2023 December 04 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

തൊഴിലാളികളുടെ ഡോക്ടര്‍ഇന്നും നമ്മെ ഓർമിപ്പിക്കുന്നത്

വി.​ മു​സ​ഫ​ര്‍ അ​ഹ​മ്മ​ദ്

   

വി.​ മു​സ​ഫ​ര്‍ അ​ഹ​മ്മ​ദ്

86 വര്‍ഷം മുമ്പ് ഇംഗ്ലീഷില്‍ ഇറങ്ങിയ എ.ജെ ക്രോണിന്റെ ‘ദി സിറ്റാഡല്‍’ എന്ന നോവലിന്റെ മലയാള പരിഭാഷ ‘കോട്ട’ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. (വിവര്‍ത്തനം: ഡോ. ഷാഫി കെ. മുത്തലീഫ്, പ്രസാധനം: ദയ ഹോസ്പിറ്റല്‍ പബ്ലിക്കേഷന്‍സ്& ഫ്‌ളെയിം ബുക്സ്, തൃശൂര്‍). ചികിത്സാരംഗത്തെ ധനാര്‍ത്തി, രോഗിക്ക് നിഷേധിക്കപ്പെടുന്ന നീതി, ചികിത്സകന്റെ അറിവില്ലായ്മയുടെ ഇരയാകുന്ന രോഗി തുടങ്ങി ഇന്നും എന്നും അങ്ങേയറ്റം പ്രസക്തമായ വിമര്‍ശനങ്ങളാണ് നായകനും യുവ ഡോക്ടറുമായ ആന്‍ഡ്രൂ മാന്‍സണിലൂടെ നോവല്‍ അവതരിപ്പിക്കുന്നത്. ഇന്ന് ചികിത്സാ രംഗത്ത് നടമാടുന്ന മനുഷ്യത്വവിരുദ്ധമായ നിരവധി സംഭവങ്ങള്‍ എട്ടരപ്പതിറ്റാണ്ട് മുമ്പെഴുതിയ ഈ നോവലില്‍ തെളിഞ്ഞുകിടക്കുന്നു. കാലം മുന്നോട്ടു പോയെങ്കിലും രോഗിക്കുള്ള നീതി ഇന്നും മരീചികയായി തുടരുകയാണെന്ന് നോവല്‍ വായന നമ്മെ ബോധ്യപ്പെടുത്തും.


1980കളുടെ മധ്യത്തില്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിലെ ഞാനടക്കമുള്ള ബിരുദ വിദ്യാര്‍ഥികള്‍ക്ക് ഈ നോവല്‍ പഠിക്കാനുണ്ടായിരുന്നു. അക്കാലത്ത് അഴിമതിക്കാരായ ഡോക്ടര്‍മാരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നക്‌സലൈറ്റ് ആഭിമുഖ്യമുള്ള ഒരു കൂട്ടം ചെറുപ്പക്കാര്‍ തെരുവില്‍ ജനകീയ വിചാരണ ചെയ്യുകയും കഴുത്തില്‍ ചെരുപ്പുമാലകള്‍ അണിയിക്കുകയും ചെയ്തു കഴിഞ്ഞിരുന്നു. അതിനെക്കുറിച്ചുള്ള വാര്‍ത്തകളുടെ തിളക്കല്‍ അവസാനിക്കും മുമ്പാണ് സിറ്റാഡല്‍ പഠിക്കാന്‍ വരുന്നത്. അതിനു തൊട്ടുപിന്നാലെ വൈദ്യശാസ്ത്രത്തിന്റേയും ചികിത്സാ രംഗത്തിന്റേയും പല പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടുന്ന ഇവാന്‍ ഇല്ലിച്ചിന്റെ ‘ ലിമിറ്റ്‌സ് ടു മെഡിസി’നും കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു.

