ന്യൂഡല്‍ഹി: ബി.ബി.സി ഡോക്യുമെന്ററി വിലക്കിയതിന് പിന്നാലെ അല്‍ജസീറ ഡോക്യുമെന്ററിക്കും ഇന്ത്യയില്‍ പ്രദര്‍ശന വിലക്ക്. അലഹബാദ് ഹൈകോടതിയാണ് ഇന്ത്യയിലെ ഭയത്തിന്റെ അന്തരീക്ഷം തുറന്നുകാട്ടുന്ന ‘ഇന്ത്യ…ഹു ലിറ്റ് ദി ഫ്യൂസ്’ എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനം താല്‍ക്കാലികമായി തടഞ്ഞത്. സുധീര്‍കുമാര്‍ എന്നയാള്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജിയിലാണ് ജസ്റ്റിസ് അശ്വനി കുമാര്‍ മിശ്ര, ജസ്റ്റിസ് അശുതോഷ് ശ്രീവാസ്തവ എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി. പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് വിലക്കേര്‍പെടുത്തി കോടതി നല്‍കിയ വിശദീകരണം.
ഡോക്യുമെന്ററിയുടെ ഉള്ളടക്കം അധികൃതര്‍ പരിശോധിക്കുന്നത് വരെ സംപ്രേഷണം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉചിതമായ നടപടിയെടുക്കണമെന്ന് കോടതി നിര്‍ദേശിച്ചു. സാമൂഹിക ഐക്യം ഉറപ്പാക്കാനും ഇന്ത്യയുടെ സുരക്ഷയും താല്‍പര്യവും സംരക്ഷിക്കാനും കേന്ദ്രസംസ്ഥാന സര്‍ക്കാറുകളോട് ആവശ്യപ്പെടുകയും ചെയ്തു.
സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ തമ്മില്‍ വിദ്വേഷത്തിനിടയാക്കുമെന്നും രാജ്യത്തിന്റെ മതേതര ഘടന തകര്‍ക്കുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. അല്‍ ജസീറ ഒരു മാധ്യമ സ്ഥാപനം മാത്രമാണെന്നും ഡോക്യുമെന്ററി സംപ്രേക്ഷണം ചെയ്യാന്‍ പരിധി ലംഘിക്കുകയാണെന്നും ഹരജിയില്‍ പറയുന്നു.
ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷം ഭയത്തോടെയാണ് ജീവിക്കുന്നതെന്ന് ഡോക്യമെന്ററിയില്‍ പറയുന്നു. എന്നാല്‍ ഇത് യാഥാര്‍ഥ്യമല്ല. യാഥാര്‍ഥ്യമല്ലാത്ത വിവരം നല്‍കി വിദ്വേഷം ഉണ്ടാക്കാനാണ് ഇത് ശ്രമിക്കുന്നത്. വിവിധ മതവിഭാഗങ്ങളില്‍പ്പെട്ട രാജ്യത്തെ പൗരന്മാര്‍ക്കിടയില്‍ അസ്വാരസ്യം ഉണ്ടാക്കാന്‍ വസ്തുതകള്‍ വളിച്ചൊടിക്കുകയാണ്. ഇന്ത്യന്‍ ഭരണകൂടത്തെ ന്യൂനപക്ഷങ്ങളുടെ താല്‍പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരായി ചിത്രീകരിക്കുന്നതായും ഹരജിക്കാരന് ആരോപിക്കുന്നു. അച്ചടി മാധ്യമങ്ങളില്‍നിന്നും സമൂഹ മാധ്യമങ്ങളില്‍നിന്നുമാണ് തനിക്ക് ഈ വിവരങ്ങള്‍ ലഭിച്ചതെന്നും ഹരജിക്കാരന്‍ പറയുന്നു.
നേരത്തെ 2002ലെ ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിക്കൂട്ടിലാക്കുന്ന ബി.ബി.സി ഡോക്യുമെന്ററിക്കും ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. 2023 ജനുവരിയില്‍ റിലീസ് ചെയ്ത ഡോക്യുമെന്ററി സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുന്നതും കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞിരുന്നു. എന്നാല്‍, വിവിധ സംഘടനകള്‍ ഇതിന്റെ പരസ്യ പ്രദര്‍ശനവുമായി രംഗത്തെത്തി.
Comments are closed for this post.