ന്യൂഡല്‍ഹി: സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലുള്ള വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കുന്നതിന്റെ ഭാഗമായി രണ്ടാം ഘട്ടത്തില്‍ ആറ് വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവത്കരിക്കുന്നു. ഭുബനേശ്വര്‍, വാരണസി, ഇന്‍ഡോര്‍, ത്രിച്ചി, അമൃത്‌സര്‍, റായ്പൂര്‍ വിമാനത്താവളങ്ങളാണ് അടുത്തഘട്ടത്തില്‍ സ്വകാര്യവത്കരിക്കുന്നത്. ഇതെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറ്റസുഹൃത്തായ ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പിന് ലഭിച്ചേക്കും.
ഒരു കമ്പനിക്ക് രണ്ടില്‍ കൂടുതല്‍ വിമാനത്താവളങ്ങള്‍ നല്‍കേണ്ടതില്ലെന്നാണ് നേരത്തെ ധനമന്ത്രാലയം ശുപാര്‍ശ ചെയ്തിരുന്നത്. എന്നാല്‍ എല്ലാ വിമാനത്താവളങ്ങളും അദാനി ഗ്രൂപ്പിനു തന്നെ നല്‍കുന്നതിനു വേണ്ടി നിയമം മാറ്റുന്നതിനെപ്പറ്റി മോദി സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നാണ് വിവരം.
ഇതുസംബന്ധിച്ചുള്ള കരട് രേഖ മന്ത്രാലയങ്ങളില്‍ എത്തിയിട്ടുണ്ട്. നിര്‍ദേശം ഡിസംബര്‍ ആദ്യത്തില്‍ ചേരുന്ന മന്ത്രിസഭാ യോഗം അംഗീകരിക്കുകയും ചെയ്യും. 2020 ജനുവരിയില്‍ വിമാനത്താവളം കൈമാറുന്ന നടപടികള്‍ പൂര്‍ത്തിയാവുമെന്നാണ് സൂചന.
വ്യോമയാന മന്ത്രാലയത്തിനു കീഴിലുള്ള എയര്‍പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയാണ് ഇപ്പോള്‍ രാജ്യത്തെ വിമാനത്താവളങ്ങള്‍ പരിപാലിക്കുന്നതും നിയന്ത്രിക്കുന്നതും. എന്നാല്‍ ഇതിനു കീഴിലുള്ള വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, അഹമ്മദാബാദ്, ലഖ്‌നൗ, ജയ്പൂര്‍, ഗുവാഹത്തി, മംഗളൂരു വിമാനത്താവളങ്ങള്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ അദാനി ഗ്രൂപ്പ് അടക്കമുള്ള സ്വകാര്യ കമ്പനികള്‍ക്ക് നല്‍കിയിരുന്നു. ഇനി 20-25 വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള പട്ടികയിലുണ്ടെന്നാണ് വിവരം.
Comments are closed for this post.