 

 

വൈദ്യരംഗത്ത് രോഗിക്കു ലഭിക്കേണ്ട പല തട്ടിലുള്ള നീതികളെക്കുറിച്ചുള്ള അവബോധത്തിലേക്ക് ഈ ചര്‍ച്ചകള്‍ അന്ന് കേരളീയ സമൂഹത്തെ നയിക്കുകയും ചെയ്തു. ഇപ്പോള്‍ സിറ്റാഡല്‍ ‘കോട്ട’ എന്ന ശീര്‍ഷകത്തില്‍ മലയാളത്തില്‍ വന്നപ്പോള്‍ ഇക്കാര്യങ്ങളെല്ലാം പെട്ടെന്ന് ഓർമയിലേക്കു വന്നു. നോവലിസ്റ്റ് ക്രോ
ണിന്‍ ഡോക്ടറായിരുന്നുവെന്നും അതിനാല്‍ തന്നെ നോവല്‍ ആത്മകഥാപരമാണെന്നും ക്ലാസ്മുറിയില്‍ സിറ്റാഡല്‍ പഠിപ്പിച്ച അധ്യാപകന്‍ പറഞ്ഞത് ഇന്നും ഓർമയിലുണ്ട്.
സൗത്ത് വെയില്‍സിലെ ഒരു പട്ടണത്തില്‍ ഖനിത്തൊഴിലാളികള്‍ക്കിടയില്‍ ഡോക്ടറായെത്തുന്ന ആന്‍ഡ്രൂമാന്‍സനെ അവതരിപ്പിച്ചു കൊണ്ടാണ് നോവല്‍ തുടങ്ങുന്നത്. മെഡിക്കല്‍ വിദ്യാഭ്യാസത്തിനായി ചെലവിട്ട പണം കടമായി വാങ്ങിയതിനാല്‍ ഡോക്ടര്‍ മാന്‍സണ്‍ കടുത്ത സാമ്പത്തിക പ്രയാസത്തിലാണ്.

ഖനിത്തൊഴിലാളികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും കമ്പനി ഇന്‍ഷുറന്‍സിലൂടെ ചികിത്സ നല്‍കുന്ന നാല് ഡോക്ടര്‍മാരില്‍ ഒരാളായി ഒരു കല്‍ക്കരി കമ്പനിയാണ് മാന്‍സനെ ജോലിക്കെടുക്കുന്നത്. ഡോക്ടര്‍ എന്ന നിലയിലുള്ള തൊഴില്‍ ജീവിതം ആരംഭിക്കുമ്പോള്‍ നിരവധി പ്രതീക്ഷകള്‍ മാന്‍സണുണ്ട്. രോഗീപരിചരണത്തിന് മുന്തിയ പരിഗണന നല്‍കുന്ന ഡോക്ടറായിരിക്കും താനെന്ന് ഇടക്കിടെ അയാള്‍ തന്നോടു തന്നെ പറയുന്നുമുണ്ട്. പുതുതായി പഠിച്ച കാര്യങ്ങള്‍ രോഗികള്‍ക്ക് പ്രയോജനകരമമായ രീതിയില്‍ പ്രയോഗിച്ച് അവര്‍ക്ക് രോഗ മുക്തി നല്‍കാന്‍ ഈ യുവ ഡോക്ടര്‍ക്ക് കഴിയുന്നുമുണ്ട്. എന്നാല്‍ മുതിര്‍ന്ന ഡോക്ടര്‍മാര്‍, അവരുമായി ബന്ധപ്പെട്ട് നില നില്‍ക്കുന്ന ആശുപത്രികളും ക്ലിനിക്കുകളും അനുബന്ധ സംവിധാനങ്ങളും മാന്‍സണ് എതിരാകുന്നു. സീനിയര്‍ ഡോക്ടര്‍മാര്‍ ഓരോ രോഗിയുടെ ചികിത്സക്കുമുള്ള ഫീസില്‍ നിന്ന് മൂന്നു ശതമാനം തങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതാണെന്ന് വാദിക്കുന്നു.

 

 

ഇവിടം മുതലാണ് ചികിത്സാ രംഗത്തെ ധനാര്‍ത്തി എന്ന പ്രശ്‌നത്തെ ക്രോണിന്‍ നോവലില്‍ അവതരിപ്പിക്കുന്നത്. രോഗം എങ്ങനെ മാറ്റാം എന്നല്ല, ഏതുവിധേനയും എങ്ങനെ പണമുണ്ടാക്കാമെന്ന് ആലോചിച്ചു കൊണ്ടിരിക്കുന്ന ഡോക്ടര്‍മാരെയാണ് ആന്‍ഡ്രു മാന്‍സണ്‍ ചുറ്റും കാണുന്നത്. ഇതിനിടെ ക്രിസ്റ്റീന്‍ എന്ന യുവതിയുമായി പ്രണയത്തിലാവുകയും അവരെ മാന്‍സണ്‍ വിവാഹം കഴിക്കുകയും ചെയ്യുന്നു. തങ്ങളുടെ ദാരിദ്ര്യത്തെ പുഞ്ചിരിയോടെ നേരിടുന്നതില്‍ ക്രിസ്റ്റീന് യാതൊരു പരാതിയുമില്ല, പരിഭവുമില്ല. എന്നാല്‍ ഇതിനിടെ പണമാണ് സമൂഹത്തിലെ മാന്യതയുടെ അളവുകോലെന്ന തോന്നല്‍ മാന്‍സണിലും ഉണ്ടാകുന്നു. അതയാളെയും മറ്റു ഡോക്ടര്‍മാരെപ്പോലെ തന്നെയാക്കുന്നു.

