2024 March 02 Saturday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

വീണയുടെ കൈയ്യില്‍ രേഖകളുണ്ടെന്ന് കുഴല്‍നാടനോട് നേരത്തെ പറഞ്ഞതാണ്; മാപ്പു പറയണമെന്ന് എ.കെ ബാലന്‍

വീണയുടെ കൈയ്യില്‍ രേഖകളുണ്ടെന്ന് കുഴല്‍നാടനോട് നേരത്തെ പറഞ്ഞതാണ്; മാപ്പു പറയണമെന്ന് എ.കെ ബാലന്‍

തിരുവനന്തപുരം: സി.എം.ആര്‍.എലില്‍ നിന്ന് മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ പണം വാങ്ങി എന്ന ആരോപണത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന സി.പി.എം നേതാവ് എ.കെ ബാലന്‍ പറഞ്ഞു. സംഭവത്തില്‍ മാത്യു കുഴല്‍നാടന്‍ മാപ്പു പറയണമെന്ന് എ.കെ ബാലന്‍ പറഞ്ഞു.

‘വീണ ജി.എസ്.ടി കൊടുത്തിട്ടുണ്ടെങ്കില്‍ ക്ഷമാപണം നടത്താമെന്ന് പറഞ്ഞയാളാണ് കുഴല്‍നാടന്‍. മാപ്പ് പറയുന്നതാണ് പൊതുപ്രവര്‍ത്തനത്തിന് അദ്ദേഹത്തിന്റെ വിശ്വാസ്യത കൂട്ടുക. എല്ലാ രേഖയും വീണയുടെ കൈയില്‍ ഉണ്ടെന്ന് ഞാന്‍ പറഞ്ഞതാണ്. അപ്പോഴേക്കാണ് അയാള്‍ ഔപചാരിക കത്ത് കൊടുത്തത്. അത് നല്‍കിയ സ്ഥിതിക്ക് അതിന്റെ മറുപടി വരുന്നത് വരെ കാത്തിരിക്കണം. അതിനിടയില്‍ ഞങ്ങള്‍ കൊടുക്കുന്നത് ശരിയല്ലാത്തത് കൊണ്ടാണ് ഞങ്ങളിത് നല്‍കാതിരുന്നത്’ ബാലന്‍ പറഞ്ഞു.

വിവരാവകാശ നിയമപ്രകാരം വ്യക്തികളുടെ നികുതി വിവരം കൊടുക്കാന്‍ കഴിയില്ലെന്ന് കുഴല്‍നാടന് അറിയാം. അത് അറിഞ്ഞുകൊണ്ട് തന്നെയാണ് അപേക്ഷ നല്‍കിയത്. നിയമവിരുദ്ധമായ നല്‍കിയ ഒരു അപേക്ഷയില്‍ സര്‍ക്കാരിന് ഒരു വിവരവും നല്‍കാന്‍ കഴിയില്ല. ധനകാര്യ മന്ത്രിക്ക് അദ്ദേഹം നല്‍കിയ ഒരു ഇമെയിലിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ ധനകാര്യ വകുപ്പ് അദ്ദേഹത്തന് കൃത്യമായ കണക്കുകള്‍ നല്‍കിയെന്നും ബാലന്‍ പറഞ്ഞു.

നുണ ഇങ്ങനെ പറഞ്ഞ് പ്രചരിപ്പിക്കാന്‍ അനുവദിക്കരുത്. നുണക്കച്ചവടത്തിന്റെ ഹോള്‍സേല്‍ ഏജന്റുമാരായി യു.ഡി.എഫും കോണ്‍ഗ്രസ് മാറിയിരിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

ഇന്‍കം ടാക്‌സ് റെയ്ഡ് വന്നപ്പോള്‍ സിഎംആര്‍എല്ലിലെ ഒരു ഉദ്യോഗസ്ഥന്‍ പേടിച്ച് പറഞ്ഞതിനെ മുഖവിലക്കെടുത്താണ് മാസപ്പടി വിവാദത്തില്‍ വീണയ്ക്കും മുഖ്യമന്ത്രിക്കുമെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്. സിഎംആര്‍എല്‍ കമ്പനി നല്‍കിയ സത്യവാങ്മൂലം ആരും പരിഗണിച്ചില്ല. ഇന്‍കം ടാക്‌സ് സെറ്റില്‍മെന്റ് ബോര്‍ഡ് വീണക്കെതിരെ പരാമര്‍ശം നടത്തിയത് മുഖ്യമന്ത്രിയുടെ മകളായത് കൊണ്ടാണ്. വീണയുടെ ഭാഗം കേള്‍ക്കാതെ വീണയെയും അച്ഛനായ മുഖ്യമന്ത്രിയെയും പരാമര്‍ശിക്കാന്‍ ബോര്‍ഡിന് എന്ത് അധികാരമാണ് ഉള്ളതെന്നും എകെ ബാലന്‍ ചോദിച്ചു. എക്‌സാലോജിക് കര്‍ണാടകയില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനിയാണ്. വിശദമായ പരിശോധന നടത്താന്‍ സമയമെടുത്തത് കൊണ്ടാവും റിപ്പോര്‍ട്ട് വൈകിയതെന്ന് കരുതുന്നു. ഈ വിവാദങ്ങള്‍ അവസാനിച്ചിട്ടില്ല. ഇനി മേലില്‍ ഇമ്മാതിരി കള്ളത്തരവും കൊണ്ട് നടക്കരുതെന്നും അദ്ദേഹം പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.