
ബെംഗളൂരു: ഇ- കൊമേഴ്സ് ഭീമന് ആമസോണ്‍ ഓണ്‍ലൈന്‍ അക്കാദമി രംഗത്തേക്കും കാല്‍വച്ചു. ജോയിന്റ് എന്‍ട്രന്‍സ് എക്സാമിനേഷന് (JEE) പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനായാണ് ആമസോണ്‍ ഇന്ത്യ കോഴ്സ് ആരംഭിച്ചത്.
‘Amazon Academy’ വെബ്സൈറ്റായും ആന്‍ഡ്രോയിഡ് ആപ്പായും ലഭ്യമാണ്. ലേണിങ് മെറ്റീരിയല്‍, ലൈവ് ക്ലാസുകള്‍, വിലയിരുത്തല്‍ എന്നീ ഫീച്ചറുകള്‍ ലഭ്യമാണ്.
നിലവില്‍ സൗജന്യമായാണ് ഉള്ളടക്കം ലഭിക്കുകയെന്നും കുറച്ചു മാസത്തേക്ക് കൂടി സൗജന്യമായി തന്നെ തുടരുമെന്നും ആമസോണ്‍ ഇന്ത്യ വ്യക്തമാക്കി.
ഇന്ത്യയിലെ എന്‍ജിനിയറിങ് കോളജുകളിലേക്കായി സര്‍ക്കാര്‍ നടത്തുന്ന പരീക്ഷയില്‍ പ്രതിവര്‍ഷം 20 ലക്ഷം പേര് പങ്കെടുക്കാറുണ്ട്. ഇവര്‍ക്കായി രാജ്യത്തുടനീളം നിരവധി ട്യൂഷന് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ കൊവിഡ് വന്നതോടെ എല്ലാം പൂട്ടുകയോ ഓണ്‍ലൈന്‍ രംഗത്തേക്ക് കടക്കുകയോ ചെയ്തു. ഇതു മുതലെടുത്താണ് ആമസോണും ഈ രംഗത്തേക്ക് ഇറങ്ങിയിരിക്കുന്നത്.
2022 ഓടെ ഒന്നു മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള ഓണ്‍ലൈന്‍ വിദ്യാഭ്യാസ മാര്‍ക്കറ്റ് ആറിരട്ടി വര്‍ധിച്ച് 1.7 ബില്യണ്‍ ഡോളറാവുമെന്നാണ് കണക്കാക്കുന്നത്. പന്ത്രണ്ടാം ക്ലാസിനു മുകളിലുള്ളതിന്റേത് 1.8 ബില്യണ്‍ ഡോളറുമാവും.