2023 October 02 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ആലുവ കൊലക്കേസില്‍ കുറ്റപത്രം ഇന്ന്

ആലുവ കൊലക്കേസില്‍ കുറ്റപത്രം ഇന്ന്

ആലുവ: ആലുവയില്‍ അഞ്ചു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന് കേസില്‍ പൊലിസ് ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. കേരള മനഃസാക്ഷിയെ ഞെട്ടിച്ച കൊലപാതകത്തില്‍ 35ാം ദിവസമാണ് പൊലിസ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. ബിഹാര്‍ സ്വദേശി അസഫാക് ആലം മാത്രമാണ് കേസിലെ പ്രതി.

ജൂലൈ 28നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്. കുട്ടിയെ പ്രതി അസഫാക് പീഡിപ്പിച്ച ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം പൊലിസ് സ്ഥിരീകരിച്ചു. ശരീരത്തില്‍ നിറയെ മുറിവുകളോടെയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. സ്വകാര്യഭാഗത്തടക്കം മുറിവുകളുണ്ടായിരുന്നു. പീഡനത്തിന് ശേഷം കുട്ടിയുടെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ഫോറസ്‌കിക് സംഘത്തില്‍ നിന്നും പൊലിസിന് ലഭിച്ച വിവരം. കുട്ടി ധരിച്ചിരുന്ന ബനിയന്‍ കഴുത്തില്‍ മുറുക്കിയാണ് കൊലപാതകം നടത്തിയത്.

ജൂലൈ 27ന് തട്ടിക്കൊണ്ടുപോയ അഞ്ചു വയസ്സുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ ആലുവ മാര്‍ക്കറ്റിലെ മാലിന്യ കൂമ്പാരത്തിനരികെ നിന്നാണ് കണ്ടെത്തിയത്. വൈകിട്ട് 3 മണിയോടെയാണ് ജ്യൂസ് വാങ്ങിക്കൊടുത്ത് അസഫാക് ആലം കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. സിസിടിവി ദൃശ്യത്തിന്റെ പരിശോധനയില്‍ അസഫാക് കുട്ടിയെ കൊണ്ടു പോകുന്നത് തിരിച്ചറിഞ്ഞ പൊലിസ് ഇയാളെ രാത്രിയോടെ തൊട്ടക്കട്ട് കരയില്‍ നിന്ന് ഇയാളെ പിടികൂടിയിരുന്നു. എന്നാല്‍ മദ്യപിച്ച് അബോധാവസ്ഥയിലായിരുന്ന ഇയാളില്‍ നിന്നും പൊലിസിന് വിവരങ്ങളൊന്നും ശേഖരിക്കാനിയില്ല. റെയില്‍ വേസ്റ്റേഷന്‍ കേന്ദ്രീകരിച്ചും തൊഴിലാളി ക്യാമ്പുകള്‍ കേന്ദ്രീകരിച്ചും പരിശോധന നടത്തിയെങ്കിലും പൊലിസിന് കുട്ടിയെ കണ്ടെത്താനായില്ല.

രാവിലെ മാധ്യമ വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ പൊലീസ് പങ്കുവെച്ച വിവരങ്ങളും ശ്രദ്ധയില്‍ പെട്ട ആലുവ മാര്‍ക്കറ്റിലെ തൊഴിലാളികളാണ് ഒരു കുട്ടിയുമായി ഒരാളെ ഇന്നലെ വൈകിട്ട് മൂന്നരയോടെ മാര്‍ക്കറ്റില്‍ കണ്ടതായി പൊലിസിനെ അറിയിച്ചത്. രാവിലെ ലഹരി വിട്ട അസഫാക് ആകട്ടെ സാക്കീര്‍ എന്നയാള്‍ക്ക് കുട്ടിയെ കൈമാറിയെന്ന് ആദ്യം പൊലിസിനോട് പറഞ്ഞെങ്കിലും പിന്നീട് കുറ്റം സമ്മതിച്ചു. തുടര്‍ന്നാണ് മാര്‍ക്കറ്റിനു പുറകില്‍ മാലിന്യം നിക്ഷേപിക്കുന്ന പെരിയാര്‍ തീരത്ത് മൃതദേഹം കണ്ടത്.

ചാക്കില്‍ മൂടി പുറത്ത് കല്ല് കയറ്റിവെച്ച മൃതദേഹം ഉറുമ്പരിച്ച് നിലയിലായിരുന്നു. ചാക്കിന് പുറത്തേക്ക് കിടന്ന കൈയാണ് ആദ്യം തൊഴിലാളികളുടെ ശ്രദ്ധയില്‍ പെട്ടത്. വിവരമറിഞ്ഞെത്തിയ പൊലിസ് കുട്ടിയുടെ അച്ഛനെ സ്ഥലത്ത് എത്തിച്ചാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യത്തില്‍ നേരത്തെ തന്നെ അറസ്റ്റിലായ ക്രിമിനലാണ് അസഫാക് ആലം എന്നാണ് പൊലിസിന്റെ കണ്ടെത്തല്‍. 2018ല്‍ ഡല്‍ഹി ഗാസിപൂരില്‍ പത്ത് വയസുള്ള പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയതിന് പോക്‌സോ ആക്ട് അടക്കം വിവിധ വകുപ്പുകള്‍ പ്രകാരം അസഫാക് ആലം പിടിയിലായിട്ടുണ്ട്. ഒരു മാസം തടവില്‍ കഴിഞ്ഞ പ്രതി ജാമ്യത്തിലിറങ്ങിയ ശേഷമാണ് കേരളത്തിലേക്ക് കടന്നത്. കേരളത്തില്‍ മൊബൈല്‍ മോഷണ കേസിലും ഇയാള്‍ പ്രതിയായിട്ടുണ്ട്. മോഷണം നടത്തി ആ പണം കൊണ്ട് മദ്യപിക്കുന്നതാണ് പ്രതിയുടെ രീതി. നിര്‍മ്മാണ ജോലിക്ക് പോയിരുന്നത് അപൂര്‍വ്വമായി മാത്രമാണെന്നും പൊലിസ് പറയുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.