2023 September 24 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

യാത്രക്കാരെ വലയ്ക്കുന്നതില്‍ മുന്നില്‍ എയര്‍ ഇന്ത്യ; മൂന്ന് മാസത്തിനുള്ളില്‍ തിരിച്ചിറക്കിയത് മുപ്പതിലധികം സര്‍വിസുകള്‍

യാത്രക്കാരെ വലയ്ക്കുന്നതില്‍ മുന്നില്‍ എയര്‍ ഇന്ത്യ; മൂന്ന് മാസത്തിനുള്ളില്‍ തിരിച്ചിറക്കിയത് മുപ്പതിലധികം സര്‍വിസുകള്‍

തിരുവനന്തപുരം: വല്ലപ്പോഴും മാത്രം സംഭവിക്കുന്ന അടിയന്തര തിരിച്ചിറക്കലുകളില്‍ റിക്കോഡിട്ട് എയര്‍ഇന്ത്യ. മാസത്തില്‍ പത്ത് എന്ന തരത്തിലാണ് എയര്‍ ഇന്ത്യ ഇത്തരം ലാന്‍ഡിങ് തുടരുന്നത്. വിമാനത്താവളങ്ങളില്‍ വ്യോമഗതാഗത സുരക്ഷാ വാരാഘോഷങ്ങള്‍ നടക്കുമ്പോഴാണ് സുരക്ഷാപരിശോധനാ പിഴവുകളുടെ കാരണത്താല്‍ എയര്‍ഇന്ത്യാ വിമാനങ്ങള്‍ അടിയന്തരമായി തിരിച്ചിറക്കുന്നത്. ഇത്തരം സാഹചര്യങ്ങള്‍ യാത്രക്കാരുടെ മാത്രമല്ല വിമാനത്തവളത്തിലും ചങ്കിടിപ്പ് കൂട്ടുകയാണ്. അടിയന്തര ലാന്‍ഡിങ് നേരിടുന്നതിനുള്ള സന്നാഹങ്ങള്‍ ഒരുക്കുന്നത് പലപ്പോഴും ഏറെ ദുഷ്‌കരമാണ്. മുന്നറിയിപ്പില്ലാതെ സര്‍വിസുകള്‍ വെട്ടിക്കുറയ്ക്കുന്നതിലും മണിക്കൂറോളം വിമാനങ്ങള്‍ വൈകിപ്പിച്ച് യാത്രക്കാരെ വലയ്ക്കുന്നതിലും എയര്‍ഇന്ത്യ തന്നെ മുന്നില്‍.

മൂന്ന് മാസത്തിനിടെ 100 സര്‍വിസുകളാണ് മണിക്കൂറോളം വൈകിപ്പിച്ച് യാത്രക്കാരെ ബുദ്ധിമുട്ടിച്ചത്. യാത്ര വൈകിയത് കാരണം യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കണക്ഷന്‍ ഫ്‌ളൈറ്റുകള്‍ കിട്ടാതെ നിരവധിപേരുടെ യാത്രകള്‍ നഷ്ടമായി. പറക്കലിന് മുമ്പുള്ള വിമാനങ്ങളുടെ സാങ്കേതിക പരിശോധനകളിലെ വീഴ്ച്ചയാണ് പലപ്പോഴും തിരിച്ചിറക്കിലിന് കാരണമാകുന്നത്.
കഴിഞ്ഞദിവസം തിരുച്ചിറപള്ളിയില്‍ നിന്ന് ഷാര്‍ജയിലേക്ക് പറന്ന എയര്‍ഇന്ത്യാവിമാനം തിരുവനന്തപുരത്ത് അടിയന്തരമായി തരിച്ചിറക്കിയിരുന്നു. തിരുവനന്തപുരത്ത് നിന്നും ബഹ്‌റൈനിലേക്ക് പുറപെട്ട വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് യാത്ര റദ്ദാക്കിയതും സങ്കേതിക പരിശോധനകളിലെ പിഴവുമൂലമാണ്.

വിമാനങ്ങള്‍ വൈകിയാല്‍ യാത്രക്കാര്‍ക്ക് ഭക്ഷണമോ താമാസസൗകര്യങ്ങളോ ഒരുക്കാന്‍ പോലും അധികൃതര്‍ തയാറല്ല. സൗജന്യലഘുഭക്ഷണങ്ങള്‍ പോലും എയര്‍ഇന്ത്യ പിന്‍വലിച്ചു. വിമാനങ്ങള്‍ ഓരോ തവണയും പറന്ന് ഉയരുന്നതിന് മുമ്പ് സാങ്കേതിക പരിശോധനകള്‍ പൂര്‍ത്തിയാക്കി പൈലറ്റിന് റിപ്പോര്‍ട്ട് നല്‍കണം. ഇത് പൈലറ്റ് അംഗീകരിച്ചാല്‍ മാത്രമേ വിമാനം ടേക്ക് ഓഫ് നടത്താന്‍ പാടുള്ളൂ. എന്നാല്‍ സമയം ലാഭിക്കാനായി പലപ്പോഴും സാങ്കേതിക പ്രശ്‌നങ്ങള്‍ മറച്ച് വച്ച് വീണ്ടും പറക്കാന്‍ അനുമതി നല്‍കുന്നതാണ് പതിവ്. അന്താരാഷ്ട്ര ചട്ടപ്രകാരമുള്ള എന്‍ജിനീയറിംഗ് പരിശോധനകള്‍ക്ക് ഓരോ വിമാനങ്ങള്‍ക്കും അരമണിക്കൂറിലേറെ സമയം വേണം. എന്നാല്‍ എക്പ്രസ് വിമാനങ്ങള്‍ ഇത് കൃത്യമായി പാലിക്കാറില്ല. സര്‍വിസുകളില്‍ ഉണ്ടാകുന്ന സമയക്കുറവ് പരിഹരിക്കാനാണ് പേരിന് മാത്രം പരിശോധന നടത്തി അടുത്ത പറക്കലിന് ഒരുങ്ങുന്നത്.
എട്ട് വര്‍ഷം പിന്നിട്ട എയര്‍ക്രാഫ്റ്റുകള്‍ പൂര്‍ണമായും എ.ജി.എസ് ചെക്കിങ് നടത്തിയ ശേഷം മാത്രമേ സര്‍വിസ് നടത്താവൂ. എന്നാല്‍ പത്ത് വര്‍ഷം പിന്നിട്ട എയര്‍ഇന്ത്യാ വിമാനങ്ങള്‍ പോലും ചെക്കിംഗ് നടത്താതെയാണ് പറക്കുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.