2022 September 29 Thursday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

എയർഇന്ത്യ ഓഫിസ് കേന്ദ്രമാക്കി പ്രവാസികളെ ചൂഷണം ചെയ്യുന്നതായി ആരോപണം; പ്രതിഷേധവുമായി പ്രവാസി സംഘടനകൾ

എംബസി നിർദേശപ്രകാരം ടിക്കറ്റെടുക്കാൻ എത്തുന്നവരെ എംബസി ലിസ്റ്റിൽ പേരിലെന്ന് പറഞ്ഞു തിരിച്ചയക്കുകയും പിന്നീട് ബിസിനസ്സ് ക്‌ളാസ് ടിക്കറ്റ് മാത്രമേയുളളൂ എന്നറിയിച്ചു കൂടുതൽ പണം ആവശ്യപ്പെടുകയും ചെയ്യുന്നു

     ദമാം: കിഴക്കൻ സഊദിയിലെ അൽഖോബാറിലെ എയർ ഇന്ത്യ ഓഫിസ് കേന്ദ്രീകരിച്ചു വന്ദേഭാരത് മിഷന്റെ ഭാഗമായി നാട്ടിലേയ്ക്ക് മടങ്ങാൻ വിമാനടിക്കറ്റ് എടുക്കാനെത്തുന്ന പ്രവാസികളെ ചൂഷണം ചെയ്യുന്നതായി ആരോപണം. പ്രത്യേക കോക്കസ് തന്നെ ഇതിനായി പ്രവർത്തിക്കുന്നുവെന്നും ഈ കോക്കസിനെതിരെ അടിയന്തരനടപടികൾ സ്വീകരിക്കാൻ ഇന്ത്യൻ എംബസ്സി തയ്യാറാകണമെന്നുമാണ് പ്രവാസി സംഘടനകളുടെ ആവശ്യം. നാട്ടിലേയ്ക്ക് മടങ്ങാനുള്ള ലിസ്റ്റിൽ ഇടം നേടിയവരിൽ ഇന്ത്യൻ എംബസ്സിയിൽ നിന്നും അറിയിപ്പ് കിട്ടിയതനുസരിച്ച് വിമാനടിക്കറ്റ് എടുക്കാൻ എത്തുന്ന പ്രവാസികളെ പല രീതിയിലാണ് അൽഖോബാറിലെ എയർ ഇന്ത്യ ഓഫിസിലുള്ളവർ കഷ്ടപെടുത്തുന്നതെന്ന് നവയുഗം കേന്ദ്ര കമ്മിറ്റി ആരോപിച്ചു.

    എംബസ്സി നൽകിയ റഫറൻസ് നമ്പർ സഹിതം എത്തുന്ന പലരെയും “എംബസ്സി നൽകിയ ലിസ്റ്റിൽ പേരില്ല” എന്ന് അറിയിച്ചു ടിക്കറ്റ് കൊടുക്കാതെ തിരിച്ചയക്കുന്ന സംഭവങ്ങൾ തുടർക്കഥയാവുകയാണ്. മറ്റു ചിലരിൽ നിന്നും വിമാന ടിക്കറ്റിനുള്ള പണം വാങ്ങിയിട്ട് പിന്നീട് ടിക്കറ്റ് നൽകാതെ പറഞ്ഞയയ്ക്കുകയും പിന്നീട് ഫോൺ ചെയ്ത്, ബിസിനസ്സ് ക്‌ളാസ് ടിക്കറ്റ് മാത്രമേയുളളൂ എന്നും അതിനായിടിക്കറ്റിനു ആയിരത്തോളം റിയൽ കൂടുതൽ അടയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നതായി നവയുഗം ചൂണ്ടിക്കാണിച്ചു. വൻ വില വർധനവ് ഏർപ്പെടുത്തിയതിനു പുറമെ പല സീറ്റുകൾക്കും പല വിലയാണ് ഈടാക്കുന്നത്. ജോലി നഷ്ടമായും ആരോഗ്യപ്രശ്നങ്ങൾ മൂലവും ബന്ധുക്കളുടെ മരണം മൂലവുമൊക്കെ എങ്ങനെയും നാട്ടിലേയ്ക്ക് എത്താൻ ഗതികെട്ട് ഓടിനടക്കുന്ന പ്രവാസികളെയാണ് ഇങ്ങനെ എയർ ഇന്ത്യ ചൂഷണം ചെയ്യുന്നത്. തികച്ചും മനുഷ്യത്വരഹിതമായാണ് ഓഫിസിൽ ഉള്ളവർ പ്രവാസികളോട് പെരുമാറുന്നത്.

   എംബസ്സി നിർദ്ദേശപ്രകാരം വിമാനടിക്കറ്റ് വാങ്ങാനായി ജുബൈൽ, ഖഫ്‌ജി അടക്കമുള്ള ദൂരസ്ഥലങ്ങളിൽ നിന്നും എത്തിയ പല പ്രവാസികളും, ടിക്കറ്റ് തരില്ലെന്നറിഞ്ഞപ്പോൾ ഓഫിസിനു മുന്നിൽ നിന്നും നെഞ്ചു പൊട്ടിക്കരയുന്ന ദയനീയ ദൃശ്യങ്ങളും അവിടെ കാണാം. ഇത്തരം തെറ്റായ നടപടികളെ ചോദ്യം ചെയ്‌ത നവയുഗം ജീവകാരുണ്യപ്രവർത്തകനും എംബസ്സി വളണ്ടിയറുമായ പദ്മനാഭൻ മണികുട്ടനെ എയർ ഇന്ത്യയുടെ ഓഫിസിൽ നിന്നും ബലമായി പിടിച്ചു പുറത്താക്കിയ സംഭവവും ഉണ്ടായിട്ടുണ്ട്. ‘വന്ദേഭാരത് മിഷൻ’ പോലെയൊരു കേന്ദ്രസർക്കാർ പദ്ധതിയോട് കാണിക്കേണ്ട ആത്മാർത്ഥതയോ, ഇന്ത്യൻ പ്രവാസികളോട് അൽപം സ്നേഹമോ കാണിക്കാത്ത എയർഇന്ത്യയുടെ ഈ നടപടികൾ അത്യന്തം പ്രതിഷേധാർഹമാണെന്ന് നവയുഗം കേന്ദ്രകമ്മിറ്റി പറഞ്ഞു.

    എന്ത് കൊണ്ടാണ് എയർ ഇന്ത്യയെപ്പോലുള്ള ഒരു ദേശീയ സ്ഥാപനം നഷ്ടത്തിലേക്ക് കൂപ്പുകുത്തിയതെന്നതിന് തെളിവാണ് അൽഖോബാർ ഓഫിസ് ജീവനക്കാരുടെ ഇത്തരം സമീപനം വ്യക്തമാക്കുന്നത്. ഇതിനെതിരെ ശക്തമായ നടപടികൾ സഊദി ഇന്ത്യൻ എംബസ്സിയും, വിദേശകാര്യമന്ത്രാലയവും സ്വീകരിക്കണമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു. വിഷയത്തിൽ, മറ്റു പ്രവാസി സംഘടനകളുമായി സഹകരിച്ചു ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകുന്നത് ഉൾപ്പെടെയുള്ള പ്രതിഷേധനടപടികളുമായി മുന്നോട്ടു പോകുമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസി മോഹനും ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറയും അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.