ദുബായ്: പ്രവാസ ലോകത്ത് 28 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള, കേരളത്തിലെ 160ലധികം കലാലയ പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മകളുടെ ഫെഡറേഷനായ അക്കാഫ് (ഓള്‍ കേരള കോളജസ് അലൂംനി ഫോറം) ഇവന്റ്‌സ് ഈ മാസം എട്ടിന് ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ ‘ആവണി പൊന്നോണം’ ഒരുക്കുന്നു. കേരള ധന മന്ത്രി കെ.എന്‍ ബാലഗോപാല്‍ ഞായറാഴ്ച രാവിലെ 10ന് ഉദ്ഘാടനം ചെയ്യുന്ന ഓണാഘോഷത്തില്‍ 100 രാജ്യങ്ങളെ പ്രതിനിധീകരിച്ച് വിശിഷ്ടാതിഥികള്‍ പങ്കെടുക്കുമെന്ന് പ്രസിഡന്റ് ചാള്‍സ് പോള്‍, ചെയര്‍മാന്‍ ഷാഹുല്‍ ഹമീദ്, ജന.സെക്രട്ടറി വി.എസ് ബിജു കുമാര്‍, ട്രഷറര്‍ ജൂഡിന്‍ ഫെര്‍ണാണ്ടസ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
യുഎഇയിലെ ഏഴു എമിറേറ്റുകളുടെയും ഭരണാധികാരികളുടെ മുഖം പൂക്കളാല്‍ ആലേഖനം ചെയ്യുന്ന അത്യപൂര്‍വ ചടങ്ങിന് ഷാര്‍ജ എക്‌സ്‌പോ സെന്റര്‍ വേദിയാകും. 6,000 പേര്‍ക്ക് ഓണ സദ്യ വിളമ്പും. കോളജ് അലൂംനികള്‍ അവതരിപ്പിക്കുന്ന ഘോഷയാത്ര ഏറെ പുതുമകള്‍ നിറഞ്ഞതാകും.
പ്രശസ്ത ബിസിനസ് വ്യക്തിത്വങ്ങളായ ശോഭ ലിമിറ്റഡ് സ്ഥാപകന്‍ പി.എന്‍.സി മേനോന്റെ ഭാര്യ ശോഭ മേനോന്‍, കെഫ് ഹോള്‍ഡിംങ്‌സ് സ്ഥാപകന്‍ ഫൈസല്‍ കോട്ടിക്കൊള്ളോന്റെ ഭാര്യ ഷബാന ഫൈസല്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും. ചലച്ചിത്ര താരം ഹണി റോസ് ചടങ്ങുകളില്‍ പങ്കെടുക്കും. പദ്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ നേതൃത്വത്തില്‍ ‘തൃക്കായ’ ബാന്‍ഡ് കേരളത്തിന് പുറത്ത് ആദ്യാവതരണം നടത്തും. അനൂപ് ശങ്കറും മൃദുല വാരിയരും ചേര്‍ന്നവതരിപ്പിക്കുന്ന ഗാനസന്ധ്യയും കലാമണ്ഡലം മണികണ്ഠന്റെ നടന്‍ പാട്ടും ഹാസ്യ വിരുന്നുമുണ്ടാകും.
പ്രവാസ ലോകത്തെ ഏറ്റവും ബൃഹത്തായ കൂട്ടായ്മയാണ് അക്കാഫ് ഇവന്റ്‌സ്. മൂന്ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡുകള്‍ നേടിയ അക്കാഫ് ജീവകാരുണ്യ, ആരോഗ്യ, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ മികച്ച നിലയില്‍ നിര്‍വഹിക്കുന്നുവെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.
10 എക്‌സ് പ്രോപര്‍ട്ടി സിഇഒ സുകേഷ് ഗോവിന്ദന്‍, അക്കാഫ് ഇവന്റ്‌സ് വൈസ് ചെയര്‍മാന്‍ അഡ്വ. ബക്കര്‍ അലി, വൈസ് പ്രസിഡന്റ് അഡ്വ. ഹാഷിക് തൈക്കണ്ടി, മീഡിയ കോഓര്‍ഡിനേറ്റര്‍ സിന്ധു ജയറാം, വനിതാ വിഭാഗം ചെയര്‍പേഴ്‌സണ്‍ റാണി സുധീര്‍, കള്‍ചറല്‍ പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ വി.സി മനോജ്, ‘ആവണി പൊന്നോണം’ ജോ.ജന.കണ്‍വീനര്‍മാരായ സജി എസ്.പിള്ള, വിദ്യ പുതുശ്ശേരി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു. ഉമ്മര്‍ ഫാറൂഖ്, ജോണ്‍സണ്‍ മാത്യു, സനീഷ് എന്നിവരും സന്നിഹിതരായിരുന്നു.
Comments are closed for this post.