2020 December 04 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

രാജ്യത്ത് ആദ്യ കരള്‍മാറ്റ ശസ്ത്രക്രിയക്ക് വിധേയനായ ‘ദ മിറക്കിള്‍ ബേബി ഓഫ് മെഡിസിന്‍’ ഇനി ഡോക്ടര്‍

ന്യൂഡല്‍ഹി: മരണത്തിന്റെ തണുപ്പ് മണക്കുന്ന ആശങ്കകളുടേയും ആകാംക്ഷകളുടേയും സെക്കന്റുകളും മിനുട്ടുകളും മണിക്കൂറുകളും കടന്ന്. അവിടുന്ന് ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും അതിവേഗതയില്‍ പിന്നിട്ട് സഞ്ജയ് കന്ദസ്വാമിയെന്ന തമിഴ്‌നാട്ടുകാരന്റെ ജീവിതക്കറക്കിന്റെ സൂചിയിപ്പോള്‍ ഒരു ചിത്രത്തില്‍ വന്ന് നില്‍ക്കുകയാണ്. വെള്ളക്കോട്ടും സ്‌റ്റെതസ്‌ക്കോപ്പുമണിഞ്ഞ ഒരു 23കാരന്റെ ചിത്രത്തിനരികില്‍. രാജ്യത്ത് ആദ്യമായി കരള്‍മാറ്റ ശസ്ത്രക്രിയക്ക് വിധേയവായ 20 മാസം പ്രായമുള്ള ആ കുഞ്ഞിന് ഒരു നിയോഗം പോലെ കാലം കാത്തുവെച്ച സമ്മാനമാണിത്. ഡോ.സഞ്ജയ് കന്ദസ്വാമി എന്നൊരു നെയിം ബോര്‍ഡ്.

അതു കൊണ്ടുതന്നെയാണ് സഞ്ജയ് കന്ദസ്വാമിയെന്ന 23 കാരന്‍ ഡോക്ടറായി പുറത്തിറങ്ങുന്ന ഏപ്രിലിനായി രാജ്യത്തെ വൈദ്യലോകമൊന്നാകെ ഒത്തിരി സന്തോഷത്തോടെ കാത്തിരിക്കുന്നത്. 22 വര്‍ഷങ്ങള്‍ക്കു മുന്‍പ്, 1998 ല്‍ 20 മാസം പ്രായമുള്ളപ്പോള്‍ രാജ്യത്ത് ആദ്യമായി പീഡിയാട്രിക് ലിവര്‍ ട്രാന്‍സ്പ്ലാന്റിന് വിധേയനായ ആ കുഞ്ഞാണ് ഡോക്ടര്‍ കുപ്പായം അണിയാന്‍ ഒരുങ്ങുന്നത്.

തമിഴ്‌നാട് കാഞ്ചിപൂരം സ്വദേശിയാണ് സഞ്ജയ്. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയ ഇന്ത്യയിലെ ആദ്യത്തെ കുഞ്ഞായിരുന്നു സഞ്ജയ്.

‘കുഞ്ഞുന്നാള്‍ മുതലുള്ള കിനാവായിരുന്നു ഇത്. എന്റെ ഡോക്ടര്‍മാരുടെ പരിശ്രമങ്ങള്‍ മൂലമാണ് ഞാന്‍ ഇന്ന് ജീവിച്ചിരിക്കുന്നത്. ഒരുപാട് ജീവനുകള്‍ എനിക്ക് ഇതുപോലെ രക്ഷിക്കണം. ഒരു സര്‍ജനാവണമെന്നായിരുന്നു ആദ്യം ഞാന്‍ ആഗ്രഹിച്ചത്.ഇപ്പോള്‍ പിഡിയാട്രീഷ്യന്‍ ആകാനാണ് ആഗ്രഹിക്കുന്നത്. നിയോനാറ്റോളജി( നവജാത ശിശു വിഭാഗം)യില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം’ – സഞ്ജയ് പറയുന്നു.

കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ ശേഷവും ദീര്‍ഘകാലം സുഖകരമായി ജീവിതം തുടരാനാകുമെന്നതിന്റെ ഉദാഹരണമാണ് സഞ്ജയുടെ ജീവിതമെന്ന് കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയ ഡല്‍ഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലെ ഗ്രൂപ്പ് മെഡിക്കല്‍ ഡയറക്ടറും സീനിയര്‍ ലിവര്‍ സ്‌പെഷ്യലിസ്റ്റുമായ ഡോ. അനുപം സിബല്‍ പറയുന്നു. സഞ്ജയ്ക്ക് 1998 ല്‍ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുമ്പോള്‍ ആ ശസ്ത്രക്രിയാ സംഘത്തിലെ പ്രധാന ഡോക്ടര്‍മാരില്‍ ഒരാളായിരുന്നു ഡോ. സിബല്‍.

”രണ്ടുമാസത്തോളം ഐ.സി.യുവിലായിരുന്നു കുഞ്ഞ് സഞ്ജയ്. അന്നത്തെ എന്റെ കുഞ്ഞ് പേഷ്യന്റ് ഇതാ ഡോക്ടറാകാന്‍ പോകുന്നു. 28 വര്‍ഷത്തെ സേവനത്തിനിടയിലെ ഏറ്റവും അഭിമാനകരമായ മുഹൂര്‍ത്തമാണിത്” സംഘത്തിലെ മറ്റൊരംഗം ഡോ. സോയിന്‍ പറയുന്നു. അതിഗുരുതരാവസ്ഥയിലായിരുന്ന സഞ്ജയ്ക്ക് അടിയന്തിര ശസ്ത്രക്രിയ നടത്തിയത് ഡോ. എം.ആര്‍. രാജശേഖറിനൊപ്പം ഡോ. എ.എസ്. സോയിന്‍ ആയിരുന്നു. ഇപ്പോള്‍ ഗുരുഗ്രാം മേദാന്ത ഹോസ്പിറ്റലിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ ആന്‍ഡ് റീജനറേറ്റീവ് മെഡിസിന്‍ ചെയര്‍മാനാണ് ഡോ. സോയിന്‍.

കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മുന്‍പായി സഞ്ജയുടെ മാതാപിതാക്കള്‍ക്ക് പലതവണ കൗണ്‍സലിങ് നല്‍കേണ്ടി വന്നിരുന്നുവെന്ന് ഡോ. സിബല്‍ പറയുന്നു.

ശസ്ത്രക്രിയക്ക് ശേഷം കുട്ടിക്ക്‌സ്‌കൂളില്‍ പോകാന്‍ സാധിക്കുമോ, മറ്റുകുട്ടികളെ പോലെ സ്വാഭാവിക വളര്‍ച്ച ഉണ്ടാകുമോ, പെണ്‍കുട്ടിയാണെങ്കില്‍ അവള്‍ക്ക് നല്ലൊരു കുടുംബജീവിതം ഉണ്ടാകാന്‍ സാധിക്കുമോ തുടങ്ങിയ സംശയങ്ങളെല്ലാം കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വരാറുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്കുണ്ടാവാറുണ്ട്. അതിനെല്ലാമുള്ള ഉത്തരമാണ് ഇപ്പോള്‍ സഞ്ജയ് കന്ദസാമിയുടെ ജീവിതം- ഡോക്ടര്‍മാര്‍ ഒരേ സ്വരത്തില്‍ പറയുന്നു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.