2023 May 29 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

എ.കെ.ജി സെന്റര്‍ ആക്രമണം, പിന്നില്‍ യൂത്ത് കോണ്‍ഗ്രസുകാരനെന്ന് ക്രൈംബ്രാഞ്ച്; പക്ഷേ തെളിവില്ല

 

തിരുവനന്തപുരം: എ.കെ.ജി സെന്ററിലേക്ക് സ്‌ഫോടക വസ്തു എറിഞ്ഞ കേസിന്റെ അന്വേഷണം രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തില്‍ പ്രവേശിക്കുന്ന സമയത്ത് ഊര്‍ജിതമാക്കി പൊലിസ്. ആക്രമണം നടന്ന് രണ്ടു മാസം കഴിഞ്ഞിട്ടും തുമ്പൊന്നും കിട്ടാതെവന്ന പൊലിസ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത് അക്രമത്തിനു പിന്നില്‍ യൂത്ത് കോണ്‍ഗ്രസുകാരെന്നാണ്.

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചതിനു പകരം തീര്‍ത്തതാണെന്നാണ് ക്രൈംബ്രാഞ്ച് ഭാഷ്യം. കോണ്‍ഗ്രസിലെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുള്ള കഴക്കൂട്ടം സ്വദേശി യൂത്ത് കോണ്‍ഗ്രസുകാരനാണ് മുഖ്യ സൂത്രധാരനെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം.
മുഖ്യമന്ത്രിക്കെതിരേ വിമാനത്തിനുള്ളില്‍ പ്രതിഷേധമുണ്ടായപ്പോഴും ഇയാള്‍ വിമാനത്തിലുണ്ടായിരുന്നു. എന്നാല്‍ ഗൂഢാലോചനയില്‍ തെളിവില്ലാത്തിനാല്‍ പ്രതിയാക്കിയിരുന്നില്ല. ഇയാളെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് എ.കെ.ജി സെന്റര്‍ ആക്രണത്തിലെ പ്രതിയെന്നു സംശയിക്കുന്ന യുവാവിലേക്ക് എത്തിയതെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന.

സ്‌കൂട്ടറിലെത്തി ബോംബെറിഞ്ഞെന്ന് സംശയിക്കുന്ന മേനംകുളം സ്വദേശിയെ ചോദ്യം ചെയ്‌തെങ്കിലും അയാള്‍ നിഷേധിച്ചു. സാഹചര്യ തെളിവുകളും ഫോണ്‍ വിശദാംശങ്ങളുമെല്ലാം പരിശോധിക്കുമ്പോള്‍ അക്രമത്തിനു പിന്നില്‍ ഈ സംഘമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. പക്ഷേ പ്രതിയാക്കാനുള്ള വ്യക്തമായ തെളിവുകളൊന്നും ഇതേവരെ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല.
ആദ്യം പ്രത്യേക സംഘം അന്വേഷിച്ചപ്പോഴും യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ സംശയമുണ്ടായിരുന്നുവെന്ന് പൊലിസ് പറയുന്നു. പക്ഷെ പ്രതി ഉപയോഗിച്ച വാഹനം, സ്‌ഫോടക വസ്തു സംഘടിപ്പിച്ചത്, ഗൂഢാലോചന തുടങ്ങിയവയെ കുറിച്ച് വ്യക്തമായ തെളിവ് അന്നും ലഭിച്ചിരുന്നില്ല. നിര്‍ണായക തെളിവുകള്‍ ശേഖരിക്കാനുള്ളതിനാല്‍ അന്വേഷണത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പറയില്ലെന്ന് ക്രൈംബ്രാഞ്ച് ഉന്നതവൃത്തങ്ങളും വ്യക്തമാക്കി.

അതേ സമയം, എകെജി സെന്ററിന് നേരെയുണ്ടായ ആക്രമണത്തിലെ അന്വേഷണം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കേന്ദ്രീകരിച്ചെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയതിന് പിന്നാലെ ആരോപണങ്ങളുന്നയിച്ച് ഡി.വൈ.എഫ്.ഐ രംഗത്തെത്തി. എകെജി സെന്റര്‍ ആക്രമണത്തില്‍ യൂത്ത് കോണ്‍ഗ്രസിന് വ്യക്തമായ പങ്കുണ്ടെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് ആരോപിച്ചു. കെസിപിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഇതുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ പങ്കെടുത്തതായും ഡിവൈഎഫ്‌ഐ ആരോപിച്ചു.

കേരളത്തില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കുന്നതിന് വേണ്ടിയുള്ള ശ്രമം ഒരു ഭാഗത്ത് നടന്നുവരുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് കലാപാഹ്വാനവും ആസൂത്രണവും നടന്നു. അതിന്റെ ഭാഗമാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിലുണ്ടായ ആക്രമണം. ജനാധിപത്യപരമായ പ്രതിഷേധങ്ങളോട് ഡി.വൈ.എഫ്.ഐക്ക് എതിര്‍പ്പില്ല. പക്ഷേ മുഖ്യമന്ത്രിയെ അപായപ്പെടുത്തിയുള്ള പ്രതിഷേധത്തില്‍ ശരികേടുണ്ട്. എന്നിട്ടും വേണ്ടത്ര പ്രകോപനമുണ്ടായില്ലെന്ന് കരുതിയാണ് പാര്‍ട്ടി ഓഫീസുകള്‍ ആക്രമിക്കുകയും എകെ ജി സെന്ററിലേക്ക് ബോംബ് എറിഞ്ഞതെന്നും ഡിവൈഎഫ്‌ഐ കുറ്റപ്പെടുത്തി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.