ന്യൂഡല്‍ഹി: ചൈനീസ് ഫണ്ടിങ് ആരോപണത്തില്‍ ന്യൂസ് ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫ് പ്രബിര്‍ പുരകായസ്തയെ ഡല്‍ഹി പൊലിസ് കസ്റ്റഡിയിലെടുത്തു.ഓഫീസിലെ റെയ്ഡിന് പിന്നാലെയാണ് കസ്റ്റഡിയിലെടുത്തത്. ചാനലിനെതിരെ യുഎപിഎ ആക്ട് പ്രകാരമാണ് കേസ് എടുത്തിട്ടുളളത്. ചോദ്യം ചെയ്യലിനായി പുരകായസ്തയെ ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ ഓഫീസിലേക്ക് കൊണ്ടുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കസ്റ്റഡിയിലെടുത്തത്.
മാധ്യമ പ്രവര്‍ത്തകരുടെ വസതിയിലെ റെയ്ഡ് മാധ്യമസ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ള കേന്ദ്ര നടപടിയാണ്. രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി കേന്ദ്രം മാധ്യമ പ്രവര്‍ത്തകരെ വേട്ടയാടുന്നുവെന്ന് മാധ്യമ സംഘടനകള്‍ ആരോപിച്ചു.
ബിജെപി സര്‍ക്കാര്‍ മാധ്യമങ്ങളെ ബോധപൂര്‍വം അടിച്ചമര്‍ത്തുകയാണെന്ന് ഇന്‍ഡ്യ മുന്നണി ആരോപിച്ചു. സത്യം പറയുന്ന മാധ്യമ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ മാത്രമാണ് സര്‍ക്കാരിന്റെ നടപടി. മാധ്യമങ്ങളെ മുഖപത്രമാക്കി മാറ്റാന്‍ ശ്രമമെന്നും ഇന്‍ഡ്യ മുന്നണി ആരോപിച്ചു.
ചൈനീസ് ബന്ധം ഉണ്ടെന്ന് ആരോപിക്കപ്പെടുന്ന ന്യൂസ് ക്ലിക്കിലെ മാധ്യമ പ്രവര്‍ത്തകര്‍ താമസിക്കുന്ന മുപ്പതോളം ഇടങ്ങളിലാണ് ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍, ഹാര്‍ഡ് ഡിസ്‌ക് അടക്കമുള്ളവ പിടിച്ചെടുത്തു.
മൂന്ന് വര്‍ഷത്തിനിടെ 38.05 കോടി രൂപയുടെ വിദേശ ഫണ്ട് തട്ടിപ്പ് നടത്തിയതായാണ് ന്യൂസ് ക്ലിക്കിനെതിരെയുള്ള ഇഡി കേസ്. എഫ്‌സിആര്‍എ ആക്ട് ലംഘിച്ച് ന്യൂസ് ക്ലിക്ക് വിദേശ ഫണ്ട് സ്വീകരിച്ചുവെന്ന കണ്ടെത്തലില്‍ എന്‍ഫോഴ്‌സ്‌മെന്റ് കേസെടുത്തിരുന്നു. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ന്യൂസ് ക്ലിക്ക് ഈ ഫണ്ട് ഉപയോഗിച്ചിരുന്നതെന്നും ഇ ഡി ആരോപിക്കുന്നു.
Comments are closed for this post.