2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

എ.ഐ ക്യാമറയെ നോക്കി കൊഞ്ഞനം കുത്തി;യുവാവിന് 86,500 രൂപ പിഴ

കണ്ണൂര്‍: എ.ഐ ക്യാമറയെ അവഗണിച്ച് 150ലേറെ തവണ നിയമലംഘനം നടത്തുകയും, ക്യാമറയെ നോക്കി കൊഞ്ഞനം കുത്തുന്നതടക്കം അപഹാസ്യമായ ആംഗ്യങ്ങള്‍ കാട്ടുകയും ചെയ്ത യുവാവിന് 86,500 രൂപ പിഴ വിധിച്ച് മോട്ടോര്‍ വാഹന വകുപ്പ്. യുവാവിന്റെ ലൈസന്‍സും മോട്ടോര്‍വാഹന വകുപ്പ് റദ്ദ് ചെയ്തിട്ടുണ്ട്.

പഴയങ്ങാടിയില്‍ സ്ഥാപിച്ച എ.ഐ ക്യാമറയിലാണ് യുവാവിന്റെ നിയമലംഘനം തുടര്‍ച്ചയായി പതിഞ്ഞത്. ഹെല്‍മറ്റ് ധരിക്കാതെ സ്ഥിരമായി ബൈക്ക് ഓടിച്ചിരുന്ന യുവാവ്, എ.ഐ ക്യാമറ സ്ഥാപിച്ച സ്ഥലത്തെത്തുമ്പോള്‍ ക്യാമറയെ നോക്കി കൊഞ്ഞനം കുത്തുകയും പരിഹാസം പൊഴിക്കുന്ന ചിഹ്നങ്ങള്‍ കാണിക്കുകയും ചെയ്യുന്നത് പതിവാണ്. നിയമ ലംഘനം ശ്രദ്ധയില്‍ പെട്ടപ്പോള്‍, നിയമലംഘനത്തിന് പിഴയടക്കാനുള്ള നോട്ടീസ് മൊബൈലില്‍ അയച്ചു. എന്നാല്‍ യുവാവ് ഇതൊന്നും കാര്യമാക്കാതെ മുങ്ങി നടക്കുകയായിരുന്നു. ഇതോടൊപ്പം പലതവണയായി നിയമലംഘനം തുടരുകയും ചെയ്തു.

ഇതിന് പിന്നാലെയാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ യുവാവിനെ തേടി നേരിട്ട് വീട്ടിലെത്തിയത്. വിവരങ്ങള്‍ കേട്ടതോടെ യുവാവ് മാപ്പു പറയുകയും നിയമ നടപടിയില്‍നിന്ന് ഒഴിവാക്കിത്തരണമെന്ന് അപേക്ഷിക്കുകയും ചെയ്തു. എന്നാല്‍ യാതൊരു വിധത്തിലുള്ള ഇളവുകളും നല്‍കാനാവില്ലെന്ന് അറിയിച്ച ഉദ്യോഗസ്ഥര്‍, നിയമ ലംഘനം ആവര്‍ത്തിച്ചതിന് യുവാവിന്റെ ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു.

   

സ്വന്തം ബൈക്ക് വിറ്റാല്‍ പോലും പിഴയടക്കാനുള്ള തുക കണ്ടെത്താന്‍ സാധിക്കില്ലെന്ന് യുവാവ് ഉദ്യോഗസ്ഥരോട് പറഞ്ഞെങ്കിലും യാതൊരു ഇളവും നല്‍കില്ലെന്നാണ് മോട്ടോര്‍വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്.ഹെല്‍മറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചതിനും മൂന്നുപേരുമായി ബൈക്കില്‍ യാത്ര ചെയ്തതിനും പിന്‍സീറ്റിലെ യാത്രക്കാരന്‍ ഹെല്‍മറ്റ് ധരിക്കാത്തതിനുമാണ് കൂടുതലായും യുവാവിന് പിഴ ലഭിച്ചത്. ഇത്തരത്തില്‍ മൂന്നു മാസത്തനിടെ 150ലധികം തവണയാണ് പഴയങ്ങാടിയിലെ എഐ ക്യാമറയില്‍ യുവാവ് കുടുങ്ങിയത്.

നോട്ടീസ് വന്നിട്ടും പിഴയടച്ചില്ലെന്ന് മാത്രമല്ല അതേ ക്യാമറക്ക് മുന്നില്‍ ബൈക്കിലെത്തി പലതവണയായി അഭ്യാസ പ്രകടനങ്ങളും യുവാവ് നടത്തുകയും ചെയ്തു.

Content Hughlights:ai camera violation man get 86,500 fine


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.