ന്യുഡല്‍ഹി: ഇന്ത്യ,സഊദി അറേബ്യയുമായി എയര്‍ ബബിള്‍ കരാര്‍ ഉണ്ടാക്കാന്‍ ശ്രമം നടത്തിവരികയാണെന്നും ഇതിനായുള്ള നിര്‍ദ്ദേശങ്ങള്‍ സഊദി അറേബ്യക്കു സമര്‍പ്പിച്ചിട്ടുണ്ടെന്നും കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. മുസ്ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പിയുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം പാര്‍ലമെന്റില്‍ വ്യക്തമാക്കിയത്.
ലോകത്തിലെ പല രാജ്യങ്ങളുമായി ഇന്ത്യ എയര്‍ ബബിള്‍ കരാര്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന സഊദി അറേബ്യയയുമായി ഈ കരാര്‍ ഉണ്ടാക്കിയിട്ടില്ലെന്ന് എം.പി ചൂണ്ടിക്കാട്ടി. ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ സഊദി അറേബ്യയില്‍ ജോലി ചെയ്യുമ്പോള്‍ എയര്‍ ബബിള്‍ കരാര്‍ ഇല്ലാത്തതിന്റെ ഫലമായി അവര്‍ വലിയ വിമാന ചാര്‍ജ് കൊടുക്കേണ്ടിവരികയാണ്.
സഊദിയുമായി എയര്‍ ബബിള്‍ കരാര്‍ ഉണ്ടാക്കുകയാണെങ്കില്‍ യാത്രക്കാര്‍ക്ക് വലിയ അനുഗ്രഹമായിത്തീരുമെന്നും ഇന്ത്യ ഗവണ്‍മെന്റ് ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കി അടിയന്തര നടപടി സ്വീകരിക്കണമെന്നും ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി ആവശ്യപ്പെട്ടപ്പോഴാണ് ഇക്കാര്യത്തില്‍ മന്ത്രി അനുകൂലമായി പ്രതികരിച്ചത്.
Comments are closed for this post.