2021 July 28 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഹിന്ദിപഠിച്ച് ആമസോണിന്റെ അലക്‌സ അസിസ്റ്റന്റ്, ഇനി ആര്‍ക്കും അനായാസം ഹിന്ദി കൈകാര്യം ചെയ്യാം

ഹിന്ദി സംസാരിക്കണമെന്ന അമിത് ഷായുടെ വാക്ക് അക്ഷരം പ്രതി അനുസരിച്ച് ആമസോണിന്റെ അലക്‌സ അസിസ്റ്റന്റ്. ഒരു ഭാഷ ഒരുരാജ്യമെന്ന ആശയത്തോട് മലയാളികളടക്കം പ്രതിഷേധമറിയിക്കുമ്പോള്‍ ഒരു പക്ഷേ ഹിന്ദിഭാഷ നിര്‍ബന്ധമാക്കിയാലോ എന്ന് ദീര്‍ഘ വീക്ഷണം നടത്തിയത് ലോകത്തെതന്നെ പ്രമുഖ കമ്പനിയായ ആമസോണാണ്.
ഹിന്ദിയറിയാത്ത ഇന്ത്യക്കാരെ സഹായിക്കാന്‍ പ്രാദേശിക ഭാഷയില്‍പോലും മറുപടി പറയാന്‍ ഈ വോയിസ് അസിസ്റ്റന്റിന് സാധിക്കും.

ആമസോണ്‍ അവതരിപ്പിച്ച ക്ലിയോ എന്ന സംവിധാനമാണ് അലക്‌സയെ ഭാഷയില്‍ പ്രാവിണ്യം നേടാന്‍ സഹായിച്ചത്. ക്രൌഡ് സോഴ്‌സിങ്ങലൂടെ ഒന്നലധികം ഭാഷ സംസാരിക്കുന്നവരെ വച്ച് ഭാഷ മനസ്സിലാക്കുന്ന സംവിധാനമാണ് ക്ലിയോ. ഇതിലൂടെ ഭാഷ മനസ്സിലാക്കാനും അര്‍ത്ഥ വ്യത്യാസങ്ങള്‍ തിരിച്ചറിയാനും സാധിക്കുന്നു. ആളുകള്‍ക്കിടയില്‍ നിന്ന് വികസിപ്പിച്ചതിനാല്‍ തന്നെ ഭാഷയ്ക്കകത്തെ മാറ്റങ്ങളും ഈ സംവിധാനത്തിന് മനസ്സിലാക്കാന്‍ സാധിക്കും.

മെഷീന്‍ ലേര്‍ണിങ്ങും ഡീപ്പ് ലേര്‍ണിങ് സംവിധാനങ്ങളും ഉപയോഗിച്ച് സന്ദര്‍ഭത്തിനനുസരിച്ചും സാംസ്‌കാരികപരമായും ഭാഷയുടെ എല്ലാ മാനങ്ങളെയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിധത്തിലാണ് അലക്‌സ നിര്‍മ്മിച്ചിരിക്കുന്നത്. ഹിന്ദി മനസ്സിലാക്കാന്‍ സാധിക്കുന്നതിലൂടെ ആളുകളുടെ ആവശ്യങ്ങള്‍ കൃത്യമായി അറിയാനും അവര്‍ക്ക് വ്യക്തമാക്കുന്ന വിധത്തില്‍ മറുപടികള്‍ നല്‍കാനും സാധിക്കുന്നുമെന്ന് ആമസോണ്‍ പറയുന്നു.

ഉടന്‍തന്നെ ഉപയോക്താക്കള്‍ക്ക് ഇഷ്ടമുള്ള ഭാഷയില്‍ ചോദ്യങ്ങള്‍ ചോദിക്കാനും ചോദ്യങ്ങള്‍ക്കിടെ ഇംഗ്ലീഷും ഹിന്ദിയും മാറി മാറി ഉപയോഗിക്കാനും കഴിയുന്ന തരത്തില്‍ മള്‍ട്ടി ലാഗ്വേജ് സപ്പോര്‍ട്ട് കൂടി നിര്‍മ്മിക്കുന്നതിന്റെ പണിപ്പുരയിലാണ് ആമസോണ്‍.

ഗൂഗിളും കെ.പി.എം.ജിയും ചേര്‍ന്ന് പുറത്തുവിട്ട ഇന്റര്‍നെറ്റ് ട്രെന്റ് റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യന്‍ ഭാഷ ഉപയോഗിക്കുന്ന ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ എണ്ണം റെക്കോര്‍ഡിലേക്കാണ് കടക്കുന്നത്. എകദേശം 2021 ആകുന്നതോടെ 534 മില്ല്യണിലേക്ക് എത്തുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇംഗ്ലീഷ് ഉപയോഗിക്കുന്നവരുടെ എണ്ണമായ 199 മില്ല്യണെ ഹിന്ദി ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം 201 മില്ല്യണിലെത്തി പരാജയപ്പെടുത്തുമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്. ഇന്ത്യന്‍ പ്രാദേശിക ഭാഷകളില്‍ കണ്ടന്റുകളും സേവനങ്ങളും നല്‍കാന്‍ കമ്പനികള്‍ തയ്യാറാകുന്നതിന്റെ കാരണവും ഇതുതന്നെയാണ്.

ഹിന്ദി ഭാഷ കൂടി ഉള്‍പ്പെടുത്തുന്നതോടെ രാജ്യത്തെ വിപണിയില്‍ ആധിപത്യം സ്ഥാപിക്കാനാവുമെന്ന കണക്കുകൂട്ടലിലാണ് ആമസോണ്‍. ഇകൊമേഴ്‌സ് രംഗത്തിന് ഏറ്റവും പ്രധാനമായി വേണ്ടത് ലോക്കല്‍ കമ്മ്യൂണിറ്റിയുമായുള്ള ബന്ധമാണ്. ഇന്ത്യക്കാര്‍ വലിയ തോതില്‍തന്നെ ഈ സംവിധാനം ഉപയോഗപ്പെടുത്തുമെന്ന വലിയ പ്രതീക്ഷയിലാണ് ആമസോണ്‍. ആമസോണ്‍ ഹിന്ദി സപ്പോര്‍ട്ടോടു ഏത് ഭാഷയിലുള്ളവര്‍ക്കും അനായാസമായി കൈകാര്യം ചെയ്യാവുന്നതാണ്.
അലക്‌സയുടെ സേവനം ലഭ്യമാവാന്‍ ‘അലക്‌സാ ഹെല്‍പ് മി ടു സെറ്റ് അപ് ഹിന്ദി ‘ എന്ന് പറഞ്ഞാല്‍ മതി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.