സമീപഭാവിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മൂലമുണ്ടായേക്കാവുന്ന ഭീഷണികളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് പ്രമുഖ കമ്പനി മേധാവികള്‍. അഞ്ച് മുതല്‍ 10 വര്‍ഷത്തിനുള്ളില്‍ എ.ഐ മനുഷ്യരിലെ മനുഷ്യത്വം നശിപ്പിക്കുമെന്ന് യേല്‍ സി.ഇ.ഒ ഉച്ചകോടിയുമായി ബന്ധപ്പെട്ട് നടത്തിയ സര്‍വേ പ്രകാരം 42 ശതമാനം സി.ഇ.ഒമാരും വിശ്വസിക്കുന്നു. വിവിധ ഇന്‍ഡസ്ട്രികളെ പ്രതിനിധീകരിക്കുന്ന 119 സി.ഇ.ഒമാരില്‍ നിന്നാണ് പ്രതികരണങ്ങള്‍ ശേഖരിച്ചത്.
34 ശതമാനം സി.ഇ.ഒമാര്‍, ഒരു ദശാബ്ദത്തിനുള്ളില്‍ എ.ഐ വിനാശകാരിയാകുമെന്ന് അഭിപ്രായപ്പെട്ടപ്പെട്ടപ്പോള്‍ 8 ശതമാനം പേര്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇത് സംഭവിക്കുമെന്നാണ് വിശ്വസിക്കുന്നത്. അതേസമയം, 58 ശതമാനം സി.ഇ.ഒമാരും എ.ഐയെ സംബന്ധിച്ച് ഇത്തരമൊരു ആശങ്കയില്ലെന്നാണ് വിശ്വസിക്കുന്നത്.
നിര്‍മിതബുദ്ധി മനുഷ്യരാശിയുടെ വംശനാശത്തിലേക്ക് നയിച്ചേക്കാമെന്ന സാധ്യതകള്‍ ഉയര്‍ത്തിക്കാട്ടിക്കൊണ്ട് ഓപ്പണ്‍എഐ, ഗൂഗിള്‍ ഡീപ്‌മൈന്‍ഡ് മേധാവികള്‍ ഉള്‍പ്പെടെയുളള വിദഗ്ധര്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് പുതിയ സര്‍വേഫലങ്ങളും പുറത്തുവന്നിരിക്കുന്നത്. എഐയുമായി ബന്ധപ്പെട്ട അപകടങ്ങള്‍ ലഘൂകരിക്കാന്‍ സമൂഹം സജീവമായ നടപടികള്‍ കൈക്കൊള്ളേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് ഓപ്പണ്‍എ.ഐ സി.ഇ.ഒ സാം ആള്‍ട്ടമാനും ജെഫ്രി ഹിന്റണ്‍ ഉള്‍പ്പെടെയുള്ള പ്രമുഖരും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
എ.ഐയുടെ പരിണിതഫലങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ വ്യത്യസ്തമാണെങ്കിലും യേല്‍ നടത്തിയ സര്‍വേയില്‍ പങ്കെടുത്ത സി.ഇ.ഒമാരില്‍ ഭൂരിഭാഗം പേരും ചില വ്യവസായ മേഖലകളില്‍ എ.ഐയുടെ സ്വാധീനത്തെ സമ്മതിക്കുന്നുണ്ട്. ഏറ്റവും പ്രധാനപ്പെട്ട മേഖലയായി ഹെല്‍ത്ത് കെയറിനെ തെരഞ്ഞടുത്തിരിക്കുന്നത് 48 ശതമാനത്തോളം പേരാണ്. പ്രൊഫഷണല്‍/ഐടി -35 ശതമാനവും മീഡിയ/ഡിജിറ്റല്‍-11 ശതമാനം എന്നിങ്ങനെയാണ് പിന്നീടുള്ളത്.
എ.ഐയെ സി.ഇ.ഒമാര്‍ പലതരത്തിലാണ് സമീപിക്കുന്നതെന്ന് യേല്‍ സര്‍വേയില്‍ പറയുന്നു. ചിലര്‍ ജിജ്ഞാസയോടെ എ.ഐയെ സമീപിക്കുമ്പോള്‍ മറ്റുചിലര്‍ ശുഭാപ്തിവിശ്വാസത്തോടെ കാണുന്നു. എ.ഐയുടെ അപകടസാധ്യതകളെക്കുറിച്ച് കൃത്യമായി ധാരണയില്ലാത്തവര്‍ ഇതില്‍ നിന്നും വാണിജ്യലാഭം ഉണ്ടാക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നു. എന്നാല്‍ ഇതിലൊന്നും പെടാത്ത രണ്ട് വിഭാഗങ്ങള്‍ വേറെയുമുണ്ട്.
Comments are closed for this post.