2023 October 04 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഉത്തരസൂചിക തയാറാക്കിയതില്‍ അപാകതയെന്ന് ആരോപണം; ശിക്ഷാനടപടിക്ക് ഇരയായ അധ്യാപകര്‍ നിയമനടപടിക്ക്

ഉത്തരസൂചിക തയാറാക്കിയതില്‍ അപാകതയെന്ന് ആരോപണം; ശിക്ഷാനടപടിക്ക് ഇരയായ അധ്യാപകര്‍ നിയമനടപടിക്ക്

കോഴിക്കോട്• 2022ലെ ഹയര്‍ സെക്കന്‍ഡറി രസതന്ത്രം പരീക്ഷ ഉത്തരസൂചിക തയാറാക്കിയതിലെ അപാകത ആരോപിച്ച് ശിക്ഷാനടപടിക്ക് ഇരയായ അധ്യാപകര്‍ നിയമനടപടിക്ക്. ഇതിന് മുന്നോടിയായി പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്ക് അപ്പീല്‍ നല്‍കും.

വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് ഉത്തര സൂചിക തയ്യാറാക്കിയ 12 അധ്യാപകരെയാണ് പരീക്ഷ ചോദ്യക്കടലാസ് നിര്‍മാണം, സ്‌കീം ഫൈനലൈസേഷന്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഡീബാര്‍ ചെയ്തത്. രണ്ടാം വര്‍ഷ കെമിസ്ട്രി ഉത്തരസൂചിക തയാറാക്കിയ വേളയില്‍ ചോദ്യ കര്‍ത്താവിന്റെ ഉത്തരസൂചികയില്‍ നിന്ന് വ്യത്യസ്തമായി അനര്‍ഹമായി വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് ലഭിക്കും വിധം ഇളവുകള്‍ നല്‍കിയെന്നതാണ് വകുപ്പ് ഈ അധ്യാപകര്‍ക്കെതിരേ കണ്ടെത്തിയ കുറ്റം.
2022 മാര്‍ച്ചില്‍ നടന്ന പരീക്ഷക്ക് ഏപ്രില്‍ 22നാണ് ഉത്തരസൂചിക തയ്യാറാക്കിയത്. ചോദ്യ കര്‍ത്താവ് നല്‍കുന്ന ഉത്തര സൂചിക വെച്ച് വിവിധ ജില്ലകളിലെ മുതിര്‍ന്ന അധ്യാപകര്‍ ഉത്തരക്കടലാസുകള്‍ കൈമാറി മൂല്യനിര്‍ണയം നടത്തുകയും വിദ്യാര്‍ഥികള്‍ എങ്ങനെയാണ് ചോദ്യങ്ങളെ സമീപിച്ചതെന്ന് നോക്കി ഉത്തര സൂചിക പരിഷ്‌കരിക്കുകയുമാണ് സ്‌കീം ഫൈനലൈസേഷനില്‍ കാലങ്ങളായി ചെയ്തു വരുന്നത്. ഇതില്‍ നിന്ന് വ്യത്യസ്തമായി ഒന്നും ചെയ്തിട്ടില്ലെന്ന് 12 അധ്യാപകരും അധികൃതരെ അറിയിച്ചതാണ്.

എന്നാല്‍ സ്‌കീം ഫൈനലൈസേഷനിലൂടെ പരിഷ്‌കരിച്ച ഉത്തര സൂചികയല്ല മൂല്യ നിര്‍ണയ ക്യാംപുകളിലെത്തിയത്. ഇതോടെ അധ്യാപകര്‍ മൂല്യനിര്‍ണയ ക്യാമ്പുകള്‍ ബഹിഷ്‌കരിച്ചതോടെ വിദ്യാഭ്യാസ വകുപ്പ് ഇടപെട്ട് പുതിയ സമിതിയെ നിയോഗിക്കുകയും ഉത്തരസൂചിക പരിഷ്‌കരിക്കുകയും ചെയ്തു. ഇത് ചോദ്യ കര്‍ത്താവിന്റെ ഉത്തരസൂചികയില്‍ നിന്ന് വ്യത്യസ്തമായിരുന്നു.

2022ഏപ്രില്‍ 22നാണ് സ്‌കീം ഫൈനലൈസേഷനില്‍ പങ്കെടുത്ത 12 അധ്യാപകര്‍ക്ക് സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ഇതിന് 12 പേരും ഒരേ മറുപടി നല്‍കിയത് സ്വീകാര്യമല്ലെന്ന് കാട്ടി വകുപ്പ് ഇവര്‍ക്ക് കുറ്റപത്രം കൊടുക്കുകയും കുറ്റം ചെയ്തുവെന്ന് തീര്‍ച്ചപ്പെടുത്തി കഴിഞ്ഞ മാസം 14ന് ഡീബാര്‍ ചെയ്യുകയും ചെയ്തു. തെറ്റായ ചോദ്യവും ഉത്തരസൂചികയും തയാറാക്കിയവര്‍ക്കെതിരേ നടപടി എടുക്കുന്നതിന് പകരം പാഠ്യപദ്ധതി ഉദ്ദേശ്യം മുന്നില്‍ നിര്‍ത്തി യഥാവിധി ഉത്തരസൂചിക തയാറാക്കിയവരെ ശിക്ഷിച്ചതിനെ കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് നടപടിക്ക് ഇരയായ അധ്യാപകര്‍ അറിയിച്ചു. ഇതില്‍ പെട്ട പാലക്കാട് പി.എം.ജി. ഹയര്‍ സെക്കണ്ടറിയിലെ കെ അജയന്‍ ഒരു മാസം മുമ്പ് ഹൃദയാഘാതം മൂലം മരണപ്പെട്ടു. സി.പി.എം. അനുകൂല അധ്യാപകസംഘടനാംഗവും ശാസ്ത്ര പ്രചാരകനുമായ അജയന്‍ അകാരണമായി വിദ്യാഭ്യാസവകുപ്പ് പീഡിപ്പിക്കുന്നുവെന്ന് പരാതിപ്പെട്ടിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.