ക്രിസ്റ്റീന്‍ ഇതിനെ എതിര്‍ക്കുന്നുണ്ടെങ്കിലും മാന്‍സണും ധനാര്‍ത്തിയുടെ ഇരയായി മാറുന്നു. കൃത്യമായി ശസ്ത്രക്രിയ അറിയാത്ത ഒരു ഡോക്ടറുടെ അടുത്തേക്ക് രോഗിയെ കൊണ്ടുപോവുകയും ആ രോഗി ശസ്ത്രക്രിയാ മുറിയില്‍ മരിക്കുകയും ചെയ്യുന്നത് കാണുമ്പോഴാണ് മാന്‍സണ്‍ വീണ്ടും പഴയ ഡോക്ടറായി മാറുന്നത്. പണം, ചികിത്സ, രോഗം മാറല്‍, രോഗിക്കു ലഭിക്കേണ്ട നീതി, ചികിത്സാ രംഗത്തെ നൈതികത എന്നീ പ്രശ്‌നങ്ങള്‍ എ.ജെ ക്രോണിന്‍ ഇത്തരമൊരു കഥ പറച്ചിലിലൂടെ വായനക്കാര്‍ക്ക് മുന്നില്‍ ശക്തമായി അവതരിപ്പിക്കുകയാണ്. ഈ അവതരണമാണ് ഇന്നും സിറ്റാഡലിനെ പ്രസക്തമാക്കുന്നത്. ഇന്നും നമുക്ക് ചുറ്റുമുയരുന്ന വൈദ്യരംഗത്തെ പ്രശ്‌നങ്ങള്‍ തന്നെയാണ് ഇവയില്‍ പലതുമെന്ന് നമുക്ക് അനുഭവപ്പെടും.


നോവല്‍ കഥാഗതിയിലെ മർമ ഭാഗം ‘സിറ്റാഡല്‍- ഒരു മെഡിക്കല്‍ ക്ലാസിക്’ എന്ന ശീര്‍ഷകത്തിലുള്ള അവതാരികയില്‍ ഡോ. ബി. ഇക്ബാല്‍ ഇങ്ങനെ സംക്ഷിപ്തമാക്കുന്നു: തന്റെ ചില രോഗികളില്‍ കല്‍ക്കരി പൊടിയുടെ എക്‌സ്‌പോഷറും ശ്വാസകോശ രോഗവും തമ്മിലുള്ള ബന്ധം മാന്‍സണ്‍ നിരീക്ഷിക്കുന്നു. അത്തരം തൊഴില്‍പരമായ എക്‌സ്‌പോഷര്‍ ശ്വാസകോശ രോഗത്തിന് കാരണമാകുമെന്ന് തെളിയിക്കാന്‍ അദ്ദേഹം ഒരു ഗവേഷണ പദ്ധതി ആരംഭിക്കുന്നു – അക്കാലത്ത് അത് തിരിച്ചറിയപ്പെട്ടിരുന്നില്ല. മാന്‍സണ്‍ പിന്നീട് ലണ്ടനിലേക്ക് മാറുന്നു. അവിടെ ശ്വാസകോശ രോഗത്തില്‍ ഒരു സ്‌പെഷലിസ്റ്റ് ആകാനും ലണ്ടനിലെ ഒരു ഹോസ്പിറ്റലില്‍ അറ്റന്‍ഡിങ് ഫിസിഷ്യനാകാനും അദ്ദേഹം പരിശ്രമിക്കുന്നു. അദ്ദേഹം ആദ്യം തൊഴില്‍പരമായ ആരോഗ്യ മന്ത്രാലയത്തില്‍ സ്ഥാനം പിടിക്കുന്നു. പക്ഷേ, ബ്യൂറോക്രസിയില്‍ പെട്ടെന്ന് നിരാശനായി. ഒരു ചെറിയ സ്വകാര്യ പ്രാക്ടീസ് സ്ഥാപിക്കാന്‍ ആണ് അദ്ദേഹത്തിന്റെ നീക്കം. ക്രിസ്റ്റീനും മാന്‍സണും സാമ്പത്തികമായി ബുദ്ധിമുട്ടുന്നുണ്ടെങ്കിലും അവര്‍ പരസ്പരം പിന്തുണയ്ക്കുന്നു.

