കോഴി മുട്ടയുടെ വലിപ്പമുള്ള ഈന്തപ്പഴം ഉൾപ്പെടെ 40 ഇനം ഈന്തപ്പഴങ്ങൾ യുഎഇയിൽ കൃഷി ചെയ്യുന്നുണ്ടെന്ന് നിങ്ങൾക്കറിയാമോ? രുചിയിലും വലിപ്പത്തിലും വൈവിധ്യങ്ങൾ നിറഞ്ഞ ഇത്തരം ഈന്തപ്പഴങ്ങൾ കഴിക്കാൻ താൽപര്യം തോന്നുണ്ടെങ്കിൽ നിങ്ങൾക്കായി ഇതാ ഒരു മികച്ച അവസരം. അൽ ദൈദ് ഈന്തപ്പഴ ഫെസ്റ്റിവലിന്റെ എട്ടാം സീസൺ യുഎഇയിൽ ആരംഭിച്ചു.
ജൂലൈ 27 വ്യാഴാഴ്ചയാണ് അൽ ദൈദ് ഈന്തപ്പഴ ഫെസ്റ്റിവലിന് തുടക്കമായത്. ജൂലൈ 30 വരെയാണ് ഫെസ്റ്റിവൽ. പൈതൃക പരിപാടികൾ, കച്ചവടങ്ങൾ, ആവേശകരമായ മത്സരങ്ങൾ എന്നിവയുടെ അകമ്പടിയോടെ എമിറാത്തി കൃഷിയുടെ നാല് ദിവസത്തെ ആഘോഷമാണിത്.
പ്രാദേശിക ഈന്തപ്പഴങ്ങളുടെ വൈവിധ്യങ്ങളാണ് ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. ഇതിനു പുറമെ യുഎഇയിൽ കൃഷി ചെയ്ത നാല് ഇനം മാമ്പഴങ്ങൾ, നാരങ്ങകൾ, പപ്പായ, വാഴപ്പഴം, മറ്റ് പഴങ്ങൾ എന്നിവയുൾപ്പെടെയുള്ള മറ്റ് ഉൽപ്പന്നങ്ങളും ഉത്സവത്തിൽ പ്രാദേശിക കർഷകർ പ്രദർശിപ്പിക്കുന്നുണ്ട്.
വിവിധ തരം മത്സരങ്ങളും ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്നുണ്ട്. അൽ റതാബ് ബ്യൂട്ടി, ഏറ്റവും വലിയ ഈന്തപ്പഴ ശാഖ, മികച്ച നാരങ്ങ, അത്തിപ്പഴ മത്സരം, അൽ ഹീസീൽ ഈത്തപ്പഴ മത്സരം, ഏറ്റവും മനോഹരമായ ഈത്തപ്പഴ കൊട്ട നിർമാണം(സ്ത്രീകൾക്കായി മാത്രം സംവരണം ചെയ്തിരിക്കുന്നത്) എന്നിവയാണ് പ്രധാന മത്സരങ്ങൾ. വിജയികൾക്ക് ഓരോ വിഭാഗത്തിലും 1,000 ദിർഹം മുതൽ 25,000 ദിർഹം വരെ സമ്മാനങ്ങൾ നേടാം.
ഷാർജയിലെ കർഷകർക്ക് മാത്രമായി സമർപ്പിച്ചിരിക്കുന്ന ഈന്തപ്പന ഉടമകൾക്കുള്ള ‘അൽ ദൈദ് ഫോർട്ട്’ എന്ന മത്സരമാണ് ഈ വർഷത്തെ ഫെസ്റ്റിവലിലെ ശ്രദ്ധേയമായ മത്സരം. 1750-ൽ പണികഴിപ്പിച്ച, ഇപ്പോൾ മധ്യമേഖലയിലെ ഏറ്റവും പഴക്കമുള്ള കെട്ടിടങ്ങളിലൊന്നായ അൽ ദൈദ് കോട്ടയുടെ ചരിത്രപരമായ പ്രാധാന്യം ആഘോഷിക്കാനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.
സന്ദർശകർക്ക് കരകൗശല വസ്തുക്കളുടെ അതിമനോഹരമായ ശേഖരത്തെക്കുറിച്ചും പ്രദർശിപ്പിച്ചിരിക്കുന്ന പഴങ്ങളുടെ ശ്രേണിയെക്കുറിച്ചും അറിയാൻ കഴിയും. ഈന്തപ്പനകളുടെയും മറ്റ് ഇനങ്ങളുടെയും ഉണങ്ങിയ ഇലകളിൽ നിന്നാണ് ചില മാസ്റ്റർപീസുകൾ നിർമ്മിച്ചിരിക്കുന്നത്. ഈ പ്രദേശത്തിന്റെ സാംസ്കാരിക പാരമ്പര്യം പ്രദർശിപ്പിക്കുന്ന സങ്കീർണ്ണമായ നെയ്ത കൊട്ടകൾ, അലങ്കാര വസ്തുക്കൾ, പരമ്പരാഗത കരകൗശല വസ്തുക്കൾ എന്നിവയും ഇവിടെയുണ്ട്.
സ്വന്തമായി ഈന്തപ്പഴം കൃഷി ചെയ്യണമെന്നുള്ള സന്ദർശകർക്ക് സ്വന്തം വീട്ടുമുറ്റത്ത് വളർത്തുന്നതിനായി ഈന്തപ്പഴ തൈകൾ വാങ്ങാനും കൊണ്ടുപോകാനും കഴിയും. വിദഗ്ധരിൽ നിന്നും അഭിപ്രായങ്ങൾ തേടിയതിന് ശേഷം അനുയോജ്യമായവ വാങ്ങി കൃഷിചെയ്യാം.
Comments are closed for this post.