
ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ അഴിമതിക്കേസില്‍ സി.ബി.ഐ കസ്റ്റഡിയിലുള്ള മുന്‍ വ്യോമസേന മേധാവി എസ്.പി ത്യാഗിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കേസില്‍ അറസ്റ്റിലായ ത്യാഗിയെ ഡിസംബര്‍ 14 വരെ സി.ബി.ഐ കസ്റ്റഡിയില്‍ കോടതി വിട്ടിരുന്നു. ഇതിന്‍പ്രകാരം കസ്റ്റഡി കാലാവധി അവസാനിക്കുന്നതിലാണ് ത്യാഗിയെ കോടതിയില്‍ ഹാജരാക്കുന്നത്. പാട്യാല കോടതിയിലാണ് ഇദ്ദേഹത്തെ ഹാജരാക്കുന്നത്.
വിവാദ ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട് ത്യാഗിയെയടക്കമുള്ളവരെ ഡിസംബര്‍ ഒമ്പതിനാണ് സി.ബി.ഐ അറസ്റ്റ് ചെയ്യുന്നത്. ത്യാഗിയെ കൂടാതെ
ത്യാഗിയുടെ ബന്ധു സഞ്ജീവ് ത്യാഗി, ഇവരുടെ അഭിഭാഷകന് ഗൗതം ഖേതാന്‍ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍.
ഇറ്റാലിയന്‍ കമ്പനിയായ അഗസ്റ്റവെസ്റ്റ്ലാന്ഡില് നിന്ന് 12 വി.വി.ഐ.പി ഹെലികോപ്റ്റര്‍ വാങ്ങാനുള്ള കരാറില്‍ ത്യാഗിയും മറ്റും ഇടനിലക്കാരില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്നാണ് കേസ്. ഇന്ത്യന്‍ സര്‍ക്കാരിന്റെ കരാര്‍ ലഭിക്കാന്‍ കോഴ നല്‍കിയെന്ന കാര്യം മറ്റൊരു കേസിന്റെ അന്വേഷണത്തിനിടെ ഇറ്റാലിയന്‍ അന്വേഷണ ഏജന്‍സി മുമ്പാകെ ഇടനിലക്കാര്‍ വെളിപ്പെടുത്തിയതോടെയാണ് വലിയ അഴിമതിക്കഥ പുറത്ത് വന്നത്. 3546 കോടി രൂപയുടെ കരാറിലാണ് അഴിമതി നടന്നിട്ടുള്ളത്. നാലു വര്‍ഷം നീണ്ടു നിന്ന അന്വേഷണത്തിനൊടുവിലാണ് ത്യാഗിയെയടക്കമുള്ളവരുടെ അറസ്റ്റ്.