 

 

വിജയകരമായ ഒരു പരിശീലനം കെട്ടിപ്പടുക്കുന്നു. വലിയ നഗരത്തിന്റെ സാംസ്‌കാരിക സമ്മാനങ്ങള്‍ ആസ്വദിക്കാന്‍ പഠിക്കുന്നു. മാന്‍സന്റെ രോഗികള്‍ തൊഴിലാളിവര്‍ഗക്കാരാണ്. അദ്ദേഹത്തിന്റെ വരുമാനം മിതമായതാണ്. അദ്ദേഹത്തിന്റെ വിജയം സമഗ്രതയിലും ക്ലിനിക്കല്‍ ആയുള്ള സൂക്ഷ്മ നിരീക്ഷണത്തിലും അധിഷ്ഠിതമാണ്. എന്നിരുന്നാലും, പിന്നീട്, മെഡിക്കല്‍ കച്ചവട രംഗത്തെ താപ്പാനകളായ പ്രധാന സ്ഥലങ്ങളിലെ ഓഫിസുകളുള്ള സമ്പന്നരായ ഡോക്ടര്‍മാരെ അദ്ദേഹം കണ്ടുമുട്ടുന്നു. അവരുടെ സ്‌കീമുകളിലൂടെ വന്‍കിട പണം സമ്പാദിക്കാനുള്ള അവസരങ്ങള്‍ വാഗ്ദാനം ചെയ്യപ്പെടുമ്പോള്‍, അയാള്‍ അത്യാഗ്രഹത്തോടെ സ്വീകരിക്കുന്നു. മാന്‍സണ്‍ തന്റെ പഴയ തത്വങ്ങളില്‍ വിട്ടുവീഴ്ച ചെയ്യുന്നതും കരിനിഴല്‍ നിറഞ്ഞ മെഡിക്കല്‍ പ്രാക്ടീസുകളില്‍ ഏര്‍പ്പെടുന്നതും യഥാര്‍ഥമായതിനേക്കാള്‍ കൂടുതല്‍ സാങ്കല്‍പ്പിക രോഗങ്ങളില്‍ അഭിരമിക്കുന്ന സമ്പന്നരായ രോഗികളെ പരിചരിക്കുന്നതും ക്രിസ്റ്റീന്‍ നിരാശയോടെ കാണുന്നു.

