‍കാര്‍ പിടികൂടി തടങ്കലിലാക്കിയോ?
 
കെട്ടുകഥകള്‍ പലതുണ്ട്. പക്ഷെ, അന്നും ഇന്നും അക്കാര്യത്തില്‍ യാതൊരു വ്യക്തതയുമില്ല. എട്ടുപതിറ്റാണ്ടിലേറെയായിട്ടും ഊഹാപോഹങ്ങള്‍ക്കും കഥകള്‍ക്കും സിദ്ധാന്തങ്ങള്‍ക്കും യാതൊരു കുറവും വന്നിട്ടുമില്ല.
അറ്റ്‌ലാന്റിക് സമുദ്രത്തിന് മുകളിലൂടെ തനിച്ച് ലോകത്താദ്യമായി വിമാനം പറത്തിയ വനിത. അമീലിയ ഇയര്‍ഹാര്‍ട് എന്ന ആ യുവതി തന്റെ അന്ത്യയാത്രയായിത്തീര്‍ന്ന ആ പറക്കല്‍ നടത്തിയത് 1937 ജൂലൈ രണ്ടിനായിരുന്നു. 
 
ചെറുപ്പത്തില്‍ത്തന്നെ മിടുക്കിയായിരുന്നു അമീലിയ. അത്യുത്സാഹം എന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാം. സമീപത്തെ ആണ്‍കുട്ടികളെപ്പോലെ സാഹസികമായ കളികളിലേര്‍പ്പെടും. മരം കയറാനും മടിയില്ല. 
അപകടസാധ്യതകളെക്കുറിച്ച് ഭയമില്ല. അമ്മ അത്തരം ജീവിതമാണ് അവളെ ശീലിപ്പിച്ചതും. നിര്‍ഭയരായി, മിടുക്കികളായി, അന്തസ്സുറ്റവരായി, അതേസമയം അഭിജാതരായി ആ മാതാവ് അമീലിയയെയും സഹോദരിയെയും വളര്‍ത്തി.
 
1860ലെ കാര്യമാണ് പറയുന്നത്. അമേരിക്ക ഇന്നത്തെ അമേരിക്കയൊന്നുമായിരുന്നില്ല അക്കാലങ്ങളില്‍ എന്നുമോര്‍ക്കുക. 
മറ്റുള്ളവര്‍ സാധാരണയായി ചെയ്യാന്‍ ഭയക്കുന്ന സാഹസികമായ സല്‍പ്രവൃത്തികള്‍ ചെയ്യണമെന്ന ആഗ്രഹം ചെറുപ്പം മുതല്‍ത്തന്നെ അവര്‍ക്കുണ്ടായി. 
മഹത്തായ കാര്യങ്ങള്‍ ചെയ്യണം. അവ ലോകത്തിന് ഗുണകരവുമാവണം. 
 
ഒന്നാം ലോകമഹായുദ്ധം അതിന് നല്ലൊരു അവസരം പ്രദാനം ചെയ്തു. ടൊറന്റോയില്‍ സഹോദരിയെ സന്ദര്‍ശിക്കാന്‍ പോയ അമീലിയ അവിടെ സൈനിക ആശുപത്രിയില്‍ നഴ്‌സിങ് വളണ്ടിയറായി സേവനം നടത്തി. യുദ്ധം കഴിഞ്ഞപ്പോഴേക്കും ലോകത്ത് അതിഭീകരമായ പകര്‍ച്ചവ്യാധി-ഫ്‌ളൂ- പടര്‍ന്നുപിടിച്ചിരുന്നു. എന്നിട്ടും നിര്‍ഭയയായി അവള്‍ ആശുപത്രിയില്‍ സേവനം തുടര്‍ന്നു. പക്ഷെ അവളെയും രോഗം പിടികൂടി. ഒരു വര്‍ഷം കഴിഞ്ഞാണ് ആരോഗ്യവതിയായി പുറത്തുവരാന്‍ സാധ്യമായത്. 
 
അതുകഴിഞ്ഞാണ് അമീലിയ എര്‍ഹാര്‍ടിന്റെ ജീവിതം മാറ്റിമറിച്ച സംഭവം ഉണ്ടാകുന്നത്.
ടൊറന്റോയില്‍, പ്രശസ്തമായ കനേഡിയന്‍ ദേശീയ എക്‌സിബിഷന്‍ നടക്കുന്ന സമയമായിരുന്നു. അതിന്റെ ഭാഗമായ വ്യോമാഭ്യാസ പ്രദര്‍ശനത്തിന് അവളും സാക്ഷിയായി. അതില്‍ ഒരു വിമാനം ശരിക്കും തലയ്ക്ക് തൊട്ടുമുകളിലൂടെ പറന്നുപോയത് കൗതുകത്തോടെയും അത്യതിശയത്തോടെയും അവള്‍ കണ്ടുനിന്നു.
ആ നിമിഷം മുതല്‍ അവളുടെ മനസ്സ് വിമാനത്തില്‍ മാത്രമായി. കന്‍സാസിലെ വീട്ടില്‍ തിരിച്ചെത്തിയ അമീലിയ ഇയര്‍ഹാര്‍ട്, ജീവിതത്തിലെ ആദ്യവിമാനയാത്ര നടത്തി. ആ യാത്ര അവള്‍ ശരിക്കും ആസ്വദിച്ചു. എന്നിട്ട്, അക്കാലത്ത് സ്ത്രീകള്‍ ധൈര്യപ്പെടാത്ത ആ പ്രഖ്യാപനം നടത്തി. 
‘ഞാന്‍ വിമാനം പറത്താന്‍ പോവുന്നു!’ 
 
