പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി
പസ്മാന്ദ ചർച്ചക്കു പിന്നിലെ അജൻഡ
TAGS
ഡോ. മൊയ്തീൻകുട്ടി
പസ്മാന്ദ ക്രാന്തി അഭിയാനിന്റെ നേതാക്കൾ മോദി സ്തുതിയുടെ പാദയിലാണ്. പസ്മാന്ദ മുസ് ലിം മഹാസ് സ്ഥാപകൻ അലി അൻവറും മോദിയുടെ പ്രസ്താവന സ്വാഗതം ചെയ്തതോടെ കഥാ തന്തു എങ്ങോട്ടാണ് പുരോഗമിക്കുന്നതെന്ന് മനസിലാക്കാം.
ഏറെ പൊരുത്തപ്പെടാത്ത മറ്റൊരു വശം ഗോഹത്യയുടെ പേരിലും വർഗീയ കലാപങ്ങളിലും ഇരയാകുന്നതിൽ മഹാ ഭൂരിപക്ഷവും പിന്നോക്ക വിഭാഗങ്ങളാണെന്നതൊന്നും പസ്മാന്ദ നേതാക്കൾക്ക് വിഷയമാകുന്നില്ല എന്നതാണ്. നേതാക്കൾക്ക് മുസ്‌ലിംകൾക്കായി കേന്ദ്രം സംവരണം ചെയ്തിരിക്കുന്ന വഖ്ഫ്, ഹജ്ജ്, മദ് റസ ബോർഡുകളിൽ ചെയർമാൻ, മെംബർ സ്ഥാനങ്ങൾ ലഭിച്ചാൽ മതിയെന്ന നിരൂപണവും സജീവമാണ്. ഏറെ കാലം പരീക്ഷിച്ച് പരാജയമടഞ്ഞ മുസ്‌ലിം-ദലിത്-ഹിന്ദു കൂട്ടുകെട്ടിനു പകരം മത സ്വത്വം ഒഴിവാക്കി ദലിത്-പസ്മാന്ദ സഹകരണത്തിലൂടെ മറ്റൊരു പരീക്ഷണത്തിനു ബി.ജെ.പി വിത്തിടുകയാണോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു.
“ദലിത് വിഛാര ഏക് സമാൻ ഹിന്ദു ഹോ യാ മുസ്‌ലിം” ഹിന്ദുവായാലും മുസ്‌ലിമായാലും ദലിതരും പിന്നോക്കക്കാരും തുല്ല്യരാണെന്ന രാഷ്ടീയ സമവാക്യത്തിലൂടെ പ്രതിപക്ഷ വോട്ടിലെ വിള്ളൽ കൂടി ബി.ജെ.പി ലക്ഷ്യമിടുന്നുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. പസ്മാന്ദ ആക്റ്റിവിസ്റ്റുകളുടെ വാദമനുസരിച്ച് മുസ്ലിം ജനസംഖ്യയുടെ 85 ശതമാനം വരും പസ്മാന്ദ മുസ്ലിംകൾ. 25.2 ശതമാനമാണ് പട്ടികജാതി-പട്ടികവർഗ പ്രാതിനിധ്യം. അതിൽ 16.6 ശതമാനം വരുന്ന പട്ടികജാതി മാത്രമല്ല 8.6 ശതമാനത്തിലെ മഹാ ഭൂരിപക്ഷവും ഹിന്ദുക്കൾ തന്നെയാണ്. 39.4 ശതമാനം വരുന്ന പാർശ്വവൽക്കരിക്കപ്പെട്ട മുസ്‌ലിം ദലിത് പിന്നോക്ക വിഭാഗങ്ങളുടെ വികസനം രാജ്യത്തിന്റെ വികസനമായി കരുതി വികസന നയം രൂപീകരിക്കാൻ പ്രധാനമന്ത്രിയുടെ പ്രസ്താവന കാരണമാകുമെങ്കിൽ എത്ര നന്നായിരുന്നു !
2021ൽ ലഭ്യമായ സ്കൂൾ ഡേറ്റ അനുസരിച്ച് രാജ്യത്ത് 45 ശതമാനം ഒ.ബി.സികളും 19 ശതമാനം പട്ടിക ജാതിയും 11 ശതമാനം പട്ടിക വർഗവുമുണ്ട്. ഈ കണക്കുപ്രകാരം 75 ശതമാനം വരുന്ന ദലിത് പിന്നോക്ക വിഭാഗങ്ങളുടെ പുരോഗതിയില്ലാതെ ജി.ഡി.പിയും ആളോഹരി വരുമാനവും വർധിച്ചതു കൊണ്ടുമാത്രം എന്തുകാര്യം! സമീപ ഭാവിയിൽ സാക്ഷാൽകരിക്കേണ്ട മില്ലനിയം ഗോളിലേക്ക് ഓടിയടുക്കാൻ ഇനിയും മൈലുകൾ ബാക്കിയാണ്.പസ്മാന്ദ മുസ് ലിംകളെ കുറിച്ച് പ്രധാനമന്ത്രി വ്യാകുലപ്പെടുമ്പോൾ ചിലർക്കെങ്കിലും സംശയം തീരുകയില്ല. ബി.ജെ.പി മാറുകയാണോ അതോ പസ്മാന്ദ മുസ് ലിം വികസനം 2024ലെ തെരഞ്ഞെടുപ്പ് മുമ്പിൽ കണ്ടുള്ള മോദി-ഷാ ഷോയാണോ ?