മാന്‍സന്റെ ഭൗതികവാദവും ധാർമികമായ വീഴ്ചകളും ക്രിസ്റ്റീനുമായി വർധിച്ചുവരുന്ന അകല്‍ച്ചയിലേക്ക് നയിക്കുകയും നോവലിന്റെ നാടകീയമായ അന്ത്യത്തില്‍ കലാശിക്കുകയും ചെയ്യുന്നു: ക്രിസ്റ്റീന്റെ മരണത്തോടെയാണ് തന്റെ അധാർമിക ചികിത്സാ പ്രാക്ടീസിന്റെ ഇരുട്ട് മാന്‍സണ്‍ തിരിച്ചറിയുന്നത്. ആ തിരിച്ചറിവാണ് ക്രോണിന്‍ ലോകത്തിനു മുന്നില്‍ ചര്‍ച്ചക്കായി വയ്ക്കുന്നത്.
ബി. ഇക്ബാല്‍ അവതാരികയില്‍ ഇങ്ങനെ കൂടി പറയുന്നു: ‘ഈ നോവലില്‍ ക്രോണിന്‍ നിരവധി പാഠങ്ങള്‍ മെഡിക്കല്‍ ലോകത്തിനു സമ്മാനിക്കുന്നുണ്ട്: കഠിനാധ്വാനം, മനഃസാക്ഷിയോടെയുള്ള രോഗീപരിചരണം, ബുദ്ധിപരമായ ജിജ്ഞാസ എന്നിവയാണ് വൈദ്യശാസ്ത്രത്തിന്റെ വിജയത്തിന്റെ താക്കോലുകള്‍; അറിവും സത്യസന്ധതയും ജീവിതത്തില്‍ പണത്തേക്കാള്‍ വളരെ മൂല്യം കൂടുതലുള്ളതാണ്; പുത്തന്‍ കാലത്തെ ഡോക്ടര്‍മാരായി തുടരാനും രോഗികളെ നന്നായി സേവിക്കാനും ഡോക്ടര്‍മാര്‍ക്ക് തുടര്‍ വിദ്യാഭ്യാസം ആവശ്യമാണ്. ആളുകളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും കഷ്ടപ്പാടുകള്‍ കുറയ്ക്കുന്നതിനും ഒരാളുടെ ഇന്ദ്രിയങ്ങളും അറിവും അനുഭവവും ഉപയോഗിക്കുന്നതാണ് ഒരു ഡോക്ടര്‍ എന്നതിന്റെ ആന്തരിക സത്തയെന്നും ഈ പുസ്തകം ഉപദേശിക്കുന്നു:
തന്റെ ആദ്യത്തെ രോഗിയെ കാണാനുള്ള മാന്‍സണിന്റെ യാത്രയെ നോവലിസ്റ്റ് ഇങ്ങനെ അവതരിപ്പിക്കുന്നു: തരിശുഭൂമിയിലൂടെ ഇരുണ്ട കറുപ്പ് കടന്ന് ചാപ്പല്‍ സ്ട്രീറ്റിലൂടെ മിസ് പേജ് അവ്യക്തമായി സൂചിപ്പിച്ച ദിശയില്‍ അയാള്‍ നടന്നു കൊണ്ടിരുന്നപ്പോള്‍ മഴ പെയ്യുന്നുണ്ടായിരുന്നു.

അന്ധകാരത്തിലൂടെ അയാള്‍ വേഗത്തില്‍ കടന്നുപോയിക്കൊണ്ടിരുന്നപ്പോള്‍, ആ നഗരം അയാളില്‍ രൂപപ്പെട്ടുവന്നു. കടകളും കപ്പേളകളും സിയോണ്‍-കാപ്പല്‍, ഹെബ്രോണ്‍, ബെഥേല്‍, ബെഥസ്ഡ- അവന്‍ അവയില്‍ ഒരു ഡസനോളം കടന്നു പോയി. പിന്നെ ഒരു വലിയ കോപറേറ്റീവ് സ്റ്റോര്‍, വെസ്റ്റേണ്‍ കൗണ്ടിസ് ബാങ്കിന്റെ ഒരു ശാഖ-എല്ലാം പ്രധാന പാതയില്‍, താഴ്‌വരയുടെ പാര്‍ശ്വങ്ങളിലായി നിലനിന്നിരുന്നു. പര്‍വതങ്ങളുടെ ഈ പിളര്‍പ്പിനിടയില്‍ വളരെ താഴേക്ക് കുഴിച്ചിടപ്പെട്ട ഈ താഴ്‌വാരത്തില്‍ താന്‍ അകപ്പെട്ടുപോയിരിക്കുന്നു എന്ന തോന്നല്‍ വീര്‍പ്പുമുട്ടിക്കുന്നതായിരുന്നു: രോഗികളെ കാണാന്‍ വീടുകളിലേക്ക് നേരിട്ടുപോകുന്ന (സമയം നോക്കാതെ) മാന്‍സന്റെ യാത്രകളെയാണ് ക്രോണിന്‍ ഇവ്വിധം വരച്ചിടുന്നത്. ഈ വാചകങ്ങള്‍ നോവലിസ്റ്റിന്റെ എഴുത്തിന്റേയും അന്തരീക്ഷ നിർമിതിയുടേയും ഉദാഹരണങ്ങളിലൊന്നുമാണ്.

