
തിരുവനന്തപുരം: വിഴിഞ്ഞം സമരക്കാരുടെ എല്ലാ ആവശ്യവും അംഗീകരിക്കാനാവുന്നതല്ലെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. സമരക്കാര്‍ ഉന്നയിച്ച ഏഴ് ഡിമാന്‍ഡുകളില്‍ അഞ്ചും സര്‍ക്കാര്‍ അംഗീകരിച്ചതാണ്. പല തവണയും വ്യത്യസ്ത ആവശ്യങ്ങളാണ് ഉന്നയിച്ചുകൊണ്ടിരിക്കുന്നതെന്നും മന്ത്രി കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.
ഭൂരിപക്ഷം ആവശ്യങ്ങളും അംഗീകരിക്കപ്പെട്ടാല്‍ സമരത്തില്‍ നിന്ന് പിന്നോട്ടുപോവുകയാണ് പതിവ്. ക്ഷമയുടെ നെല്ലിപ്പടി കാണുന്നവരെ സര്‍ക്കാര്‍ പോയിട്ടുണ്ട്. ക്രിമിനല്‍ സ്വഭാവത്തിലേക്ക് മാറിയാല്‍ സമരത്തിന്റെ രീതിയും മാറും. പൊലിസ് സ്റ്റേഷന് ആക്രമിക്കുക, പൊലിസിന് നേരെ കയ്യേറ്റം നടത്തുക, തങ്ങളുടെ അല്ലാത്ത മറ്റ് മതവിഭാഗങ്ങളെ ആക്രമിക്കുക എന്നതൊക്കെ കേരളം പോലെയൊരു സംസ്ഥാനത്ത് അംഗീകരിക്കാന്‍ കഴിയില്ല. മതസൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കാന്‍ സര്‍ക്കാര്‍ എന്ത് വിട്ടുവീഴ്ച്ച ചെയ്യാനും തയ്യാറാണ്. സ്ത്രീകളേയും കുട്ടികളേയും അടക്കം രംഗത്തിറക്കി നടത്തുന്ന സമരം അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിച്ചിട്ടില്ല. അവരല്ലാത്ത മറ്റ് മതവിഭാഗങ്ങളുടെ വീടുകളും സ്ഥാപനങ്ങളും അക്രമിക്കപ്പെടുന്ന വളരെ അപകടകരമായ സ്ഥിതി വിശേഷം ഇന്നലെയുണ്ടായി- മന്ത്രി പറഞ്ഞു.
കേരളത്തിന്റെ സമഗ്രവികസനത്തിന് ഏറെ പ്രയോജനകരമായൊരു ഇത്രയും നല്ലൊരു പദ്ധതി, കോടാനുകോടി രൂപ ചെലവഴിച്ച ശേഷം നിര്ത്തിവെക്കണമന്ന് ആര് പറഞ്ഞാലും അംഗീകരിക്കാനാവില്ലെന്നും ദേവര്‍കോവില്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം വിഴിഞ്ഞത്തുണ്ടായ സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന രൂപതയുടെ ആവശ്യത്തോടും മന്ത്രി പ്രതികരിച്ചു. ജുഡീഷ്യറിയില്‍ വിശ്വാസമുള്ളവരാണ് രൂപതയെങ്കില്‍ കോടതി പറഞ്ഞത് അംഗീകരിക്കണമായിരുന്നു.
ഹൈക്കോടതി ഇടപെടുകയും സമരത്തില്‍നിന്ന് മാറിനില്ക്കാന് ആവശ്യപ്പെടുകയും ചെയ്തു. പദ്ധതി പ്രദേശത്തേക്ക് പാറവണ്ടികള് വരുന്നത് തടയില്ലെന്ന് അവര്‍ കോടതിക്ക് ഉറപ്പുകൊടുക്കുകയും ചെയ്തു. ഇപ്പോള്‍ കോടതിയെ ലംഘിക്കുകയാണ് അവര്‍ ചെയ്തത്. ഒരു പ്രവര്‍ത്തനം നടക്കുമ്പോള്‍ അതിനു പ്രതിപ്രവര്‍ത്തനമുണ്ടാകും. അതാണിവിടെ സംഭവിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments are closed for this post.