അങ്ങിനെ ചിന്തിക്കുന്നവരെ കുറ്റം പറയാനാവില്ല. ബി.ജെ.പി എന്നും ഉയർത്തി കൊണ്ടുവന്നിരുന്ന നെഗറ്റീവ് പ്രചാരണങ്ങളിൽ ഒന്ന് മുസ്ലിം പ്രീണനമായിരുന്നു. മറ്റൊന്നു വോട്ട് ബാങ്ക് രാഷ്ട്രിയവും.
കോൺഗ്രസിനെയും ഇടതുപക്ഷത്തെയും അവർ പ്രതിക്കൂട്ടിൽ നിർത്തിയിരുന്നത് മുസ് ലിം പ്രീണനത്തിന്റെ മുഖ്യ വക്താക്കൾ എന്നു ആക്ഷേപിച്ചു കൊണ്ടാണ്. ബാബരി മസ്ജിദ്, പൗരത്വ പ്രശ്നം എന്നിവയിൽ മുസ് ലിംകളെ എരിപിരി കൂട്ടുന്നത് കോൺഗ്രസും സി.പി.എം ആണത്രെ! രാജ്യത്തുടനീളം വിവിധ രൂപത്തിൽ സംഘ് ശക്തികൾ മുസ് ലിം വിരുദ്ധത പ്രകടിപ്പിക്കുമ്പോൾ അവക്കെതിരേ ഫലപ്രദമായി നടപടിയെടുക്കാത്തവർ പസ്മാന്ദ മുസ്ലിം പ്രശ്നം രചനാത്മകമായി കൈകാര്യം ചെയ്യുമോയെന്ന സംശയമാണ് രാഷ്ട്രീയ നിരീക്ഷകർക്കുള്ളത്. പ്രാന്തവൽക്കരിക്കപ്പെട്ട പിന്നോക്കകാരുടെ സ്ഥിതി ദയനീയമാണ്. മുസ് ലിം പസ്മാന്ദകളിൽ ഭൂരിപക്ഷവും അരികുവൽകരിക്കപ്പെട്ടവരോ, തിരസ്കൃതരോ ആണ്. നിലനിൽക്കുന്ന ഭരണകൂട നിലപാടുകൾ അനുസരിച്ച് അവരുടെ പൗരത്വം പോലും ചോദ്യ ചിഹ്നമാണ്.
പസ്മാന്ദ എന്ന വാക്ക് സുപരിചിതമല്ലെങ്കിലും പിന്നോക്ക മുസ്‌ലിം വ്യവഹാരം കേരളത്തിൽ ഒട്ടും പുതിയതല്ല. മതനിരപേക്ഷ മതസൗഹാർദ്ധമണ്ണിൽ, നവോത്ഥാന മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്ന കേരള സാമൂഹിക പരിസരത്ത്, ഭൂപരിഷ്കരണ നിയമം വിപുലമായ തോതിൽ നടപ്പാക്കപ്പെട്ട മലയാള ഭൂമികയിൽ, മുസ് ലിംകൾ അടക്കമുള്ള മുഴുവൻ പിന്നോക്ക വിഭാഗങ്ങൾക്കും വിദ്യാഭ്യാസത്തിലും തൊഴിലിലും സംവരണം പതിറ്റാണ്ടുകളായി നിലനിൽക്കുന്ന കേരളത്തിൽ പസ്മാന്ദ മുസ് ലിം ശാക്തീകരണം വേവുന്ന പരിപ്പാണെന്നു തോന്നുന്നില്ല. എന്നിരുന്നാലും കേരളത്തിലെ ബി.ജെ.പിക്ക് പേരിനെങ്കിലും പിന്നോക്ക മുസ് ലിം ശാക്തീകരണ പരിപാടികളിൽ പങ്കെടുക്കേണ്ടിവരും.
കേരളത്തിലെ മുസ്ലിം ബാർബർമാരെയും മത്സ്യത്തൊഴിലാളികളെയെങ്കിലും പിന്നോക്കക്കാരായി സംഘ്പരിവാരം അംഗീകരിച്ചിട്ടുണ്ട്. സംസ്ഥാന ബി.ജെ.പി പസ്മാന്ദ അഥവാ സംസ്ഥാനത്തെ പിന്നോക്ക മുസ് ലിം വിഷയത്തിൽ എന്തുനിലപാട് എടുക്കുമെന്ന് കണ്ടറിയാം.
കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.