2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ശൈഖ് അബ്ദുല്ല അൽ നഹ്ദിയെ ആദരിച്ചു

ജിദ്ദ: നിർധന രോഗികൾക്കും കാഴ്ച ശക്തിയില്ലാത്തവരുമായ പതിനായിരക്കണക്കിന് ഇന്ത്യക്കാർക്ക് കാരുണ്യ ഹസ്തം നീട്ടിയ പ്രമുഖ ജീവ കാരുണ്യ പ്രവർത്തകനും അൽ നഹ്ദി മെഡിക്കൽ കമ്പനി ചെയർമാനുമായ ശൈഖ് അബ്ദുല്ല ആമിർ അൽ നഹ്ദിയെ ഇന്ത്യൻ സമൂഹം ആദരിച്ചു. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന്റെയും ഗുഡ്‌വിൽ ഗ്ലോബൽ ഇനീഷ്യേറ്റീവിന്റെയും സ്നേഹോപഹാരം ജി ജി ഐ ഭാരവാഹികൾ അദ്ദേഹത്തിന് സമ്മാനിച്ചു. ജി ജി ഐ പ്രസിഡന്റ് ഡോ. ഇസ്മായീൽ മരിതേരി, ജനറൽ സെക്രട്ടറി ഹസൻ ചെറൂപ്പ, ട്രഷറർ ഇബ്‌റാഹീം ശംനാട്, സെക്രട്ടറി കബീർ കൊണ്ടോട്ടി, മുൻ ട്രഷററും അൽ നഹ്ദി കമ്പനി മുൻ പർച്ചേസ് മാനേജരുമായ പി.വി ഹസൻ സിദ്ധീഖ് ബാബു എന്നിവർ ചടങ്ങിൽ സംസാരിച്ചു.

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ, ഗ്ലോബൽ ഇസ്‍ലാമിക് ഫൌണ്ടേഷൻ ഫോർ ദ ബ്ലൈൻഡിന് കീഴിലുള്ള ബ്രെയിൽ പ്രിന്റിങ് പ്രസ് പുളിക്കൽ, കാഴ്ച ശക്തിയില്ലാത്തവരുടെ അഭയ കേന്ദ്രം, തിരുവനന്ത പുറം സി.എച്ച് സെന്റർ തുടങ്ങിയവ യാഥാർഥ്യമാക്കുന്നതിൽ വഹിച്ച മുഖ്യ പങ്ക് പരിഗണിച്ചാണ് ശൈഖ് നഹ്ദിയെ ആദരിച്ചത്.

മനുഷ്യരുടെ കഷ്ടപ്പാടുകൾക്കും പ്രയാസങ്ങൾക്കും മതങ്ങളുടെയും രാജ്യങ്ങളുടെയും അതിരുകളില്ലെന്നും മനുഷ്യരുടെ വേദനകളകറ്റുകയും കണ്ണീർ തുടക്കുകയും ചെയ്യുകയെന്ന സൃഷ്ടാവ് ഏൽപ്പിച്ച ദൗത്യമാണ് ജീവ കാരുണ്യ പ്രവത്തനങ്ങളിലൂടെ നിറവേറ്റാൻ ശ്രമിക്കുന്നതെന്നും ചടങ്ങിൽ സംസാരിക്കവെ ശൈഖ് നഹ്ദി പറഞ്ഞു.

   

ഇതര രാജ്യങ്ങളിൽ ജീവ കാരുണ്യ പ്രവർത്തനം നടത്തുമ്പോൾ ആദ്യന്തം വരെയുള്ള കാര്യങ്ങൾ നിർവഹിക്കേണ്ടതായി വരാറുണ്ട്. എന്നാൽ കേരളത്തിലെ അനുഭവം വ്യത്യസ്തമാണ്. ജീവ കാരുണ്യ പ്രവത്തനങ്ങളിൽ സാമ്പത്തിക ചെലവിന്റെ ഒരു ഭാഗം ലഭ്യമാക്കിയാൽ മാത്രം മതി, ശേഷിക്കുന്ന തുകയും അനുബന്ധ പ്രവർത്തനങ്ങളും ഏറ്റെടുത്ത് ഭംഗിയായി നടത്താൻ അവിടെ സന്നദ്ധ പ്രവർത്തകരുടെ വലിയൊരു നിര തന്നെയുണ്ടെന്നത് തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. നാനാജാതി മതസ്ഥരായ സ്ത്രീകളുടെ മാന്യമായ വസ്ത്ര ധാരണം, കുട്ടികൾ ഒരുമിച്ച് സ്ക്കൂളിൽ പോകുന്ന ദൃശ്യങ്ങൾ തുടങ്ങി കേരളത്തിലെ നന്മകളുടെ നറുമണം ഏറെ ആസ്വാദ്യകരമാണെന്നു കേരളം സന്ദർശിച്ചിട്ടുള്ള ശൈഖ് നഹ്ദി ചൂണ്ടിക്കാട്ടി. നാഥൻ നൽകിയ അനുഗ്രമാണ് സമ്പത്ത്. അതിൽ നിന്ന് പാവങ്ങളും നിരാലംബരുമായിട്ടുള്ളവർക്കുള്ളത് നൽകാനും അവർക്ക് താങ്ങും തണലുമാകാനുമാണ് ശ്രമിച്ചു പോന്നിട്ടുള്ളതെന്നും ശൈഖ് പറഞ്ഞു.

ഇന്ത്യയും സഊദിയും തമ്മിൽ നൂറ്റാണ്ടുകളായുള്ള ബന്ധം ശക്തമായി തുടരുന്നത് ആഹ്ലാദകരമാണ്. മഹാമാരിക്കാലത്ത് വാക്‌സിൻ, മരുന്ന് രംഗങ്ങളിൽ ഇരു രാജ്യങ്ങളും കൂടുതൽ സഹകരിച്ചു പ്രവർത്തിച്ചു. സഊദിയിലെ ആരോഗ്യ മേഖലയിലെ ശ്രദ്ധേയ സാന്നിധ്യമായ ഇന്ത്യൻ മെഡിക്കൽ, പാരാമെഡിക്കൽ സ്റ്റാഫിന്റെ സേവന പ്രവർത്തനങ്ങൾ ഏറെ ശ്ലാഘനീയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആയിരത്തി അഞ്ഞൂറിലേറെ ഫാർമസി ശാഖകൾ ഉള്ള നഹ്ദി കമ്പനിയിൽ മലയാളികൾ ഉൾപ്പെടെ നൂറുക്കണക്കിന് ഇന്ത്യക്കാർ ജോലി ചെയ്യുന്നുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.