
ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഉടമസ്ഥതയിലായിരുന്ന എയര്‍ ഇന്ത്യ വിമാന കമ്പനി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വ്യാഴാഴ്ച ടാറ്റ സണ്‍സ് ഏറ്റെടുക്കും. ഇതോടെ എയര്‍ ഇന്ത്യ സ്വകാര്യ മേഖലയിലെ വിമാന സര്‍വീസായി മാറും. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ് എന്നീ എയര്‍ലൈനുകള്‍ ടാറ്റയുടേതാകും.
18,000 കോടി രൂപയ്ക്കാണ് ലേലത്തിലൂടെ എയര്‍ ഇന്ത്യയെ ടാറ്റ സ്വന്തമാക്കിയത്. എയര്‍ ഇന്ത്യയുടെ സ്വത്തുക്കള്‍ക്ക് പുറമെ 15,300 കോടി കടവും ഉള്‍പ്പെടുന്ന തുകയാണിത്. കമ്പനിയുടെ അന്തിമ വരവ് ചെലവ് കണക്ക് എയര്‍ ഇന്ത്യ കഴിഞ്ഞ ദിവസം ടാറ്റയ്ക്ക് കൈമാറി.
ലേലത്തില്‍ സ്പൈസ് ജെറ്റായിരുന്നു ടാറ്റയുടെ എതിരാളി. 15,100 കോടിയാണ് സ്പൈസ് ജെറ്റ് ക്വോട്ട് ചെയ്ത തുക. നേരത്തെ 2001ലും 2018ലും എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വില്ക്കാന് കേന്ദ്രസര്‍ക്കാര്‍ ശ്രമം നടത്തിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. എയര്‍ ഇന്ത്യ കൂടി സ്വന്തമാകുന്നതോടെ വ്യോമയാന മേഖലയില്‍ നിര്‍ണായക സ്വാധീനം ടാറ്റയ്ക്കുണ്ടാകും.
എയര്‍ ഇന്ത്യയുടെ എട്ട് ലോഗോയും ടാറ്റയ്ക്ക് നല്‍കും. അഞ്ചു വര്‍ഷത്തേക്ക് ലോഗോ മറ്റാര്‍ക്കും കൈമാറരുത്. അഞ്ചു വര്‍ഷം കഴിഞ്ഞാല്‍ ഇന്ത്യക്കാരായവര്‍ക്ക് കൈമാറാം എന്ന് വ്യവസ്ഥയുണ്ട്.
രാജ്യത്തെ എയര്‍പോര്‍ട്ടുകളില്‍ 1,800 അന്താരാഷ്ട്ര ലാന്‍ഡിങ്- പാര്‍ക്കിങ് സ്ലോട്ടുകള്‍, വിദേശത്തെ വിമാനത്താവളങ്ങളില്‍ 900 സ്ലോട്ടുകള്‍, 4,400 ആഭ്യന്തര സ്ലോട്ടുകള്‍ തുടങ്ങിയവ ലഭിക്കും. ഇതില്‍ ന്യൂയോര്‍ക്ക്, ലണ്ടന്‍ വിമാനത്താവളങ്ങളില്‍ വലിയ വിമാനങ്ങള്‍ക്കുള്ള സൗകര്യവും ഉള്‍പ്പെടും. 1932ല്‍ ടാറ്റ ഗ്രൂപ്പ് മേധാവി ജെ.ആര്.ഡി ടാറ്റയാണ് എയര്‍ ഇന്ത്യ സ്ഥാപിച്ചത്. 1953ല്‍ നെഹ്റു ഇത് പൊതുമേഖലാ സ്വത്താക്കി മാറ്റുകയായിരുന്നു. 68 വര്‍ഷത്തിന് ശേഷമാണ് എയര്‍ ഇന്ത്യ ടാറ്റയ്ക്ക് ലഭിക്കുന്നത്. എയര്‍ ഇന്ത്യക്ക് ഇപ്പോള്‍ ചെറുതും വലുതുമായ 117 വിമാനങ്ങളും എയര്‍ ഇന്ത്യ എക്സ്പ്രസിന് 24 ചെറിയ വിമാനങ്ങളുമുണ്ട്.