 

 

ഖനി തകര്‍ന്ന് അതിനകത്ത് കുടുങ്ങിയ തൊഴിലാളിയുടെ ഒരു കൈ മുറിച്ചുമാറ്റിയതിനുശേഷം അയാളെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന്പുറത്തെടുക്കുന്നുണ്ട് മാന്‍സണ്‍. നിങ്ങളിത് മുറിച്ച് എന്നെ രക്ഷിക്കൂ എന്നു പറയുന്ന തൊഴിലാളിയെ ക്രോണിന്‍ അവതരിപ്പിക്കുന്നത് വായനക്കാരനെ ആഴത്തില്‍ സ്പര്‍ശിക്കുക തന്നെ ചെയ്യും. ഇതിനു സമാനമായ നിരവധി രംഗങ്ങളും ഹൃദയാവര്‍ജകമായി ക്രോണിന്‍ നോവലില്‍ അവതരിപ്പിച്ചിരിക്കുന്നു. താന്‍ കണ്ടെത്തിയ ചികില്‍സാ രീതി മറ്റൊരു ഡോക്ടറുടെ സഹായത്തോടെ ഒരു രോഗിക്ക് പ്രയോജനപ്പെടുത്തി വിജയിക്കുന്നുണ്ട് മാന്‍സന്‍. എന്നാല്‍ ഇതിന്റെ പേരില്‍ അംഗീകാരമില്ലാത്ത ഡോക്ടര്‍ക്ക് രോഗിയെ എത്തിച്ചു കൊടുത്തുവെന്ന കുറ്റത്തിന് മാന്‍സണ്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ വിചാരണക്ക് വിധേയനാകുന്നുമുണ്ട്. ഇത്തരത്തില്‍ നിരവധി സംഭവങ്ങളും സന്ദര്‍ഭങ്ങളും അതിന്റെയെല്ലാം പല തരം അടരുകളും എഴുത്തിന്റെ മാസ്മരികത കൊണ്ട് അവതരിപ്പിച്ചു വിജയിപ്പിച്ച നോവലാണിത്. നോവലിന്റെ മലയാള പരിഭാഷ നിര്‍വ്വഹിച്ചിരിക്കുന്നത് യു.കെയില്‍ ഡോക്ടറായ ഷാഫി കെ. മുത്തലിഫ് ആണ്. പരിഭാഷ മികച്ചതും സുതാര്യവും അങ്ങേയറ്റം ഒഴുക്കുള്ളതും വായനാ സുഖം ന്ല്‍കി വായനക്കാരുമായി കൃത്യമായി സംവദിക്കുന്നതുമാണ്. ഒരു ഡോക്ടര്‍ തന്നെ ഈ നോവലിന്റെ പരിഭാഷ നിര്‍വ്വഹിച്ചതു കൊണ്ടു കൂടിയായിരിക്കാമിത്.


നോവലിന്റെ അവസാന ഖണ്ഡിക ഇങ്ങിനെയാ്ണ്. ക്രിസ്റ്റീന്റെ ശവകുടീരം സന്ദര്‍ശിച്ച് മാന്‍സണ്‍ മടങ്ങുന്നതാണ് അവസാന രംഗം. : അവന്റെ മുകളില്‍, ഒരു മരക്കൊമ്പിലിരുന്ന്, ഒരു കുരുവി ആഹ്‌ളാദത്തോടെ ചിലച്ചു കൊണ്ടിരുന്നു. അവസാനം അവന്‍ വൈകിപ്പോകുമെന്ന് ഭയന്ന് ധൃതിപ്പെട്ട് പിന്തിരിഞ്ഞപ്പോള്‍, അവിടെ അവന്റെ മുമ്പില്‍ ആകാശത്ത്, മേഘത്തിന്റെ ഒരു കൂട്ടം, യുദ്ധക്കപ്പലുകളുടെ ആകൃതി വഹിച്ചു തുടങ്ങി: ഈ യുദ്ധക്കപ്പലുകള്‍ മനുഷ്യനുള്ളിടത്തോളം കാലം നില നില്‍ക്കുന്ന രോഗങ്ങള്‍ തന്നെയാണ്. ആ രോഗങ്ങളുമായി രോഗികള്‍ക്കൊപ്പം ഏറ്റുമുട്ടുന്ന ഡോക്ടറുടെ നൈതികത എന്തായിരിക്കണം? സിറ്റാഡലും അതിന്റെ മലയാള പരിഭാഷയായ കോട്ടയും അതാണ് വായനക്കാരോട് ചോദിക്കുന്നതും ഓര്‍മ്മിപ്പിക്കുന്നതും. നമ്മുടെ നാട്ടിലെ വൈദ്യ പഠന മേഖലയില്‍ പാഠപുസ്തകമായി വരേണ്ടതാണ് ഈ നോവല്‍. പരീക്ഷക്കു വേണ്ടിയല്ല, മനുഷ്യ ജീവനുവേണ്ടി. അത്തരമൊരു പ്രാധാന്യം കൂടി ‘കോട്ട’ക്കുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.