2022 July 04 Monday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

ഇടതു കേന്ദ്രങ്ങളിലെത്തിയവരെല്ലാം അവഗണനയുടെ പാളയത്തില്‍; അവരെല്ലാം ചെറിയാന്‍ ഫിലിപ്പിനു പഠിക്കുകയാണ്

  • ചെറിയാന്‍ ഫിലിപ്പില്‍ മാത്രമൊതുങ്ങുന്നതല്ല ഈ ഇടതു അവഗണന. മറ്റു പാര്‍ട്ടികളില്‍ നിന്ന് അടുത്ത കാലത്ത് സി.പി.എമ്മില്‍ ചേക്കേറിയവര്‍ക്കും ഇപ്പോള്‍ ചേക്കേറാന്‍ ക്യൂ നില്‍ക്കുന്നവര്‍ക്കെല്ലാമുള്ള പാഠം കൂടിയാണ് ചെറിയാന്‍ ഫിലിപ്പ്.

ശോഭനാ ജോര്‍ജ് രാജിവച്ച ഒഴിവില്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്റെ സ്ഥാനം സ്വീകരിക്കില്ലെന്ന് ചെറിയാന്‍ ഫിലിപ്പ് വ്യക്തമാക്കിയിരിക്കുന്നു. 2001ല്‍ കേണ്‍ഗ്രസ് പാളയം വിട്ട് സി.പി.എം കൂടാരത്തിലേക്ക് എത്തിയിട്ടും അദ്ദേഹത്തിനുവേണ്ടത്ര പരിഗണന ലഭിച്ചിരുന്നില്ലെന്ന ആക്ഷേപം ശക്തമായിരുന്നു.
കഴിഞ്ഞ ആറുമാസമായി ഇടതുവേദികളിലൊന്നും ചെറിയാന്‍ ഫിലിപ്പിനെ കാണാറില്ല.

കോണ്‍ഗ്രസിലെ കരുത്തനായ നേതാവ് ഇടതു മുന്നണിയുടെ മൂലക്കിരിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഇടക്കാലത്ത് ചെറിയാന്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തുന്നുവെന്ന തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു. വി.എം സുധീ
രന്‍ കെ.പി.സി.സി പ്രസിഡന്റായിരുന്ന കാലത്ത് അദ്ദേഹത്തെ കോണ്‍ഗ്രസിലെത്തിക്കാനുള്ള ശ്രമങ്ങളും നടത്തിയിരുന്നുവെങ്കിലും അത് പൂര്‍ണവിജയത്തിലെത്തിയില്ല.

1967ലാണ് ചെറിയാന്‍ ഫിലിപ്പ് കെഎസ്.യുവിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. 1974ല്‍ കേരള സര്‍വകലാശാലാ യൂണിയന്‍ സെക്രട്ടറിയും യൂണിവേഴ്‌സിറ്റി സെനറ്റ് അംഗവുമായി. 1975ല്‍ കെ.എസ്.യു ജനറല്‍ സെക്രട്ടറിയായി. 1979ല്‍ പ്രസിഡന്റുമായി. 1980ല്‍ അദ്ദേഹം കെ.പി.സി.സി വൈസ് പ്രസിഡന്റായി. 1982 മുതല്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായി. 1984 മുതല്‍ എ.ഐ.സി.സി അംഗം. 1991ല്‍ ടി.കെ രാമകൃഷ്ണനെതിരേ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ അദ്ദേഹം പിന്നീട് ഉമ്മന്‍ചാണ്ടിക്കെതിരേ പുതുപ്പള്ളിയില്‍ സി.പി.എം സ്വതന്ത്രനുമായി രംഗത്തെത്തി.

