2021 January 21 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സ്‌നേഹഗായകനായ മഹാകവി

ആലങ്കോട് ലീലാകൃഷ്ണന്‍

 

‘പൊന്നാനിക്കളരി’ എന്നറിയപ്പെട്ട അനശ്വരമായ സാഹിത്യസൗഹൃദത്തെ ലോകപ്രസിദ്ധമാക്കിയ കാവ്യാചാര്യന്മാരിലൊരാളാണ് അക്കിത്തം, മലയാളത്തിന്റെ വിശ്വമഹാകവി.
മതേതരമാനവികതയാണ് പൊന്നാനിക്കളരിയുടെ മുഖമുദ്ര. വി.ടിയും ഉറൂബും ഇടശ്ശേരിയും അക്കിത്തവും എം. ഗോവിന്ദനും എം.ടിയും സി. രാധാകൃഷണനുമടക്കം പൊന്നാനിക്കാരായ എല്ലാ എഴുത്തുകാരും സാക്ഷാല്‍ക്കരിച്ച, മതങ്ങള്‍ അതിരിടാത്ത മാനവികത. അക്കിത്തത്തിന്റെ മിക്ക കവിതയിലും വായിക്കാം ഈ മതേതരഭാവം.
‘മതമേതെങ്കിലുമാവട്ടേ മനുജാത്മാവേ… എന്നു തുടങ്ങുന്ന വരികളില്‍ അതു കാണാം. ഉപാധികളില്ലാത്ത മാനവസ്‌നേഹം സാക്ഷാല്‍ക്കരിക്കാനാണ് അക്കിത്തം എഴുതിയത്. ലോകത്ത് മറ്റൊരു കവിക്കും ഉച്ചരിക്കാന്‍ കഴിയാത്ത സ്‌നേഹസന്ദേശമാണ് ‘ഇരുപതാംനൂറ്റാണ്ടിന്റെ ഇതിഹാസത്തില്‍’ അക്കിത്തം നല്‍കിയത്.
‘നിരുപാധികമാം സ്‌നേഹം
ബലമായി വരുംക്രമാല്‍
ഇതാണഴകിതേസത്യം
ഇതു ശീലിക്കല്‍ ധര്‍മവും.
ജാതിക്കും മതത്തിനും അതിരിടാനാവാത്ത സ്‌നേഹപാരസ്പര്യം അക്കിത്തത്തിന്റെ ഒട്ടെല്ലാ കവിതകളിലും പ്രാണസ്പന്ദമായി തുടിച്ചു.
ഒരു കണ്ണീര്‍ക്കണം മറ്റു-
ള്ളവര്‍ക്കായ് ഞാന്‍ പൊഴിക്കവേ
ഉദിക്കയാണെന്നാത്മാവി-
ലായിരം സൗരമണ്ഡലം
ഒരു പുഞ്ചിരി മറ്റു-
ള്ളവയ്ക്കായി ചെലവാക്കവേ
ഹൃദയത്തിലുലാവുന്നു
നിത്യനിര്‍മല പൗര്‍ണമി’
ഇതു വെറുതെ എഴുതിവയ്ക്കുകയല്ല അക്കിത്തം ചെയ്തത്, എഴുതിയപോലെ ജീവിച്ചു. ഏതു ചെറിയ കുട്ടിക്കും ശങ്കയില്ലാതെ സമീപിക്കാവുന്ന ഉടലാര്‍ന്ന സ്‌നേഹരൂപമായിരുന്നു അക്കിത്തം. അഹങ്കാരലേശമില്ലാത്ത മനസ്സ്, കളങ്കരഹിതമായ സ്‌നേഹം, ലാളിത്യം, ധര്‍മനിഷ്ഠ, മതേതരമാനവികത ഇങ്ങനെ എല്ലാം കൊണ്ടും മാതൃകാജീവിതം നയിച്ച പൂര്‍ണ കവി. പൂര്‍ണവളര്‍ച്ചയെത്തിയ ഋഷി ഒരിക്കലും മുതിരാത്ത ശിശുവില്‍, അതു മഹാകവി അക്കിത്തമാവും. സ്‌നേഹത്താല്‍ കണ്ണീരണിഞ്ഞ ജ്ഞാനബുദ്ധനായിരുന്നു അക്കിത്തം.
‘അബ്ദുല്ല’എന്ന കവിതയില്‍ കളിക്കൂട്ടുകാരനായ അബ്ദുല്ലയെ കവി ഒരു യാത്രയില്‍ കണ്ടുമുട്ടുന്നു. അബ്ദുല്ല ചോദിക്കുന്നു; അച്യുതന്‍ നമ്പൂരിയല്ലേ നിങ്ങള്‍?’
