അറാര്‍: സഊദി നോര്‍ത്തേണ്‍ ബോഡര്‍ കൗണ്‍സിലിന്റെ സെക്രട്ടറി ജനറലായി ഡോ. അല്‍ഹനൂഫ് ബിന്‍ത് മര്‍സൂഖ് അല്‍ഖഹ്താനിയെ നിയമിച്ച് നോര്‍ത്തേണ്‍ ബോര്‍ഡര്‍ റീജിയണിന്റെ അമീറായ ഫൈസല്‍ ബിന്‍ ഖാലിദ് ബിന്‍ സുല്‍ത്താന്‍ രാജകുമാരന്‍ ഉത്തരവ് പുറപ്പെടുവിച്ചു. കൗണ്‍സിലിന്റെ ചരിത്രത്തില്‍ ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണ് അല്‍ ഖഹ്താനി.
തബൂക്ക് റീജിയന്‍ കൗണ്‍സിലിന്റെ സെക്രട്ടറി ജനറലായി നിയമിതനായ ഡോ. ഖൊലൗദ് അല്‍ഖമീസിന് ശേഷം ദേശീയ തലത്തില്‍ ഒരു റീജിയണല്‍ കൗണ്‍സിലിന്റെ സെക്രട്ടറി ജനറലായി തിരഞ്ഞെടുക്കപ്പെടുന്ന രണ്ടാമത്തെ വനിതയാണ് ഡോ. അല്‍ഹനൂഫ്.
റിയാദില്‍ ജനിച്ച ഡോ. അല്‍ഹനൂഫ് എമര്‍ജന്‍സി മെഡിസിനില്‍ പി.എച്ച്.ഡി നേടിയിട്ടുണ്ട്. അറാറിലെ നോര്‍ത്ത് മെഡിക്കല്‍ ടവറില്‍ ആംബുലന്‍സ് ആന്റ് എമര്‍ജന്‍സി വിഭാഗം തലവനായിരുന്നു. നോര്‍ത്തേണ്‍ ബോര്‍ഡര്‍ എമിറേറ്റിലേക്ക് മാറുന്നതിന് മുമ്പ് ക്ലിനിക്കല്‍ റിവ്യൂ ഡിപ്പാര്‍ട്ട്‌മെന്റിന്റെ തലവനായിരുന്നു.
യു.എസ്.എ.യിലെ കൊളറാഡോ യൂണിവേഴ്‌സിറ്റിയില്‍ നിന്നും സൗദി ഇലക്‌ട്രോണിക് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദത്തിന് പുറമെ എമര്‍ജന്‍സി മെഡിസിന്‍ ആന്റ് ആക്‌സിഡന്റ്‌സ് വിഷയത്തില്‍ ഫെലോഷിപ്പും നേടിയിട്ടുണ്ട്.
യു.എസിലെ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സുരക്ഷ, ഗുണനിലവാരം, ആരോഗ്യ ഇന്‍ഫോര്‍മാറ്റിക്‌സ്, ലീഡര്‍ഷിപ്പ് എന്നിവയില്‍ പ്രൊഫഷണല്‍ സര്‍ട്ടിഫിക്കറ്റും ഇര്‍വിനിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്ന് പ്രോജക്ട് മാനേജ്‌മെന്റില്‍ പ്രൊഫഷണല്‍ സര്‍ട്ടിഫിക്കറ്റും ഗവേണന്‍സ്, റിസ്‌ക് മാനേജ്‌മെന്റ് എന്നിവയില്‍ പ്രൊഫഷണല്‍ സര്‍ട്ടിഫിക്കറ്റും നേടിയിട്ടുണ്ട്.
Comments are closed for this post.