2023 June 05 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

എ.ഐ ക്യാമറ: 132 കോടി രൂപയുടെ അഴിമതി, കമ്പനികള്‍ക്ക് യോഗ്യതയില്ല; രേഖകള്‍ പുറത്തുവിട്ട് ചെന്നിത്തല

എ.ഐ ക്യാമറ: 132 കോടി രൂപയുടെ അഴിമതി, കമ്പനികള്‍ക്ക് യോഗ്യതയില്ല; രേഖകള്‍ പുറത്തുവിട്ട് ചെന്നിത്തല

കാസര്‍കോട്: എ.ഐ ക്യാമറ ഇടപാട് 132 കോടി രൂപയുടെ അഴിമതിയെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടപാട് സംബന്ധിച്ച കൂടുതല്‍ രേഖകള്‍ അദ്ദേഹം പുറത്തുവിട്ടു. കമ്പനികള്‍ക്കൊന്നും മതിയായ യോഗ്യതയില്ലെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ക്ക് കൂടുതല്‍ ബലമേകുന്ന രേഖകളാണ് പുറത്തുവിട്ടത്.

കഷ്ടിച്ച് 100 കോടി രൂപയ്ക്കകത്ത് ചെയ്യാന്‍ കഴിയുമായിരുന്ന പദ്ധതിയെ 232 കോടിയിലെത്തിച്ച് 132 കോടി രൂപ പാവപ്പെട്ട വഴിയാത്രക്കാരന്റെ പോക്കറ്റില്‍ നിന്ന് കൊള്ളയടിച്ച് ബിനാമി തട്ടിക്കൂട്ട് കമ്പനികള്‍ക്ക് സര്‍ക്കാര്‍ സമ്മാനിക്കുന്നതിനെ അഴിമതിയെന്നല്ലാതെ മറ്റെന്ത് പേരിട്ടാണ് വിളിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു. പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയിക്കാന്‍ മുഖ്യമന്ത്രിക്കോ സര്‍ക്കാരിനോ ഇതുവരെ സാധിച്ചിട്ടില്ല. വ്യവസായ മന്ത്രി കെല്‍ട്രോണിനെ വെള്ളപൂശുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്യുന്ന വിചിത്രമായ നടപടിയാണ് ഉണ്ടായത്. സംസ്ഥാന സര്‍ക്കാര്‍ മൗനം തുടരുകയാണ്. മുഖ്യമന്ത്രി അഴിമതിക്കാരെ സംരക്ഷിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

കെല്‍ട്രോണിന്റെ രേഖകള്‍ പരിശോധിച്ചാല്‍ പ്രതിപക്ഷം ഉന്നയിച്ച ആരോപണം ശരിയാണെന്ന് മനസ്സിലാകും. പ്രധാനപ്പെട്ട പല രേഖകളും മറച്ച് പൊതുയിടത്തിലുള്ള രേഖകളാണ് കെല്‍ട്രോണ്‍ വിശദീകരിക്കുന്നത് – ചെന്നിത്തല പറഞ്ഞു.

പ്രതിപക്ഷം പുകമറയുണ്ടാക്കുന്നുവെന്ന് പറഞ്ഞു സര്‍ക്കാരിന് രക്ഷപ്പെടാനാവില്ല. കെല്‍ട്രോണ്‍ പുറത്തുവിട്ട രേഖകള്‍ ക്രമക്കേട് തെളിയിക്കുന്നതാണ്. പ്രവര്‍ത്തി പരിചയമില്ലാത്ത കമ്പനികള്‍ക്ക് കരാര്‍ നല്‍കിയാണ് ഇടപാട് നടത്തിയത്. കെല്‍ട്രോണ്‍ പല രേഖകളും മറച്ചുവയ്ക്കുന്നു. സര്‍ക്കാര്‍ ഒളിപ്പിച്ചുവച്ച രേഖകള്‍ ഞങ്ങള്‍ പുറത്തുവിടുന്നു. രേഖകള്‍ പലതും വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ടത് രണ്ട് ദിവസം മുമ്പാണ്. ടെണ്ടറില്‍ പങ്കെടുത്ത അക്ഷര എന്റര്‍പ്രൈസസ് കമ്പനിക്ക് പ്രവൃത്തി പരിചയമില്ലാത്തതാണ്. അക്ഷര കമ്പനിയെ എങ്ങനെ ടെന്‍ഡര്‍ നടപടിയില്‍ ഉള്‍പ്പെടുത്തി? ടെന്‍ഡര്‍ നടപടിയില്‍ ഗുരുതര ക്രമക്കേട് നടന്നുവെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

ai-camera-132-crore-corruption-cm-supports-accused


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.