
ഒസാക: ജി20 ഉച്ചകോടി ശനിയാഴ്ച സമാപിച്ചപ്പോള്‍, ലോകം ആശങ്കയോടെ കണ്ടിരുന്ന യു.എസ്- ചൈന വ്യാപാര യുദ്ധത്തിന് കൂടി ഏതാണ്ട് അയവ് വന്നിരിക്കുന്നു. ചൈനയുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ തുടരാനും തമ്മില്‍ ധാരണയായി. ലോക രാജ്യങ്ങളെയെല്ലാം വെല്ലുവിളിച്ച്, ഒരു നിലയ്ക്കും വഴങ്ങില്ലെന്ന പ്രസ്താവന നടത്തിയാണ് ട്രംപ് ഉച്ചകോടിക്കെത്തിയത്.
കഴിഞ്ഞ മേയില്‍ ചൈനയുടെ 200 ബില്യണ്‍ ഉല്പന്നങ്ങള്ക്കെതിരെ യു.എസ് ചുമത്തിയ 25 ശതമാനം താരിഫ് അതുപോലെ തുടരുമെന്ന് ട്രംപ്- ഷി ജിന്‍പിങ് ഉഭയകക്ഷി ചര്‍ച്ചയ്ക്കൊടുവില്‍ വ്യക്തമാക്കി. എന്നാല്‍ ഇരു രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്നം രണ്ടുപേരും ചേര്‍ന്ന് കലുഷിതമാക്കില്ലെന്നും ചര്‍ച്ചയില്‍ ഉറപ്പുനല്‍കി.
വ്യാപാരതര്‍ക്കം തുടരുന്നത് ഇരു രാജ്യങ്ങളിലെയും കമ്പനികള്‍ക്ക് വലിയ നഷ്ടം വരുത്തിവെച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ട്രംപിന്റെ സമവായ ശ്രമം.
ഞങ്ങള്‍ തമ്മില്‍ നല്ലൊരു കൂടിക്കാഴ്ചയാണ് നടന്നത്. ഞങ്ങള്‍ ഒരേ പാതയില്‍ തിരിച്ചെത്തി- കൂടിക്കാഴ്ചയ്ക്കു ശേഷം ട്രംപ് പറഞ്ഞു. യു.എസിന്റെ വിട്ടുവീഴ്ചയ്ക്ക് പകരമായി ചൈന കൂടുതല്‍ യു.എസ് ഉല്‍പ്പന്നങ്ങള്‍ വാങ്ങാമെന്നും ധാരണയിലെത്തിയിട്ടുണ്ടെന്ന് ട്രംപ് പറഞ്ഞു.
വാവേയ്ക്കെതിരായ നിയന്ത്രണം നീക്കുന്നു?
അതേസമയം, ചൈനീസ് കമ്പനിയായ വാവെക്കെതിരെ യു.എസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തയ്യാറാകുന്നതായും റിപ്പോര്‍ട്ടുണ്ട്. യു.എസ് കമ്പനികള്‍ വാവെക്ക് തങ്ങളുടെ സാങ്കേതികവിദ്യ വില്‍ക്കരുതെന്ന് ട്രംപ് നേരത്തെ ഉത്തരവിട്ടിരുന്നു. ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ അപ്ഡേറ്റുകള് വാവെക്ക് ലഭ്യമാക്കരുതെന്നത് അടക്കമുള്ള കടുത്ത നിലപാടുകളാണ് ട്രംപ് എടുത്തിരുന്നത്.
എന്നാല്‍ യു.എസ് കമ്പനികള്‍ വാവെക്ക് സാങ്കേതികവിദ്യ വില്‍ക്കാമെന്ന് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയ ട്രംപ് ചൈനയും യു.എസും മികച്ച തന്ത്രപ്രധാന പങ്കാളികളായി പ്രവര്‍ത്തിക്കുമെന്ന് വ്യക്തമാക്കി. വാഷിങ്ടണ്‍ പോസ്റ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
പതിവുപോലെ ഒറ്റപ്പെട്ട്
കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനുള്ള ജി20 തീരുമാനത്തെ പതിവുപോലെ ട്രംപ് എതിര്‍ത്തു. ഇതോടെ ജി20 യില്‍ യു.എസ് ഒറ്റപ്പെടുകയും ചെയ്തു. മറ്റെല്ലാം രാജ്യങ്ങളും ഒറ്റക്കെട്ടായാണ് ഇക്കാര്യത്തില്‍ അനുകൂല തീരുമാനം കൈക്കൊണ്ടത്.
Comments are closed for this post.