വര്‍ഷങ്ങളായി തമ്മില്‍ കണ്ടിട്ടില്ലാത്ത ആ സതീര്‍ത്ഥ്യനെ കാണുമ്പോള്‍ കണ്ണുനിറഞ്ഞൊഴുകിപ്പോയതിന്റെ സ്‌നേഹഭാവം അക്കിത്തം ഇങ്ങനെ എഴുതുന്നു.
‘കണ്ണെവിടെപ്പോയ്, വാക്കെവിടെപ്പോയ്
കണ്ണീരു മാത്രമാണീ പ്രപഞ്ചം’
ആഢ്യത്വവും ജന്മിത്വവുമുള്ള വൈദികബ്രാഹ്മണ കുടുംബത്തില്‍ യാഥാസ്ഥിതികപൗരോഹിത്യത്തിന്റെ നടുക്കു ജനിച്ചുവളര്‍ന്നിട്ടും നിര്‍ണായക ചരിത്ര ഘട്ടത്തില്‍ താനുള്‍പ്പെട്ട സമുദായത്തെ അടിമുടി ഉടച്ചുതകര്‍ക്കുന്ന സാമുദായികവിപ്ലവത്തില്‍ പങ്കുചേര്‍ന്നവനായിരുന്നു അക്കിത്തം എന്ന ഉണ്ണിനമ്പൂതിരി. വി.ടിയായിരുന്നു അന്ന് അക്കിത്തത്തിന്റെ ഗുരു.
ബ്രാഹ്മണ്യവും ദേവസ്വവും സംബന്ധവ്യവസ്ഥിതിയും കടവല്ലൂര്‍ അന്യോന്യവുംവരെ കടപുഴകി വീണ ആ കൊടുങ്കാറ്റിലാണ് അഗ്നിഹോത്രമുപേക്ഷിച്ചു ജനസഞ്ചയത്തില്‍ അണിചേരുന്ന പുതുയോഗക്ഷേമ സിദ്ധാന്തം അക്കിത്തം പഠിച്ചതും പഠിപ്പിച്ചതും. നമ്പൂതിരി മനുഷ്യനായ ചരിത്രത്തിന്റെ ഭാഗമാണത്. ആദ്യത്തെ നവോത്ഥാന മാസികകളിലൊന്നിന്റെ പത്രാധിപരുമായിരുന്നു അന്ന് അക്കിത്തം.
യൗവനാരംഭത്തിലെ തീക്ഷണദിനങ്ങളില്‍ നഷ്ടപ്പെടാനൊന്നുമില്ലാത്തവരുടെ സമരസംഘങ്ങളില്‍ പോരാളിയാവാനും ഈ കവിക്കു വൈമുഖ്യമുണ്ടായില്ല.
‘കാവുമ്പായക്കരിവെള്ളൂരില്‍
മുനയന്‍കുന്നിലും വൃഥാ
അലയുന്നുണ്ടൊരാത്മ –
ചൈതന്യ പരിപീഡിതന്‍.’
എല്ലാ സംഘര്‍ഷങ്ങളിലും ഒറ്റയ്ക്കായിപ്പോവുകയും എല്ലാ സമരങ്ങളിലും തോറ്റുപോവുകയും എല്ലാ യുദ്ധങ്ങളിലും മരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന അനാഥമനുഷ്യനെയാണ് അക്കിത്തം എന്നും സ്വന്തം നെഞ്ചില്‍ കാത്തുപോന്നത്. ഒരിക്കലെങ്കിലും സ്‌നേഹവിരുദ്ധമായ മുഖം ആ മനുഷ്യന് അക്കിത്തം നല്‍കിയിട്ടില്ല. അവന്റെ കണ്ണുനീരിന്റെയും അതിജീവനത്തിന്റെയും ഇതിഹാസമാണ് കണ്ണീരിലമൃതം ചേര്‍ത്ത അക്കിത്തത്തിന്റെ ഇതഃപര്യന്തമുള്ള കാവ്യ ജീവിതം.
‘നിന്നെക്കൊന്നവര്‍ക്കൊന്നു പൂവേ
തന്നുടെ തന്നുടെ മോക്ഷത്തെ
എന്നു വിഷാദിച്ചപ്പോഴും’. (ഇടിഞ്ഞുപൊളിഞ്ഞ ലോകം).
‘എന്റെയല്ലെന്റെയല്ലീക്കൊമ്പനാനകള്‍
എന്റെയല്ലീ മഹാക്ഷേത്രവും മക്കളേ’ (പണ്ടത്തെ മേശാന്തി) എന്നു ജീവിതവിരക്തനായപ്പോഴും
‘ ഒരു കണ്ണീര്‍ക്കണം മറ്റു-
ള്ളവര്‍ക്കായ് ഞാന്‍ പൊഴിക്കവേ-
ഉദിക്കയാണെന്നാത്മാവി-
ലായിരം സൗരമണ്ഡലം’ (ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം) എന്നു ബോധോദയമാര്‍ന്നപ്പോഴും
‘കാണാതയപ്പടി കണ്ണുനീരാകിലും
ഞാനുയിര്‍ക്കൊണ്ടു വിശ്വാസശക്തിയാല്‍’ (പണ്ടത്തെ മേശാന്തി) എന്നു പ്രത്യാശ നേടിയപ്പോഴും പോരാടുന്ന ആധുനികമനുഷ്യന്റെ അവസാനമില്ലാത്ത കണ്ണുനീരിനെയാണ് അക്കിത്തം കവിതയാക്കിയത്.
