2023 April 01 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

വിവിധ സംസ്ഥാനങ്ങളിലെ ദമ്പതികളെ ചിത്രീകരിച്ച വിവാഹ ചിത്രങ്ങള്‍ വൈറലാകുന്നു; ഭിന്നവിധിയുമായി നെറ്റിസണ്‍സ്

ന്യൂഡല്‍ഹി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) വഴി വിവിധ സംസ്ഥാനങ്ങളിലെ ദമ്പതികളെ ചിത്രീകരിച്ച വിവാഹ ചിത്രങ്ങള്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്കിടയില്‍ ഇന്‍സ്റ്റന്റ് ഹിറ്റായി. ഓരോ നാട്ടിലെയും വേഷവിധാനങ്ങളും ശാരീരിക പ്രത്യേകതകളും പങ്കിടുന്ന കലാപരമായി ചിത്രീകരിച്ച ഫോട്ടോകള്‍ സോഷ്യല്‍ മീഡിയ നിറഞ്ഞുനില്‍ക്കുകയാണ്.

ടെക്‌നോളജിയിലെ വികാസത്തിലൂടെ ഫോട്ടോ എഡിറ്റിങ് ഇപ്പോള്‍ അധികം പരിശ്രമിക്കാതെ നിമിഷങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന ഒന്നായി. ഡല്‍ഹി ആസ്ഥാനമായുള്ള ഒരു കലാകാരന്‍ എ.ഐയിലൂടെ സൃഷ്ടിച്ച ചിത്രങ്ങളുടെ സീരീസ് ട്വിറ്ററില്‍ പങ്കിട്ടതോടെ ചര്‍ച്ചയാവുകയായിരുന്നു. വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിവാഹ ദമ്പതികള്‍ ‘സ്റ്റീരിയോടൈപ്പിക്’ ആയി എങ്ങനെ കാണപ്പെടുന്നുവെന്ന് ചിത്രീകരിക്കുന്നതാണിവ. പഞ്ചാബ്, ബിഹാര്‍, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, ഗുജറാത്ത്, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, പശ്ചിമ ബംഗാള്‍, കേരളം, നാഗാലാന്‍ഡ്, അരുണാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള ദമ്പതികള്‍ ഈ പോസ്റ്റിലുണ്ട്.

ചില ഉപയോക്താക്കള്‍ ഈ ആശയത്തിന് തംബ്‌സ് അപ് നല്‍കിയപ്പോള്‍, മറ്റൊരു വിഭാഗം ഒട്ടും മതിപ്പുളവാക്കുന്നില്ലെന്നു മാത്രമല്ല, പ്രാതിനിധ്യ ചിത്രങ്ങള്‍ യാഥാര്‍ത്ഥ്യത്തോട് അടുത്തുനില്‍ക്കുന്നതായി തോന്നുന്നില്ലെന്നും അഭിപ്രായപ്പെട്ടു. ചിലര്‍ അതിനെ വിചിത്രവും യാഥാര്‍ത്ഥ്യബോധമില്ലാത്തതുമെന്നു വിളിച്ചു. ഒരു വലിയ മത്സ്യവുമായി പോസ് ചെയ്യുന്ന ബംഗാളി ദമ്പതികളുടെ ചിത്രം കണ്ട് ഭൂരിഭാഗം ഉപയോക്താക്കളും അസ്വസ്ഥരായി. ”മറ്റെല്ലാ സംസ്‌കാരവും സാധാരണമായി ചിത്രീകരിക്കപ്പെടുന്നു. ഈ അസംബന്ധ ചിത്രം സൃഷ്ടിക്കാന്‍ എ.ഐക്ക് ബോധപൂര്‍വ്വം നിര്‍ദ്ദിഷ്ട കീവേഡുകള്‍ നല്‍കിയിട്ടുണ്ടെന്ന് ഉറപ്പാണ്”- ഒരു ഉപയോക്താവ് എഴുതി.

”എന്ത് അസംബന്ധം, ഒരു ബംഗാളിയും ഇത് ചെയ്യില്ല. പ്ലീസ്…ഈ സാങ്കേതിക വിദ്യ നിരോധിക്കുക. ബംഗാളി കല്യാണങ്ങളില്‍ വായില്‍ നിന്ന് വായിലേക്ക് ഭക്ഷണം നല്‍കുന്ന ആചാരങ്ങളൊന്നുമില്ല. ബംഗാളി+ഫിഷ് കോംബോ സ്റ്റീരിയോടൈപ്പുകള്‍ എപ്പോഴും ഇടാന്‍ കഴിയില്ല!! പിന്നെ ഇത്ര വലിയ മീന്‍ എവിടെ കിട്ടും!? എന്റെ കല്യാണത്തിനും ഓര്‍ഡര്‍ ചെയ്യാനാണ്.”- മറ്റൊരാള്‍ അഭിപ്രായപ്പെട്ടു-

അമിത വണ്ണമുള്ളവരായി ചിത്രീകരിക്കപ്പെട്ട ഗുജറാത്തി ദമ്പതികളോട് പ്രതികരിച്ചുകൊണ്ട് ഒരു ഉപയോക്താവ് എഴുതി-”ഗുജറാത്തികളോട് എന്തിനാണ് ഈ വിദ്വേഷം?’. മറ്റൊരാള്‍ ചിത്രങ്ങളെ ആക്ഷേപിച്ച് എഴുതി- ഇങ്ങനെയുള്ള ഗുജറാത്തികളെ നിങ്ങള്‍ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ?

”എന്തൊരു വൃത്തികേടാണ്, ബിഹാരികളെയും യു.പി ദമ്പതികളെയും കറുപ്പും പിന്നോക്കവുമായി കാണിക്കുന്നത് എന്തുകൊണ്ട്? ഇത് നിര്‍ത്തേണ്ടതുണ്ട്. ഞാന്‍ ഗുജറാത്തിയാണ്. അവരുമായി 0.00000001% പോലും സാമ്യമില്ലാത്തതാണ് ഇതെന്ന് എനിക്ക് സ്ഥിരീകരിക്കാന്‍ കഴിയും. ഗുജറാത്തി സംസ്‌കാരത്തെക്കുറിച്ച് നിങ്ങള്‍ക്ക് ഒന്നും അറിയില്ല- മറ്റൊരാള്‍ ചിത്രങ്ങളെ വിമര്‍ശിച്ച്് കുറിപ്പെഴുതി.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.