
ഇപ്പോള്‍ വാട്സ്ആപ്പില്‍ നിരന്തരം ഒരു മെസേജ് പരക്കുകയാണ്. ആമസോണിന്റെ 26-ാം വാര്‍ഷികത്തോടനുബന്ധിച്ച് എല്ലാവര്ക്കും സൗജന്യ സമ്മാനം നല്‍കുന്നുവെന്ന തരത്തിലുള്ള ലിങ്കാണ് പ്രചരിക്കുന്നത്. നിരവധി പേരാണ് ഈ ലിങ്ക് പങ്കുവയ്ക്കുന്നത്. എന്നാല്‍ ഇതിലെ സുരക്ഷാപ്രശ്നങ്ങളും തട്ടിപ്പും അറിയാതെയാണ് ഇവരെല്ലാം ഷെയര്‍ ചെയ്തുകൊണ്ടേയിരിക്കുന്നത്.
സംഗതി വ്യാജമാണ്. ശുദ്ധ തട്ടിപ്പ്. ആമസോണിന് ഇത്തരമൊരു പദ്ധതിയില്ലെന്നതാണ് വാസ്തവം. ഈ പ്രചരിക്കുന്ന ലിങ്ക് തന്നെ ശ്രദ്ധിച്ചാല്‍, യു.ആര്.എല്‍ (ലിങ്ക് അഡ്രസ്) പല രൂപത്തിലാണെന്ന് വ്യക്തമാവും. എന്നാല്‍ അതൊന്നും ശ്രദ്ധിക്കാതെ, ആമസോണിന്റെ ലോഗോ മാത്രം കണ്ട് ആളുകള്‍ ഷെയര്‍ ചെയ്യുകയാണ്.
ലിങ്ക് തുറന്നാലുള്ള വ്യാജ സന്ദേശം
പലര്‍ക്കും പല യു.ആര്.എല്‍ അഡ്രസിലുള്ള ലിങ്കാണ് ലഭിക്കുന്നത്. നല്കുന്ന സന്ദേശത്തിലും മാറ്റമുണ്ട്. ചിലര്‍ക്ക് 30-ാം വാര്‍ഷികം, ചിലര്‍ക്ക് 26, മറ്റു ചിലര്‍ക്ക് 20. യഥാര്‍ഥത്തില്‍ ആമസോണ്‍ സ്ഥാപിതമായത് 1994 ജൂലൈ അഞ്ചിനാണ്.
ലിങ്കില്‍ കയറിയാല്‍ മോഹിപ്പിക്കുന്ന വാഗ്ദാനമാണ് നല്‍കുന്നത്. ഓരോ ദിനം ഓരോ ഫോണ്‍ നല്കുമെന്നൊക്കെയുള്ള വമ്പന്‍ ഓഫറുകള്‍. ഇതില്‍ കണ്ണുതള്ളി അതില്‍ ചോദിക്കുന്ന വിവരങ്ങള്‍ ഒരു പ്രശ്നവുമില്ലാതെ ആളുകള്‍ കൈമാറുകയാണ്. തീര്‍ന്നില്ല, പല ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്യുകയും സുഹൃത്തുക്കളെ കൂടി തട്ടിപ്പിനിരയാക്കുകയും ചെയ്യുന്നു. ഇപ്പോള്‍ ആമസോണിന്റെ പേരിലാണെങ്കില്‍, പല കാലത്ത് പല കമ്പനികളുടെ പേരിലാണ് ഇതേ തട്ടിപ്പ് അരങ്ങേറുന്നത്. നേരത്തെ ടാറ്റയുടെ പേരിലും അഡിഡാസ്, നൈക്കി തുടങ്ങിയ കമ്പനികളുടെ പേരിലും സമാനമായ തട്ടിപ്പ് നടന്നിരുന്നു.
ശ്രദ്ധിക്കുക: നിങ്ങളുടെ വ്യക്തിവിവരങ്ങള്‍ ശേഖരിക്കുന്നതിനൊപ്പം ഫോണിലുള്ള വിവരങ്ങള്‍ കൂടി കൊത്തിയെടുക്കാന്‍ പാകത്തില്‍ ഇത്തരത്തിലുള്ള തട്ടിപ്പിലൂടെ നിങ്ങള്‍ ഇരയാവുന്നുണ്ട്. സ്വകാര്യതയ്ക്കും വ്യക്തിവിവരങ്ങളുടെ സംരക്ഷണത്തിനും വേണ്ടി ഒരു ഭാഗത്തു വാദിക്കുമ്പോള്‍ തന്നെ, ഭാഗ്യപരീക്ഷണത്തിന്റെ പേരില്‍ ദിനേന ചെന്നുപെടുന്ന തട്ടിപ്പുകള്‍ക്ക് നിന്നുകൊടുക്കാന്‍ ആളുകള്‍ക്ക് ഒരു മടിയുമില്ല.