
രാജ്യം വീണ്ടും സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനൊരുങ്ങുകയാണ്. കുതിച്ചും അതിലേറെ കിതച്ചും നീങ്ങുന്ന ഇന്ത്യക്ക് വിള്ളല്‍ സംഭവിച്ച് കൊണ്ടിരിക്കുമ്പോള്‍ അപരവത്കരണത്തിന്റെയും പര വിദ്വേഷത്തിന്റെയും അധികാര വാഴ്ച രാജ്യത്തെ ഏത് അരാജകത്വത്തിന്റെ പടുകുഴിയിലേക്കാണ് തള്ളിയിടുകയെന്ന് ചൂണ്ടിക്കാണിക്കുന്നു അനുദിനം വളര്‍ന്ന് വരുന്ന ആള്‍കൂട്ടക്കൊലകള്‍.
ഒരുപാട് പ്രശ്നങ്ങള്‍ രാജ്യത്ത് നടമാടുന്നുണ്ടെങ്കിലും നാം ഏറെ ആശങ്കയോടെയും ഭയത്തോടെയും നോക്കിക്കാണുകയാണ് ഈ ക്രൂരതയെ. ആരെയും എന്തിനെയും ശത്രുവായി സംശയിക്കാനും വകവരുത്താനും ആള്‍ക്കൂട്ടത്തെ കയറൂരി വിട്ട നിലയാണിപ്പോള്‍ രാജ്യത്തുള്ളത്.
തങ്ങളുടെ വിചാരധാരയ്ക്ക് പുറത്തായതിനാല്‍ ആഭ്യന്തര ശത്രുക്കളായി നേരത്തെ പ്രഖ്യാപിച്ച മുസ്ലിംകള്‍ക്കെതിരേ സംഘ്പരിവാര്‍ തുടങ്ങിവച്ച തല്ലിക്കൊല കൂടുതല്‍ വിപുലമായിക്കൊണ്ടിരിക്കുന്നത്, സംശയത്തിന്റെ ആനുകൂല്യത്തില്‍ കണ്ണില്‍ കണ്ടവരെയൊക്കെ തല്ലാനും കൊല്ലാനുമുള്ള അധികാരം ആള്‍ക്കൂട്ടം അവകാശമായി മാറ്റിയെടുക്കുന്ന ഭീകരതയിലേക്ക് രാജത്തെ എത്തിച്ചിരിക്കുന്നു. ജനങ്ങളുമായി സംവദിക്കാനെന്ന പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ചകളില്‍ നടത്തുന്ന ‘മന് കീ ബാത്’ പ്രഭാഷണ പരിപാടി 45 എപ്പിസോഡുകള്‍ പൂര്‍ത്തിയായി. മാനത്തിന് കീഴിലെ സര്‍വ കാര്യങ്ങളും പ്രതിപാദിക്കുന്ന ആ പരിപാടിയില്‍ മൂക്കിന് താഴെ നടക്കുന്ന ആള്‍ക്കൂട്ടക്കൊലകളെ തുറന്നെതിര്‍ക്കാനോ മുന്നറിയിപ്പ് നല്‍കാനോ പ്രധാനമന്ത്രി മുതിര്‍ന്നിട്ടില്ല. കബീര്‍ ദാസിന്റെയും ഗുരുനാനാക്കിന്റെയും ചിന്തകള്‍ അനുസ്മരിച്ച് സമാധാനത്തിനും അക്രമരാഹിത്യത്തിനുമെതിരേ വാചാലനാവുന്ന പ്രധാനമന്ത്രിക്ക് ആള്‍ക്കൂട്ടക്കൊല വലിയതായിട്ട് തോന്നിയിട്ടുണ്ടാവില്ല.
പ്രധാന മന്ത്രിയുടെയും ഈ സംഭവങ്ങള്‍ നടക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും മൗനവും നിസാരവത്കരണവും മുസ്ലിംകളെയും ദലിതരെയും ആര്‍ക്കും എപ്പോഴും എവിടെയും ബീഫിന്റെയോ മറ്റോ പേരില്‍ സംശയമെറിഞ്ഞ് തല്ലിക്കൊല്ലാമെന്ന രൂപത്തിലേക്ക് ആള്‍ക്കൂട്ട മനസിനെ പരുവപ്പെടുത്തിയിരിക്കുകയാണ്. മേലധികാരികളുടെ മൗനവും നിസംഗ സമീപനവുമാണ് കൊലപാതകികള്‍ക്ക് ഏറെ കൂട്ടാവുന്നത്.
സുപ്രിംകോടതിയുടെ ശക്തമായ ഇടപെടലും രാജ്യവ്യാപക പ്രതിഷേധവും നിലനില്‍ക്കെ രാജ്യത്ത് ആള്‍ക്കൂട്ടക്കൊലപാതകത്തിന് ഒരു കുറവുമില്ല. ആന്ധ്രാ പ്രദേശിലെ ഫാറൂഖ് ശൈഖ് ഹുസൈന്, രാജസ്ഥാനിലെ ദലിത് യുവാവ് രാംപാല്‍ എന്നിവരാണ് അവസാനമായി ആള്‍ക്കൂട്ടത്തിന്റെ ഇരയായത്. പശു സംരക്ഷണത്തിന്റെ പേരില്‍ നാട്ടില്‍ നടക്കുന്ന സര്‍വ ഗുണ്ടായിസങ്ങള്‍ക്കും കവര്‍ച്ചക്കും കൊലകള്‍ക്കും പിറകില്‍ പശുവിനോടുള്ള സ്നേഹമല്ല, ആത്മാര്‍ഥമായ ഗോ ഭക്തിയുമല്ല, മറിച്ച് തങ്ങളില്‍നിന്ന് വ്യത്യസ്തരായ ജീവിത രീതി പുലര്‍ത്തുന്ന മുഴുവന്‍ മനുഷ്യരെയും വെറുക്കപ്പെടേണ്ടവരോ അകറ്റി നിര്‍ത്തേണ്ടവരോ ആയ ശത്രുക്കളാക്കുന്ന, അപരമാക്കുന്ന വിധ്വംസക പ്രവര്‍ത്തനമാണ് പൊതുവില്‍ കൊടി പടര്‍ത്തുന്നത്. ആള്‍ക്കൂട്ട ഭൂതത്തെ കുടം തുറന്ന് വിട്ടാല്‍ അത് ജനാധിപത്യത്തെ മാത്രമല്ല, ജനത്തെയും കൊണ്ടേപോകൂ എന്ന് എല്ലാവരും ഓര്‍ക്കുന്നത് നന്ന്.