പറ്റാവുന്ന ജോലികളെല്ലാം ചെയ്ത് പണം സമ്പാദിച്ച് അവള്‍ പൈലറ്റ് പരിശീലനം നടത്തി. അന്താരാഷ്ട്ര പൈലറ്റ് ലൈസന്‍സും സ്വന്തമാക്കി. അതോടെ സെലിബ്രിറ്റിയായി മാറിയ അമീലിയ ഇയര്‍ഹാര്‍ട്, മറ്റു പെണ്‍കുട്ടികളെയും പുതിയ പുതിയ രംഗങ്ങളില്‍ കര്‍മനിരതരാകാന്‍ പ്രോത്സാഹിപ്പിച്ചു.പന്നീടങ്ങോട്ട് റെക്കോഡുകളുടെ മേളമായിരുന്നു. നോര്‍ത്ത് അമേരിക്കയിലേക്കും തിരിച്ചും പറന്നു. 
അറ്റ്‌ലാന്റിക് സമുദ്രത്തിന് മുകളിലൂടെ തനിച്ചു പറന്നു. അങ്ങിനെയങ്ങിനെ വലിയൊരു താരമായി അമീലിയ മാറി. 
ആ പ്രശസ്തിയെ സ്ത്രീകളുടെ പദവിയും അന്തസ്സും ഉയര്‍ത്താനുള്ള അവസരമാക്കി അവള്‍ മാറ്റിയെടുത്തു. ആകാശത്ത് മാത്രമല്ല, ഭൂമിയിലും പുതുപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ ഏറെപ്പേര്‍ മുന്നോട്ടുവന്നു.
ആ പ്രശസ്തിയുടെ പരകോടിയിലാണ് വിമാനത്തില്‍ ലോകം ചുറ്റുകയെന്ന ആശയവുമായി അവള്‍ പുറപ്പെടുന്നതും നിഗൂഢത ബാക്കിയാക്കി അപ്രത്യക്ഷയാകുന്നതും.
ആ യുവതിയുടെ ജീവിതം അതോടെ അസ്തമിച്ചുവെങ്കിലും ആയിരക്കണക്കിന് പെണ്‍കുട്ടികള്‍ക്ക് ആ ജീവിതം പ്രചോദനമായി. നൂറുകണക്കിന് ലേഖനങ്ങളും ഡസന്‍കണക്കിന് പുസ്തകങ്ങളും പിന്നീട് പുറത്തിറങ്ങി. 
എത്രയെത്ര പാട്ടുകള്‍, കഥകള്‍, നാടകങ്ങള്‍ എല്ലാം എഴുതപ്പെട്ടു. പെണ്‍കുട്ടികള്‍ക്ക് അവള്‍ റോള്‍മോഡലായി. പലരും അത്തരം വലിയ സ്വപ്നങ്ങള്‍ക്ക് പുറകേപോവുകയും സാഹസിക മേഖലകള്‍ തിരഞ്ഞെടുക്കുകയും ചെയ്തു. 
 
ഒരു മിത്തായി അവള്‍ ഇന്നും ജനഹൃദയങ്ങളില്‍ ജീവിക്കുന്നു. പ്രകാശസ്തംഭം, സ്മാരകസ്റ്റാമ്പ്, വിമാനത്താവളം, ഫെസ്റ്റിവല്‍, വെങ്കലപ്രതിമ, ഏവിയേഷന്‍ടെര്‍മിനല്‍, റസിഡന്റ്‌സ് ഹാള്‍, മ്യൂസിയം അങ്ങിനെയങ്ങിനെ അവള്‍ക്കായി ഉയര്‍ന്ന സ്മാരകങ്ങള്‍ നിരവധി!
 
ഇയര്‍ഹാര്‍ട് പറത്തിയ അതേപാതയിലൂടെ, അതേതരം വിമാനത്തില്‍ എണ്‍പത് വര്‍ഷങ്ങള്‍ക്കു ശേഷം 2017ല്‍ പോലും വിമാനം പറത്തല്‍ പുനരാവിഷ്‌കരിച്ച് അവരുടെ സ്മരണയ്ക്ക് ആദരാഞ്ജലിയര്‍പ്പിക്കപ്പെട്ടു!
ലോകമെങ്ങുമുള്ള അനേകം ഗവേഷകര്‍ ആ തിരോധാനത്തിനു പിന്നിലെ വാസ്തവം തിരഞ്ഞുകൊണ്ടിരിക്കുന്നു. 
 
അതിനെല്ലാമുപരി ഭയം വെടിഞ്ഞ് പുതുമേഖലകളിലേക്ക് കുതിക്കാനുള്ള പ്രേരണ അമീലിയ ഇയര്‍ഹാര്‍ട് പുതുതലമുറയ്ക്ക് നല്‍കിക്കൊണ്ടേയിരിക്കുന്നു. റിസ്‌ക് ഏറ്റെടുത്ത് മുന്നോട്ട് പോവുന്നവരാണല്ലോ, പിന്നാലെ വരുന്നവര്‍ക്ക് വെളിച്ചമാവുന്നത്. അമീലിയ പറയുന്നത് കാണുക;
‘പറക്കാനായി സമുദ്രം എല്ലാവര്‍ക്കുമുണ്ട്. അവര്‍ക്കതിന് മനസ്സുണ്ടെങ്കില്‍……’
     ‘Everyone has oceans to fly, if th-ey have the heart to do it…’
ഏതാണ് എന്റെ ആ മഹാസമുദ്രം? അത് നാം കണ്ടെത്തേണ്ടിയിരിക്കുന്നു
 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.