2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

അല്‍ഷിഫ ആശുപത്രിയിലെ സര്‍ജറി കെട്ടിടം പൂര്‍ണമായി തകര്‍ത്തു; രോഗികള്‍ ഉള്‍പെടെ 200 ഓളം ആളുകളെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി

അല്‍ഷിഫ ആശുപത്രിയിലെ സര്‍ജറി കെട്ടിടം പൂര്‍ണമായി തകര്‍ത്തു; രോഗികള്‍ ഉള്‍പെടെ 200 ഓളം ആളുകളെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി

ഗസ്സ: ഗസ്സക്കു മേല്‍ സകല അതിര്‍വരമ്പുകളും ഭേദിച്ചുള്ള ഇസ്‌റാഈല്‍ ക്രൂരത വീണ്ടും വീണ്ടും. നേരത്തെ തന്നൈ കൈപ്പിടിയിലൊതുക്കിയ അല്‍ഷിഫാ ആശുപത്രിയിലെ സ്‌പെഷ്യലൈസ്ഡ് സര്‍ജറി കെട്ടിടത്തിന്റെ ഉള്‍വശം മുഴുവന്‍ ഇസ്‌റാഈല്‍ അധിനിവേശ സേന തകര്‍ത്തുതരിപ്പണമാക്കിയതായി അല്‍ജസീറ ലേഖകന്‍ ഹാനി മഹ്‌മൂദ് റിപ്പോര്‍ട്ട് ചെയ്തു. ചികിത്സാ ഉപകരണങ്ങള്‍ അടക്കമാണ് നശിപ്പിച്ചിരിക്കുന്നത്. മരുന്ന്, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയുടെ വെയര്‍ഹൗസും തകര്‍ത്തു. ഉള്‍വശത്തെ ചുമരുകളും കെട്ടിടത്തിനുള്ളിലെ എല്ലാ മെഡിക്കല്‍ ഉപകരണങ്ങളും നശിപ്പിച്ചു.

ആശുപത്രിയിലെ രോഗികളടക്കമുള്ള ഇരുനൂറോളം പേരെ പിടികൂടി ബന്ധിച്ച് കണ്ണുകള്‍ മൂടിക്കെട്ടി അജ്ഞാത കേന്ദ്രങ്ങളിലേക്ക് മാറ്റി. ചോദ്യം ചെയ്യലിന് ശേഷമാണ് ഇവരെ മാറ്റിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആദ്യം 30 ഓളം പേരെ തുണിയുരിഞ്ഞ് കണ്ണുകള്‍ കെട്ടി ഇസ്‌റാഈല്‍ അധിനിവേശ സൈനികര്‍ ആശുപത്രിയുടെ മുറ്റത്തേക്ക് കൊണ്ടുപോവുകയായിരുന്നു. പിന്നീട് കൂടുതല്‍ പേരെ പിടികൂടി സംഘങ്ങളാക്കി കൊണ്ടുപോയി. ദൃക്‌സാക്ഷികള്‍ പറയുന്നു.

   

ആശുപത്രിക്കടിയിലെ ബങ്കറുകള്‍ ഹമാസിന്റെ സൈനിക താവളങ്ങളാണെന്ന നുണപ്രചാരണം പൊളിഞ്ഞതിന് പിന്നാലെ സയണിസ്റ്റുകള്‍ അവരുടെ ആക്രമണം കൂടുതല്‍ ശക്തമാക്കുകയായിരുന്നുവെന്ന് ആശുപത്രിയിലുള്ളവര്‍ പറയുന്നു. താല്‍ക്കാലിക ലിഫ്റ്റുകളെയും കുടിവെള്ള ടാങ്കിനെയും കോണ്‍ഫറന്‍സ് റൂമിനെയുമൊക്കെയാണ് ഇസ്‌റാഈല്‍ സേന ബങ്കറുകളെന്ന് വിശേഷിപ്പിക്കുന്നതെന്ന് തെളിവുകള്‍ നിരത്തി ‘അല്‍ ജസീറ’ റിപ്പോര്‍ട്ട് ചെയ്തു. ആശുപത്രിക്കുള്ളില്‍ ആയുധങ്ങള്‍ കണ്ടെത്തിയെന്ന അവകാശവാദവും നെറ്റിസണ്‍സ് പൊളിച്ചടുക്കിയിരുന്നു.

ആശുപത്രിക്കു നേരെയുള്ള ആക്രമണം കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ് സയണിസ്റ്റ് സേന. കൂടുതല്‍ സൈന്യത്തെ ചുറ്റും വിന്യസിച്ചു. ആശുപത്രിക്ക് ചുറ്റുമുള്ള വ്യോമാക്രമണങ്ങളുടെയും ടാങ്ക് ഷെല്ലുകളുടെയും കനത്ത മറവിലാണ് ഇതെല്ലാം നടക്കുന്നത്.

‘ഡയാലിസിസ് കെട്ടിടം, ഓപറേഷന്‍ മുറികള്‍, എക്‌സ്‌റേ റൂം, ഫാര്‍മസി എന്നിവ പോലും പൂര്‍ണമായി സൈനിക നിയന്ത്രണത്തിലാണ്. രോഗികളുടെ അടുത്തെത്താന്‍ ഡോക്ടര്‍മാര്‍ക്കുപോലും അനുമതി നല്‍കുന്നില്ല.നിന്ന നില്‍പില്‍ അനങ്ങുന്ന ആര്‍ക്കെതിരെയും വെടിവെക്കുന്നതിനാല്‍ മരുന്ന് വാങ്ങാന്‍ ഫാര്‍മസിയിലേക്ക് പോകാന്‍ പോലുമാകുന്നില്ല’- ആശുപത്രി ഡയറക്ടര്‍ മുഹമ്മദ് അബൂ സാല്‍മിയ പറഞ്ഞു.

ആശുപത്രിയുമായി എല്ലാ ബന്ധങ്ങളും മുറിച്ചുകളഞ്ഞതിനാല്‍ അകത്ത് എന്തൊക്കെ ക്രൂരതകള്‍ സൈന്യം ചെയ്തുകൂട്ടുന്നുവെന്ന് ലോകമറിയുന്നില്ല. അല്‍ഷിഫ ആശുപത്രി കെട്ടിടങ്ങളേറെയും കനത്ത ആക്രമണങ്ങളില്‍ ഭാഗികമായി തകര്‍ന്ന നിലയിലാണ്. രാജ്യാന്തര ചട്ടങ്ങള്‍ പ്രകാരം പൂര്‍ണ സുരക്ഷ ലഭിക്കേണ്ട സിവിലിയന്മാരെ ഹമാസ് അനുകൂലികളാക്കി വധിച്ചുകളയുമോ അതോ തടവുകാരാക്കുമോ എന്നതും അവ്യക്തം. ആശുപത്രിക്കുള്ളില്‍ നിരന്തരം വെടിയൊച്ച മുഴങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബോംബിങ്ങിലെ കേടുപാടും ഇന്ധനക്ഷാമവും ഒപ്പം സുരക്ഷിതത്വ ഭീഷണിയും ഒന്നിച്ച് വലക്കുന്ന മഹാക്രൂരതകളാണ് ആശുപത്രിയില്‍ അരങ്ങേറുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.