മലയാള കവിതയില്‍ യഥാര്‍ഥമായ കേരളീയാധുനികതയുടെ തുടക്കം കുറിച്ച കവിയാണ് അക്കിത്തം. ‘കരതലാമലകം’ എന്ന കവിതയില്‍ കാലത്തിന്റെ ആധുനികമായ വിഹ്വലതകളെയും മാനവികഭയങ്ങളെയും രണ്ടേരണ്ടു വരികളില്‍ അക്കിത്തം ഇങ്ങനെ സംഗ്രഹിച്ചിരിക്കുന്നു,
‘ ഈ യുഗത്തിന്റെ പൊട്ടിക്കരിച്ചിലെന്‍
വായില്‍ നിന്നു നീ കേട്ടുവെന്നോ , സഖീ?’
ഈ ചോദ്യത്തിലടങ്ങിയിരിക്കുന്നു ആധുനിക മനുഷ്യയുഗത്തിന്റെ വിശിഷ്ടമായൊരു ദുരന്തദര്‍ശനം.
എന്നാല്‍, അക്കിത്തം ഒരിക്കലും അന്യവല്‍ക്കരണത്തിന്റെ ആ ദുരന്താവബോധത്തില്‍ നിന്നില്ല.
‘ആ വിയര്‍പ്പിന്റെ തുള്ളിയുണ്ടിന്നുമെ-
ന്നാത്മശക്തിതന്‍ മുത്തുക്കിരീടമായ്
ഉജ്ജ്വലപ്രഭ തൂകിത്തിളങ്ങുന്നി
തുഗ്രമാമെന്‍ ബോധാന്ധകാരത്തില്‍’
വിയര്‍പ്പിന്റെ ഈ വെളിച്ചം തന്നെയായിരുന്നു എന്നും അക്കിത്തത്തിന്റെ അതിജീവന പ്രത്യാശ.
കല്‍ക്കത്ത തിസീസിനോടുള്ള വിയോജിപ്പാണ് ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസ’ത്തിനു പ്രേരണ. അവിടെയും സര്‍ഗാത്മകതയുടെ പ്രത്യാശ അക്കിത്തം കൈവിട്ടിട്ടില്ല.
‘തോക്കിനും വാളിനും വേണ്ടി-
ച്ചെലവിട്ടോരിരുമ്പുകള്‍
ഉരുക്കി വാര്‍ത്തെടുക്കാവൂ
ബലമുള്ള കലപ്പകള്‍’
ഈ പ്രത്യാശാനിര്‍ഭരമായ പരിവര്‍ത്തനമായിരുന്നു കവി എന്നും ആഗ്രഹിച്ചത്. പില്‍ക്കാലത്ത് കല്‍ക്കത്ത തിസീസ് തള്ളിക്കളഞ്ഞ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അതിന്റെ പേരില്‍ വിയോജിച്ചുനിന്ന അക്കിത്തത്തെപ്പോലുള്ളവരെ തിരിച്ചറിയാന്‍ വൈകിപ്പോയിട്ടുണ്ടാവാം. പക്ഷേ, ഒരിക്കലും തന്റെ എഴുത്തില്‍ മതവാദിയും പിന്തിരിപ്പനുമായില്ല അക്കിത്തം. ‘അബ്ദുല്ല’പോലുള്ള കവിതകളില്‍ ‘കാണുമോ മേലില്‍ നമ്മള്‍’ എന്ന ചോദ്യത്തിലെ മാനവികമായ വിങ്ങല്‍ കേള്‍ക്കാതിരുന്നു കൂടാ.
താരതമ്യേന പുതിയ കാലത്തെഴുതിയ കവിതയിലും മതേതരമായ നിരുപാധിക സ്‌നേഹ ബോധം കൂടുതല്‍ തീക്ഷണതയോടെ തെളിയുന്നതു കാണാം.
സമാനതകളില്ലാത്ത സ്‌നേഹഗായകനാണ് മഹാകവി അക്കിത്തം. മനുഷ്യാത്മാവിനെ മതങ്ങള്‍ക്കും വിഭാഗീയതകള്‍ക്കും അതീതമായ നിരുപാധിക സ്‌നേഹത്തിലേയ്ക്ക് ഉയര്‍ത്താന്‍ വേണ്ടി അക്ഷരം അമൃതമാക്കി മാറ്റിയ അക്കിത്തമെന്ന അനശ്വര മഹാകവിക്കു മരണമില്ല.

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.