2006ല്‍ വി.എസ് സര്‍ക്കാരില്‍ അദ്ദേഹം കെ.ടി.ഡി.സി ചെയര്‍മാനായിരുന്നു. ഒന്നാം പിണറായി സര്‍ക്കാറില്‍ നവകേരള മിഷന്‍ കോ ഓഡിനേറ്ററുമായി.
രാജ്യസഭയിലേക്ക് പരിഗണിച്ചുവെങ്കിലും കേവലം അത് വാര്‍ത്തകളില്‍ ഒതുങ്ങി. അതൃപ്തി വ്യക്തമാക്കുന്ന തരത്തില്‍ ചെറിയാന്‍ ഫിലിപ്പിന്റെ ഭാഗത്തുനിന്ന് പ്രതികരണങ്ങളുണ്ടായിരുന്നു.എന്നാല്‍ പൊട്ടിത്തെറികളുണ്ടായില്ല. ഉണ്ടായിട്ട് സി.പി.എമ്മില്‍ കാര്യവുമില്ല. കോണ്‍ഗ്രസിലെപോലെ പരസ്യപ്പോരിന് സി.പി.എമ്മില്‍ ക്ലച്ചു പിടിക്കില്ലല്ലോ. ഇപ്പോഴും ഇടതു സഹയാത്രികനായിട്ടും പാര്‍ട്ടിയിലും സ്ഥാനമാനങ്ങളും നല്‍കിയിട്ടുമില്ല.
കോണ്‍ഗ്രസില്‍ തന്നെയായിരുന്നുവെങ്കില്‍ ഉന്നത സ്ഥാനവും മന്ത്രിസ്ഥാനവും ഉറപ്പുള്ളയാളായിരുന്നു ചെറിയാന്‍ ഫിലിപ്പ്. എന്നാല്‍ കളം മാറിയതിലൂടെ ചില ബോര്‍ഡുകളിലെ സ്ഥാനമാനങ്ങളില്‍ മാത്രം ഒതുങ്ങി.

അടുത്ത കാലത്ത് കോണ്‍ഗ്രസില്‍ നിന്നു സി.പി.എമ്മിലേക്കു ഒഴുക്കു തുടരുകയാണ്. തിരുവനന്തപുരത്തുനിന്നും പാലക്കാടുനിന്നും വയനാട്ടു നിന്നും കേട്ട വാര്‍ത്തകള്‍ക്കൊന്നും വലിയ ആയുസ് പ്രതീക്ഷിക്കേണ്ടതില്ല. ചെറിയാന്‍ ഫിലിപ്പില്‍ മാത്രമൊതുങ്ങുന്നതുമല്ല ഈ ഇടതു അവഗണന. മറ്റു പാര്‍ട്ടികളില്‍ നിന്ന് അടുത്ത കാലത്ത് സി.പി.എമ്മില്‍ ചേക്കേറിയവര്‍ക്കും ഇപ്പോള്‍ ചേക്കേറാന്‍ ക്യൂ നില്‍ക്കുന്നവര്‍ക്കെല്ലാമുള്ള പാഠം കൂടിയാണ് ചെറിയാന്‍ ഫിലിപ്പ്. ടി.കെ ഹംസ, കെ.ടി ജലീല്‍, വി.അബ്ദുറഹിമാന്‍ എന്നിവരെ ഒഴിച്ചു നിര്‍ത്താം. അല്ലെങ്കില്‍ മലപ്പുറത്തെ രക്തസാക്ഷി പരീക്ഷണങ്ങളില്‍ വിജയിച്ചുവരണം എന്നതാണ് സി.പി.എമ്മിലെ രീതി.
 മറ്റുള്ളവരുടെ കാര്യം അവഗണനതന്നെ. ഇപ്പോള്‍ സ്ഥാനം രാജിവെച്ച ശോഭനാ ജോര്‍ജുപോലും അവഗണനയുടെ തൊഴുത്തില്‍ തന്നെയാണ്.

പുസ്തക രചനയുടെ തിരക്കിലായതിനാല്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കില്ലെന്നാണ് ചെറിയാന്‍ ഫിലിപ്പ് വ്യക്തമാക്കിയിരിക്കുന്നത്. ഇന്നലെയാണ് ചെറിയാന്‍ ഫിലിപ്പിന് പുതിയ പദവി തീരുമാനിച്ചത്. എന്നാല്‍ രാജ്യസഭാസീറ്റ് നിഷേധിച്ചത് മുതലുള്ള അതൃപ്തിതന്നെയാണ് മുഖ്യ കാരണമെന്ന തരത്തിലാണ് വിലയിരുത്തലുകള്‍.

