
മുംബൈ: ടെസ്റ്റ് ക്രിക്കറ്റില്‍ അസാധാരണ നേട്ടവുമായി ന്യൂസിലന്‍ഡ് ക്രിക്കറ്റ് താരം അജാസ് പട്ടേല്‍. ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിലെ ആദ്യ ഇന്നിങ്സില്‍ ഇന്ത്യയുടെ 10 വിക്കറ്റും വീഴ്ത്തിയാണ് അജാസ് ചരിത്രമുഹൂര്‍ത്തം കുറിച്ചത്. തന്റെ ജന്മനാടായ മുംബൈ നഗരത്തെ സാക്ഷിനിര്‍ത്തിയായിരുന്നു രണ്ടാം ദിനം അജാസ് ചരിത്രത്തിലേക്ക് പന്തെറിഞ്ഞത്. വാംഖഡെ ക്രിക്കറ്റ് സ്റ്റേഡിയത്ത് 47.5 ഓവറില്‍ 119 റണ്‍സ് വഴങ്ങിയായിരുന്നു അജാസിന്റെ വിക്കറ്റ് നേട്ടം.
ഈ നേട്ടം കരസ്ഥമാക്കുന്ന മൂന്നാമത്തെ മാത്രം ക്രിക്കറ്റ് താരമാണ് അജാസ് പട്ടേല്‍. ഇംഗ്ലണ്ടിന്റെ ജിം ലേക്കര്‍, മുന്‍ ഇന്ത്യന്‍ നായകന് അനില്‍ കുംബ്ലെ എന്നിവരാണ് മുമ്പ് ഈ നാഴികക്കല്ല് താണ്ടിയത്.
ഒരിന്നിങ്സില്‍ 10 വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ന്യൂസിലന്‍ഡ് താരമെന്ന ഖ്യാതിയും ഇനി അജാസിന് സ്വന്തം. ആദ്യ ദിനം നാലു പേരെ വീഴ്ത്തി അജാസ് വരവറിയിച്ചിരുന്നു.
ആദ്യ ഇന്നിങ്സില്‍ കൂറ്റന്‍ സ്കോറിലേക്ക് നീങ്ങുകയായിരുന്ന ഇന്ത്യന്‍ കുതിപ്പിന് അജാസിന്റെ ബൗളിങ് കരുത്തിലാണ് കീവീസ് തടയിട്ടത്. ആദ്യ ഇന്നിങ്സില്‍ ഇന്ത്യ 325 റണ്‍സെടുത്ത് കൂടാരം കയറി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവീസിനെ ഇന്ത്യന്‍ ബൗളര്‍മാര്‍ ചേര്‍ന്ന് 62 റണ്‍സിന്റെ ദയനീയ സ്കോറില്‍ ഒതുക്കി.