
കാസര്‍കോട് ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ സ്പെഷല്‍ ഓഫിസര്‍ അല്‍കേഷ് കുമാര്‍ ശര്‍മ ഐ.എ.എസ് 'സുപ്രഭാത'ത്തോട് സംസാരിക്കുന്നു
കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ച് നൂറോടടുക്കുന്ന സമയത്താണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാന് സ്പെഷല്‍ ഓഫിസറായി അല്‍കേഷ് കുമാര്‍ ശര്‍മ ഐ.എ. എസിനെ നിയോഗിക്കുന്നത്. മാര്‍ച്ച് 29ന് കാസര്‍കോട്ടെത്തിയ അദ്ദേഹം ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയും അത് വിട്ടുവീഴ്ചയില്ലാതെ നടപ്പിലാക്കുകയും ചെയ്തിന്റെ ഫലമായാണ് ഇന്ന് ജില്ല കൊവിഡില്‍ നിന്നുള്ള അതിജീവന പാതയിലേക്കെത്തിയിരിക്കുന്നത്. സംസ്ഥാനം ഏറെ ആശങ്കയോടെ നോക്കിക്കണ്ട കാസര്‍കോട് ജില്ലയെ പതിയെ കൈപ്പിടിച്ചുയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ അല്‍കേഷ് കുമാര്‍ ശര്‍മ ഇവിടുത്തെ നിയോഗം പൂര്‍ത്തിയാക്കി. പുതിയ കൊവിഡ് ആശങ്കകള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന കോട്ടയത്തും കാസര്‍കോട് മോഡല്‍ നടപ്പിലാക്കാന്‍ അദ്ദേഹത്തെ സര്‍ക്കാര്‍ നിയോഗിച്ചിരിക്കുകയാണ്. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ അല്‍കേഷ് കുമാര്‍ ശര്‍മയ്ക്ക് കൊച്ചി മെട്രോയുടെയും സ്മാര്‍ട്ട് സിറ്റിയുടെയും ചുമതലയുണ്ട്. ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഒറ്റ സംഖ്യയിലേക്ക് ചുരുങ്ങിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങളും അനുഭവങ്ങളും അല്‍കേഷ് കുമാര്‍ ശര്‍മ ഐ.എ.എസ് സുപ്രഭാതത്തോട് പങ്കിടുന്നു.
താങ്കള്‍ ജില്ലയിലേക്ക് വരുമ്പോഴുണ്ടായ സാഹചര്യം എങ്ങനെയായിരുന്നു?
മാര്‍ച്ച് 27 ആയതോടെ കാസര്‍കോട്ട് കൊവിഡ് ബാധിതരുടെ എണ്ണം കൂടിയപ്പോഴാണ് ചീഫ് സെക്രട്ടറി സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം എന്നോട് കാസര്‍കോട്ടേക്ക് വരാന്‍ ആവശ്യപ്പെട്ടത്. 29ന് ഉച്ചയോടെ കാസര്‍കോട്ടെത്തി ജില്ലയിലെ പ്രശ്നങ്ങളൊക്കെ ബന്ധപ്പെട്ടവരോട് ചോദിച്ചു മനസ്സിലാക്കി. എവിടെയാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണ്ടത്, ലോക്ക് ഡൗണ്‍ ശക്തിപ്പെടുത്താന്‍ എന്താണ് വേണ്ടത്, ആശുപത്രി സജ്ജീകരണങ്ങളെപ്പറ്റി, എന്തൊക്കെ കൂടുതല്‍ സജ്ജീകരണങ്ങളാണ് വേണ്ടത് തുടങ്ങിയ കാര്യങ്ങളൊക്കെ ചര്‍ച്ച ചെയ്തു മനസിലാക്കുകയായിരുന്നു ആദ്യം തന്നെ ചെയ്തത്.
പ്രതിരോധത്തിനായി സവിശേഷമായ എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കിയത്?
കൊവിഡ് സ്ഥിരീകരിച്ചവരുമായി ബന്ധപ്പെട്ടവര്‍ കൃത്യമായി നിരീക്ഷണത്തില്‍ കഴിയുന്നുണ്ടോ എന്ന് പരിശോധിക്കുകയും അല്ലാത്തവരെ ഐസൊലേഷന്‍ സെന്ററുകളിലേക്ക് മാറ്റുകയും ക്വാറന്റൈന് ശക്തമാക്കുകയും ചെയ്തു. രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരെ കണ്ടെത്തി പഞ്ചായത്ത് അടിസ്ഥാനത്തില്‍ ആശാവര്‍ക്കര്‍മാരുടെയും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെയും സഹായത്തോടെ ആശുപത്രിയിലെത്തിക്കുകയും പരിശോധന ആവശ്യമുള്ളവരെ അതിന് വിധേയരാക്കുകയും ചെയ്തു. ലോക്ക് ഡൗണ്‍ ശക്തമാക്കി. ചികിത്സാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുകയാണ് ചെയ്ത മറ്റൊരു പ്രധാന കാര്യം. അതിന്റെ ഭാഗമായി പല ആശുപത്രികളും കൊവിഡ് സെന്ററുകളാക്കുകയും മെഡിക്കല്‍ കോളജ് പ്രവര്‍ത്തന സജ്ജമാക്കുകയും ചെയ്തു. കേന്ദ്ര സര്‍വകലാശാലയില്‍ പരിശോധനാ ലാബ് ഒരുക്കി. മാത്രമല്ല അവശ്യ സാധനങ്ങളുടെ ഹോം ഡെലിവറി സംവിധാനങ്ങള്‍ അടക്കം നടപ്പിലാക്കുകയും ചെയ്തു.
പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കിടയിലെ പ്രധാന വെല്ലുവിളി എന്തായിരുന്നു?
ആദ്യഘട്ടത്തില്‍ കൊവിഡ് ബാധിതരുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കലും ക്വാറന്റൈന് ശക്തമാക്കലുമായിരുന്നു പ്രധാന വെല്ലുവിളി. ആദ്യം പലരും നിരീക്ഷണത്തില്‍ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. പ്രൈമറി, സെക്കന്‍ഡറി കോണ്ടാക്ടിലുള്ളവര് പോലും ഇത്തരത്തില്‍ പുറത്തിറങ്ങുന്ന സാഹചര്യമുണ്ടായി. മാത്രമല്ല ജില്ലയിലെ ഡോക്ടര്‍മാരുടെ കുറവ് വെല്ലുവിളിയായിരുന്നു. ആവശ്യമെങ്കില്‍ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരുടെയടക്കം സേവനം ഉറപ്പാക്കിയായിരുന്നു അതിനെ മറികടന്നത്.
നിലവില്‍ ജില്ലയില്‍ കൊവിഡ് ആശങ്ക ഒഴിഞ്ഞെന്ന് പറയാന്‍ സാധിക്കുമോ?
നമ്മള് ജാഗരൂകയായിരിക്കണം. ഇപ്പോഴും ജില്ലയില്‍ നിന്നുള്ള 600 ല്‍ അധികം പരിശോധനാഫലങ്ങള്‍ ലഭിക്കാനുണ്ട്. നിരവധി പേര് വീടുകളില്‍ നിരീക്ഷണത്തിലുണ്ട്. എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ പരിശോധനയ്ക്ക് തയ്യാറാകണം. സാമൂഹ്യ വ്യാപനത്തിനുള്ള സാധ്യത നിലവില്‍ ഇല്ല. പക്ഷെ ജാഗ്രത തുടര്‍ന്നില്ലെങ്കില്‍ എന്ത് സംഭവിക്കുമെന്ന് പറയാനാവില്ല. ഇനി മൂന്ന് മാസമെങ്കിലും ശക്തമായ ജാഗ്രത പാലിക്കേണ്ടതായിട്ടുണ്ട്.
ജില്ലയില്‍ കൂടുതല്‍ ടെസ്റ്റുകളുടെ ആവശ്യം ഉണ്ടോ?
കൊവിഡ് സ്ഥിരീകരിക്കുന്ന പലര്‍ക്കും ലക്ഷണങ്ങള്‍ കാണിക്കാത്ത സാഹചര്യമുണ്ട്. പരിശോധന നടത്തുമ്പോഴാണ് പോസിറ്റീവായി ഫലം വരുന്നത്. വൈറസിന്റെ തോത് കുറവായത് കൊണ്ടാണ് പലപ്പോഴും ലക്ഷണങ്ങള്‍ കാണിക്കാത്തത്. ഈ അവസ്ഥയ്ക്ക് പരിഹാരം കാണാന്‍ കൂടുതല്‍ ടെസ്റ്റുകള്‍ ചെയ്യുന്നതിലൂടെ സാധിക്കും.
നിയന്ത്രണങ്ങളോടുള്ള കാസര്‍കോട്ടെ ജനങ്ങളുടെ പ്രതികരണം എങ്ങനെയായിരുന്നു?
ഇവിടുത്തെ ജനങ്ങള്‍ വളരെ നല്ല സഹകരണമാണ് നല്‍കിയത്. പതിയെപ്പതിയെ അവര്‍ നിയന്ത്രണങ്ങളോട് പൂര്‍ണമായി സഹകരിച്ചു. എല്ലാവരും സ്വമേധയാ സാമൂഹിക അകലം പാലിക്കുകയും അണുവിമുക്തമാക്കാന്‍ ശ്രദ്ധിക്കുകയും ചെയ്തു. ഇതുപോലുള്ള മഹാമാരിയുടെ സമയത്ത് അത്തരം ഒത്തൊരുമ തന്നെയാണ് വേണ്ടത്.