അടിയൊഴുക്കുകള്‍ എന്ന ആധുനിക രാഷ്ട്രീയ ചരിത്രരചനയില്‍ വ്യാപൃതനായതിനാല്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കുന്നില്ല. 40 വര്‍ഷം മുമ്പ് പ്രസിദ്ധീകരിച്ച കാല്‍ നൂറ്റാണ്ട് എന്ന ഗ്രന്ഥത്തിന്റെ പിന്തുടര്‍ച്ചയായ ചരിത്രം എഴുതണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും രാഷ്ട്രീയ തിരക്കുമൂലം സാധിച്ചില്ല.
കഥ, കവിത എന്നതുപോലെ ചരിത്രം ഭാവനയില്‍ രചിക്കാനാവില്ല. വസ്തുതകള്‍ ശേഖരിക്കുന്നതിനും ക്രോഡീകരിക്കുന്നതിനും വിപുലമായ ഗവേഷണം ആവശ്യമാണ്.

രാഷ്ട്രീയ സംഭവ വികാസങ്ങള്‍ അറിയുന്നതിന് പഴയ പത്രതാളുകള്‍ പരിശോധിക്കണം. രാഷ്ട്രീയ അണിയറ രഹസ്യങ്ങള്‍ കണ്ടെത്തണമെങ്കില്‍ ഈ കാലഘട്ടത്തിലെ രാഷ്ട്രീയ വ്യക്തിത്വങ്ങള്‍, മാധ്യമ പ്രമുഖര്‍, സമുദായ നേതാക്കള്‍ എന്നിവരുമായി പലവട്ടം കൂടിക്കാഴ്ച വേണ്ടി വരും. രണ്ടു വര്‍ഷത്തെ നിരന്തര പരിശ്രമം അനിവാര്യമാണ്. ഖാദി വിപ്പനയും ചരിത്രരചനയും ഒരുമിച്ചു നടത്താന്‍ പ്രയാസമാണ് എന്നും ചെറിയാന്‍ ഫിലിപ്പ് വ്യക്തമാക്കുന്നത്.
എന്നാല്‍ അടുത്തകാലത്ത് മറ്റു പാര്‍ട്ടികള്‍ വിട്ടു സി.പി.എം കൂടാരത്തിലേക്കു വരുന്നവര്‍ ഓര്‍ക്കുക. ഇതുതന്നെയാകും അനുഭവം. അഭിപ്രായപ്രകടനം പോലും സാധ്യമാകുകയുമില്ല.

എന്നാല്‍ കടുത്ത ദാരിദ്ര്യത്തെ അതിജീവിച്ചാണ് കാള്‍ മാര്‍ക്സ് തന്റെ സിദ്ധാന്തങ്ങള്‍ ആവിഷ്‌ക്കരിച്ചത്. തടവില്‍ കിടന്നാണ് ജവഹര്‍ലാല്‍ നെഹ്റു ഇന്ത്യയെ കണ്ടെത്തല്‍ എന്ന ഗ്രന്ഥം രചിച്ചത്. ഇതെല്ലാം എനിക്ക് ആത്മവിശ്വാസത്തിനുള്ള പ്രചോദനമാണ്. ഇപ്പോഴും വിപണന മൂല്യമുള്ള രാഷ്ട്രീയ, ചരിത്ര ,മാധ്യമ വിദ്യാര്‍ഥികളുടെ റഫറന്‍സ് സഹായിയായ കാല്‍ നൂറ്റാണ്ട് എന്ന ഗ്രന്ഥത്തിന്റെ പുതിയ പതിപ്പ് ഡി.സി ബുക്സ് ഈ മാസം തന്നെ പുറത്തിറക്കുമെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.